ADVERTISEMENT

പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല ഹൃദ്രോഗം. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഈ രോഗം നമ്മുടെ ശരീരത്തില്‍ രൂപം കൊള്ളുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ പുറമേക്ക് പ്രകടമായി തുടങ്ങുമ്പോഴേക്കും ആരോഗ്യ സംവിധാനത്തെ ഇത് ഏതാണ്ട് കീഴടക്കി കഴിഞ്ഞിട്ടുണ്ടാകും. ഇതിനാല്‍ കൂടിയാണ് ഹൃദ്രോഗത്തെ നിശ്ശബ്ദ കൊലയാളി എന്നെല്ലാം വിളിക്കുന്നത്. 

 

എന്നാല്‍ ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണമായ ഉയര്‍ന്ന കൊളസ്ട്രോളിനെ സംബന്ധിച്ച ചില സൂചനകള്‍ ശരീരം ചര്‍മത്തിലൂടെ നല്‍കാറുണ്ട്. തൊലിപ്പുറത്ത് വരുന്ന എന്തെങ്കിലും രോഗമെന്ന് കരുതി ഇവയെ പലരും അവഗണിക്കാറാണ് പതിവ്. അത്തരത്തിലുള്ള ചില ലക്ഷണങ്ങളെ പരിചയപ്പെടാം

 

1. തൊലിയില്‍ വല പോലുള്ള പാറ്റേണ്‍

നീലയോ പര്‍പ്പിള്‍ നിറത്തിലോ വല പോലത്തെ ഒരു പാറ്റേണ്‍ തൊലിയില്‍ ദൃശ്യമായാല്‍ ശ്രദ്ധിക്കുക. ഇത് തൊലിയില്‍ വരുന്ന എന്തെങ്കിലും അണുബാധയോ തടിപ്പോ ആണെന്ന് കരുതരുത്. കൊളസ്ട്രോള്‍ അടിഞ്ഞ് രക്തധമനികള്‍ തടസ്സപ്പെടുന്ന കൊളസ്ട്രോള്‍ എംബോളൈസേഷന്‍ സിന്‍ഡ്രോമിന്‍റെ ഭാഗമാകാം ചര്‍മത്തിലെ ഈ മാറ്റം. 

 

2. ചര്‍മത്തിനടിയില്‍ കൊഴുപ്പ് കെട്ടിക്കിടക്കല്‍

മഞ്ഞയോ ഓറഞ്ചോ നിറത്തില്‍ ചിലരുടെ തൊലിക്ക് തൊട്ട് താഴെ കൊഴുപ്പ് കെട്ടിക്കിടക്കുന്നതായി ചിലപ്പോള്‍ കാണാം. കണ്ണിന്‍റെ കോണുകളിലും കാലുകള്‍ക്ക് പിന്നിലുമൊക്കെയാണ് സാധാരണ ഗതിയില്‍ ഇവ കാണപ്പെടുക. വേദനയൊന്നും തോന്നാത്തതിനാല്‍ ഈ കൊഴുപ്പിന്‍റെ നിക്ഷേപം പെട്ടെന്ന് കണ്ടെത്തിയെന്ന് വരില്ല. എന്നാല്‍ അടിയന്തരമായി കൊളസ്ട്രോള്‍ പരിശോധിക്കണമെന്നുള്ളതിന്‍റെ സൂചനയാണ് ഇത്. 

 

3. മെഴുക് പോലുള്ള തടിപ്പ്

പുറമേ നിന്ന് നോക്കിയാല്‍ മെഴുക് പോലെ തോന്നുന്ന കൊഴുപ്പിന്‍റെ നിക്ഷേപം ചര്‍മത്തില്‍ ചിലയിടങ്ങളിലായി ഹൃദ്രോഗികളില്‍ പ്രത്യക്ഷപ്പെടാം. ആദ്യമൊക്കെ ഇതൊരു തിണര്‍പ്പ് ആണെന്ന് തോന്നാം. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള ട്രൈഗ്ലിസറൈഡ്സ് രക്തത്തില്‍ ഉണ്ടാകുന്നതിന്‍റെ സൂചനയാണ് ഇത്. 

 

4. വട്ടത്തിലാകുന്ന നഖം

വിരലിലെ നഖങ്ങളുടെ രൂപത്തിലും ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് മാറ്റം വരുത്താം. വിരലിന്‍റെ അറ്റം വീര്‍ത്ത് നഖങ്ങള്‍ വട്ടത്തില്‍ കാണപ്പെടാം. ഹൃദ്രോഗത്തിന് പുറമേ ശ്വാസകോശ രോഗങ്ങളുടെയും ലക്ഷണമാണ് ഇത്. 

 

5. നഖത്തില്‍ ചുവപ്പ് വരകള്‍

ചുവപ്പ്, പര്‍പ്പിള്‍ നിറത്തില്‍ നഖത്തില്‍ പ്രത്യക്ഷമാകുന്ന വരകളും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന നല്‍കുന്നു. ഹൃദ്രോഗം ഉള്‍പ്പെടെ ശരീരത്തിന്‍റെ പല വ്യാധികളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാന്‍ നഖങ്ങളിലെ ചില വ്യത്യാസങ്ങള്‍ക്ക് സാധിക്കും. 

 

6. വേദനയുളവാക്കുന്ന തടിപ്പുകൾ 

കൈ, കാല്‍ വിരലുകളില്‍ വേദനയുണ്ടാക്കി കൊണ്ട് പ്രത്യക്ഷമാകുകയും കുറച്ച് നാള്‍ നീണ്ട് നില്‍ക്കുകയും ചെയ്യുന്ന ചെറിയ മുഴകളും തടിപ്പും കൊളസ്ട്രോള്‍ നിയന്ത്രണം വിടുന്നതിന്‍റെ സൂചനയാകാം. ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. 

Content Summary: Heart Disease: signs on skin that call for immediate attention 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com