ചര്‍മത്തിലെ അര്‍ബുദം: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

skin cancer
Photo credit: goodluz/ Shutterstock.com
SHARE

ലോകത്ത് പ്രതിവര്‍ഷം 12 ലക്ഷത്തോളം പേര്‍ ചര്‍മവുമായി ബന്ധപ്പെട്ട അര്‍ബുദം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ചര്‍മകോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഈ അവസ്ഥ പലപ്പോഴും അമിതമായ സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ചര്‍മത്തില്‍ ഏൽക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്ന് മയോ ക്ലിനിക്ക് പറയുന്നു. എന്നാല്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗത്തും ചിലപ്പോഴൊക്കെ ചര്‍മാര്‍ബുദം വരാറുണ്ട്. 

പ്രധാനമായും മൂന്ന് തരത്തിലുള്ള ചര്‍മ അര്‍ബുദങ്ങളാണ് ഉള്ളത്. ആദ്യത്തെ തരം അര്‍ബുദമായ ബേസല്‍ സെല്‍ കാര്‍സിനോമ  നല്ല വെളുത്ത ചര്‍മമുള്ളവരെയാണ് സാധാരണ ബാധിക്കുന്നത്. ചര്‍മത്തില്‍ സുതാര്യമായ ഒരു മുഴയായിട്ടാണ് ഇത് പലപ്പോഴും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ വെയില്‍ നേരിട്ട് അടിക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗത്താണ് ബേസല്‍ സെല്‍ കാര്‍സിനോമ വരാറുള്ളത്. ചര്‍മത്തിന്‍റെ മധ്യഭാഗത്തെയും പുറം ഭാഗത്തെയും പാളികളിലുള്ള സ്ക്വാമസ് കോശങ്ങളില്‍ വരുന്ന അര്‍ബുദമാണ് സ്ക്വാമസ് സെല്‍ കാര്‍സിനോമ. ചുവന്ന നിറത്തിലുള്ള മുഴ, ചര്‍മത്തില്‍ ചെതുമ്പലുകള്‍, ഇടയ്ക്ക് ഉണങ്ങുകയും വീണ്ടും തുറക്കുകയും ചെയ്യുന്ന വൃണങ്ങള്‍ എന്നിവ സ്ക്വാമസ് സെല്‍ കാര്‍സിനോമയുടെ ലക്ഷണങ്ങളാണ്. 

കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായ തരം ചര്‍മാര്‍ബുദമാണ് മെലനോസൈറ്റുകളെ ബാധിക്കുന്ന മെലനോമ. മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ് മെലനോസൈറ്റുകള്‍. മറുകിനുള്ളിലും ചര്‍മത്തില്‍ പെട്ടെന്ന് ഒരു ഇരുണ്ട പുള്ളിയായുമെല്ലാം ഈ അര്‍ബുദം വരാം. ക്യൂട്ടേനിയസ് ടി-സെല്‍ ലിംഫോമ, ഡെര്‍മറ്റോഫൈബ്രോസാര്‍കോമ പ്രോട്ടുബെറന്‍സ്, മെര്‍ക്കല്‍ സെല്‍ കാര്‍സിനോമ, സെബേഷ്യസ് കാര്‍സിനോമ എന്നിങ്ങനെ പല തരം അര്‍ബുദങ്ങളും ചര്‍മവുമായി ബന്ധപ്പെട്ട് വരാറുണ്ട്. 

മുഖം, പ്രത്യേകിച്ച് മൂക്ക്, കവിള്‍ എന്നിവിടങ്ങളിലും  ചെവി, ശിരോചര്‍മം, തോളുകള്‍, കൈകള്‍ എന്നിവിടങ്ങളിലുമാണ്  സാധാരണ ഗതിയില്‍ ചര്‍മാര്‍ബുദം കാണപ്പെടുന്നത്. ചൂടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഉടലിലും പിന്‍ ഭാഗത്തെ ചര്‍മ കോശങ്ങളിലും കാലുകളിലും അര്‍ബുദം വരാം. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി അസോസിയേഷന്‍റെ അഭിപ്രായത്തില്‍ ഇനി പറയുന്നവയാണ് ചര്‍മാര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍

1. മറുകില്‍ വരുന്ന മാറ്റങ്ങളും മറ്റ് മറുകുകളില്‍ നിന്ന് വ്യത്യസ്തമായ മറുകുകളും 

2. ചര്‍മത്തില്‍ ഡോം ആകൃതിയിലുള്ള വളര്‍ച്ച

3. ചര്‍മത്തില്‍ ചെതുമ്പലുകള്‍ പ്രത്യക്ഷമാകുന്നത്.

4. മുറിവുകള്‍ ഉണങ്ങാത്ത അവസ്ഥയും ഉണങ്ങിയ മുറിവുകള്‍ വീണ്ടും വരുന്നതും

5. നഖത്തിന് കീഴില്‍ തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള വരകള്‍

ചില മുന്‍കരുതലുകള്‍ എടുത്ത് കഴിഞ്ഞാല്‍ ചര്‍മാര്‍ബുദം തടയാന്‍ സാധിക്കുമെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാട്ടുന്നു. ഉച്ച സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൈ നീളത്തിലുള്ള ഉടുപ്പുകള്‍ അണിഞ്ഞും സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടിയുമെല്ലാം നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാം. ചര്‍മത്തിന്‍റെ ആരോഗ്യം ഇടയ്ക്ക് വിലയിരുത്തുകയും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതുമാണ്. ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഹാനീകരമായ ചില മരുന്നുകളും ഒഴിവാക്കേണ്ടതാണ്.

Content Sumary: Skin Cancer: Warning signs

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS