ADVERTISEMENT

പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നതൊക്കെ ശരി തന്നെ. പ്രായത്തെ വെല്ലുന്ന തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പലരും ഇത് വീണ്ടും വീണ്ടും തെളിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രായത്തിനനുസരിച്ച് ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. നാല്‍പത് വയസ്സ് കഴിയുമ്പോൾ ശരീരം പല വിധ നിര്‍ണായക മാറ്റങ്ങള്‍ക്കും വിധേയമാകും; പ്രത്യേകിച്ച് സ്ത്രീകളില്‍. 

 

നാല്‍പത് കഴിയുന്നതോടെ പല സ്ത്രീകളുടെയും ഭാരം വര്‍ധിക്കാന്‍ കാരണം ചയാപചയ സംവിധാനത്തിലുണ്ടാകുന്ന മാറ്റമാണെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നു. ചയാപചയ സംവിധാനത്തിന് ഈ ഘട്ടത്തില്‍ വേഗം കുറയുമെന്നും മുന്‍പ് കത്തിച്ചു കളഞ്ഞ അത്രയും ഫലപ്രദമായി ശരീരത്തിന് കാലറി ദഹിപ്പിക്കാന്‍ കഴിയാതെ വരുമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ അഞ്ജലി ചൂണ്ടിക്കാട്ടി. " ഓരോ ദശാബ്ദത്തിലും ബേസല്‍ മെറ്റബോളിക് നിരക്ക് ആറ് ശതമാനം വച്ച് കുറയുമെന്നാണ് കണക്ക്. വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ പോലും നാല്‍പതിന് ശേഷം വയറിന്‍റെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞെന്നു വരാം", അഞ്ജലി കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളില്‍ ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. ഈ ഹൈപോതൈറോയ്ഡിസവും ഭാരം വര്‍ധിപ്പിക്കാമെന്ന് അഞ്ജലി പറഞ്ഞു. 

 

പരിഹാര മാര്‍ഗങ്ങള്‍ ഇവ

ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്തും ആരോഗ്യസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിച്ചും കരുത്ത് വര്‍ധിപ്പിക്കാനും അനാവശ്യ ഭാരം കുറയ്ക്കാനും ഫ്ളെക്സിബിലിറ്റിയും ബാലന്‍സും വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് അഞ്ജലി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിര്‍ദ്ദേശിച്ചു. 40ന് ശേഷവും കൂടുതല്‍ ചെറുപ്പം തോന്നാന്‍ ഇത് സഹായിക്കും. നാല്‍പതിന് ശേഷമുള്ള സ്ത്രീകള്‍ ആരോഗ്യകരമായ ജീവിതശൈലിക്കായി പിന്തുടരേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. ആല്‍മണ്ട്, വാള്‍നട്ട്, മത്തങ്ങ കുരു, സൂര്യകാന്തി വിത്ത് എന്നിങ്ങനെയുള്ള നട്സും വിത്തുകളും സ്നാക്സായി ഉപയോഗിക്കുക

 

2. പ്രോട്ടീന്‍ ആഹാരത്തിന്‍റെ തോത് വര്‍ധിപ്പിക്കാം

 

3. കൂടുതല്‍ ചിട്ടയായ വ്യായാമം

 

4. ദിവസം ഒന്നോ രണ്ടോ തവണ ചിയ വിത്തുകള്‍, ഇസബ്ഗോള്‍ എന്നിവയുടെ രൂപത്തില്‍ കൂടുതല്‍ ഫൈബര്‍ ഭക്ഷണം കഴിക്കുക

 

5. ശരീരത്തില്‍ എന്ത് പോഷണമാണ് കുറവെന്ന് പരിശോധനകളിലൂടെ കണ്ടെത്തി അവ കഴിക്കുക

 

6. പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ  കഴിവതും ധാന്യങ്ങള്‍ ഒഴിവാക്കുക

 

7. വീട്ടിലെ ഭക്ഷണത്തില്‍ ഹോള്‍ ഗ്രെയ്നുകള്‍, ഹോള്‍ ദാല്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക

 

8. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങുക

 

9. എന്ത് ഭക്ഷണം, എത്ര അളവില്‍ കഴിക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക

Content Summary: Weight gain after 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com