ADVERTISEMENT

വേനൽക്കാലത്ത് എന്തൊക്കെ രോഗങ്ങളാകും ചർമത്തെ കീഴടക്കാനായി കാത്തിരിക്കുന്നതെന്ന് പറയുകയാണ് സ്കിൻ സ്പെഷലിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. സൂര്യരശ്മികളുമായി ചർമത്തിന് നേരിട്ടു സമ്പർക്കം വരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുന്നതിലൂടെ ഇത്തരം ചർമ പ്രശ്നങ്ങളെ അകറ്റിനിർത്താമെന്ന് ഓർമിപ്പിച്ചുകൊണ്ട് ഡോക്ടർ പറയുന്നതിങ്ങനെ :- 

 

dr-arpana
ഡോ. അർപ്പണ ബി. സുരേഷ്

ഫോട്ടോഡെർമറ്റൈറ്റിസ്, പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ  തുടങ്ങിയ ചർമപ്രശ്നങ്ങളാണ് വേനൽക്കാലത്ത് ചർമത്തെ കാത്തിരിക്കുന്നത്. ഇതിനെ സൺ അലർജി എന്നാണ് സാധാരണയായി പറയുന്നത്. സൂര്യരശ്മികളിൽനിന്ന് ചർമത്തിനുണ്ടാകുന്ന അലർജികളെ പൊതുവേ ഈ ഗണത്തിൽപ്പെടുത്താം. ഇതു കൂടുതലായും കാണുന്നത് കൈയുടെ പുറം ഭാഗം, ചെവി, മുതുക് (പുറംഭാഗം) എന്നിവിടങ്ങളിലാണ്. 

 

സൂര്യരശ്മികളുമായി ഏറ്റവുമധികം നേരിട്ട് സമ്പർക്കം വരുന്ന ശരീരഭാഗങ്ങളിലാണ് ഈ അലർജി കൂടുതലായും കാണുന്നത്. ചെറിയ കുരുക്കൾ, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകളായിരിക്കും ഉണ്ടാവുക. ഇതുകൂടാതെ മിലേരിയ റൂബ്ര (Miliaria rubra) അഥവാ ചൂടുകുരു എന്ന അവസ്ഥയും വേനൽക്കാലത്ത് സാധാരണമാണ്. ഇടുക്കുകൾ, പുറം, നെഞ്ച് മുതലായ ഭാഗങ്ങളിലാണ് ചൂടുകുരു കൂടുതലായി വരുന്നത്.

 

വിയർപ്പിന്റെ ആധിക്യംകൊണ്ടുണ്ടാകുന്ന ഫംഗൽ ഇൻഫെക്‌ഷൻസും ചൂടുകാലത്ത് അധികരിക്കാറുണ്ട്. വിയർപ്പിൽ നനഞ്ഞ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കുന്നതുകൊണ്ടും ചൂടുകൂടുതലുള്ള കാലാവസ്ഥയിൽ ഏറെ നേരം ജോലിചെയ്യുന്നതു മൂലവുമാണ് ഇതുണ്ടാകുന്നത്. മാറിടത്തിനടിയിൽ, കക്ഷത്തിൽ, ഇടുക്കുകളിലൊക്കെയാണ് ഫംഗൽ ഇൻഫെക്‌ഷൻ സാധാരണയായി കാണുന്നത്. തടിച്ചു ചുവന്ന് വട്ടത്തിൽ ചൊറിച്ചിലോടുകൂടിയ പാടുകളായി ഇത് കാണാം. 

 

സ്ഥിരമായി മുഖക്കുരു വരുന്നവർക്ക് വേനൽക്കാലത്ത് മുഖക്കുരു കൂടുതലായി വരാനുള്ള സാധ്യതയുണ്ട്. ചർമം നന്നായി വിയർക്കുമ്പോൾ വിയർപ്പ് ചർമത്തിലെ സുഷിരത്തിലിരുന്ന് അടയുന്നതുമൂലമാണ് ഈ സമയത്ത് മുഖക്കുരു കൂടുതലായി വരുന്നത്. വേനൽക്കാലത്ത് കൂടുതലായി കാണുന്ന മറ്റൊരു ചർമ പ്രശ്നമാണ് ടാനിങ്. നേരിട്ട് സൂര്യപ്രകാശം പതിക്കുമ്പോൾ ചർമത്തിനുണ്ടാകുന്ന നിറവ്യത്യാസത്തെയാണ് ടാനിങ് എന്നു പറയുന്നത്. അതൊരു രോഗമല്ല. ചർമത്തിന് താൽക്കാലികമായുണ്ടാകുന്ന നിറവ്യത്യാസം മാത്രമാണ്. 

Content Summary: Summaer related skin diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com