ADVERTISEMENT

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാകാത്തതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. എന്നാല്‍ ജോലിക്കും മറ്റുമായി തിരക്ക് പിടിച്ചോടുമ്പോൾ  പലരും വേണ്ടെന്ന് വയ്ക്കുന്ന ഒന്നും ഇതുതന്നെ. ചിലരാകട്ടെ അനാരോഗ്യകരമായ സ്നാക്കുകള്‍ പ്രഭാതഭക്ഷണമായി കൊണ്ട് നടന്ന് കഴിക്കുകയും ചെയ്യുന്നു. 

 

സന്തുലിതവും പോഷകസമ്പുഷ്ടവുമായ പ്രഭാതഭക്ഷണം ആ ദിവസം നല്ല രീതിയില്‍ ആരംഭിക്കാന്‍ സഹായിക്കുന്നു. ഇന്‍സുലിന്‍ സ്ഥിരതയും ഹോര്‍മോണല്‍ സന്തുലനവും സ്ഥിരമായ ഊര്‍ജ്ജ തോതും മികച്ച മൂഡും ലഭിക്കാനും  പ്രഭാതഭക്ഷണം വഴിയൊരുക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണം തയാറാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ

 

1. മുന്‍കൂട്ടി ആസൂത്രണം ചെയ്യുക

ഒരാഴ്ചത്തേക്ക് എന്തൊക്കെ പ്രഭാതഭക്ഷണം ഉണ്ടാക്കാമെന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. ആ ആഴ്ചയിലെ പല ദിവസങ്ങളിലെയും പ്രഭാതഭക്ഷണത്തിന്‍റെ ചേരുവകള്‍ ഏതാണ്ട് സമാനമായിരിക്കാനും ശ്രദ്ധിക്കണം. ഇത്തരം ചേരുവകള്‍ ഒരാഴ്ചയ്ത്തേക്കുള്ളത് ഒരുമിച്ച് തയാറാക്കാനോ, പച്ചക്കറിയും മറ്റുമാണെങ്കില്‍ അരിഞ്ഞു വയ്ക്കാനോ സഹായിക്കും. 

 

2. ഫ്രീസര്‍ ഉപയോഗിക്കാന്‍ മടിക്കണ്ട

പ്രഭാതഭക്ഷണത്തിന്‍റെ ചേരുവകള്‍ തയാറാക്കി ഫ്രീസറില്‍ സൂക്ഷിക്കാന്‍ മടി കാണിക്കേണ്ടതില്ല. ചെയ്തു തുടങ്ങി കഴിയുമ്പോൾ  ഫ്രീസറില്‍ അനായാസം സൂക്ഷിക്കാന്‍ കഴിയുന്ന പല പ്രധാന ചേരുവകളും കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. 

 

3. ആരോഗ്യകരമായ സ്നാക്കുകള്‍ 

ഗ്രനോള ബാര്‍, നട്സ്, വിത്തുകള്‍, കടല വറുത്തത്, നട് ബട്ടര്‍, കാരറ്റ്, വെള്ളരി എന്നിങ്ങനെ ആരോഗ്യകരമായ സ്നാക്കുകള്‍ വിശപ്പ് തോന്നിയാല്‍ ഇടയ്ക്ക് കഴിക്കാന്‍ കരുതി വയ്ക്കണം. പുറത്ത് നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാനുള്ള ത്വരയെ അടക്കാന്‍ ഇവ സഹായിക്കും. 

 

എളുപ്പത്തില്‍ തയാറാക്കാവുന്ന ചില പ്രഭാതഭക്ഷണങ്ങള്‍

 

രാത്രിയില്‍ കുതിര്‍ത്ത് വയ്ക്കുന്ന ഓട്സ്

സോയ് മില്‍ക്ക് പോലുള്ള സസ്യാധിഷ്ഠിത  പാലില്‍ ഓട്സ് രാത്രിയില്‍ കുതിര്‍ക്കാനിടുക. രാവിലെ ഇതിലേക്ക് വാനില, നട് ബട്ടര്‍, മേപ്പിള്‍ സിറപ്പ് പോലുള്ള ഏതെങ്കിലും സീസണിങ് ചേര്‍ക്കാം. ഇതിനൊപ്പം ഏതെങ്കിലും പഴങ്ങളും കൂടി ചേര്‍ത്താന്‍ ഉത്തമമായ പ്രഭാതഭക്ഷണം തയാർ. 

 

മുട്ട മഫിന്‍സ്

ഏതാനും മുട്ടയ്ക്കൊപ്പം മൊരിച്ചെടുത്ത പച്ചക്കറികളും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക. ഇതിലേക്ക് പച്ചിലകളും സീസണിങ്ങുമെല്ലാം ചേര്‍ക്കാം. ഇവ ഒരു മഫിന്‍ ട്രേയിലേക്ക് പകര്‍ത്തി വച്ച് 180 ഡിഗ്രിയില്‍ 20 മിനിട്ട് നേരത്തേക്ക് ബേക്ക് ചെയ്യുക. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയ ഈ മുട്ട മഫിനുകള്‍ രണ്ട് മാസം വരെ ഫ്രീസറില്‍ കേട് കൂടാതെ ഇരിക്കുന്നതാണ്. 

 

മസാല ഓട്സ്

ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച ശേഷം ജീരകം, ഉള്ളി, തക്കാളി, കറിവേപ്പില എന്നിവയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി, മല്ലിപൊടി, ഉപ്പ്, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഓട്സും ഇതിന്‍റെ ഇരട്ടി അളവ് വെള്ളവും ഒഴിച്ച് പാകം ചെയ്യുക. ഈ വെള്ളം പകുതിയായി ഓട്സ് വേകുന്നത് വരെ പാകം ചെയ്യുക. നെയ്യ് ഉപയോഗിച്ച് ഇത് ഗാര്‍നിഷ് ചെയ്യാം. പനീറിനൊപ്പം ഈ മസാല ഓട്സ് കഴിച്ചാല്‍ പോഷകാംശം കൂടും. 

 

പ്രോട്ടീന്‍ & ഓട്സ് ഷേക്ക്

രാത്രിയില്‍ ഓട്സ് ഒരു സ്കൂപ്പ് പ്രോട്ടീന്‍ പൗഡറും ചേര്‍ത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം കാലത്ത് അരച്ചെടുത്താല്‍ പോഷകസമൃദ്ധമായ പ്രോട്ടീന്‍ & ഓട്സ് ഷേക്ക് റെഡി.

Content Summary: Healthy and quick breakfast tips

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com