ADVERTISEMENT

കേസുകളുടെ എണ്ണം കൂട്ടിയും കുറച്ചും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ചും ഇടയ്ക്കിടെ വന്ന് ഭയപ്പെടുത്തുന്ന കോവിഡ് 19.  ഇതും പോരാഞ്ഞിട്ട് മങ്കി പോക്സ്, ഡെങ്കി പനി, സിക്ക വൈറസ്, ചിക്കുന്‍ ഗുനിയ എന്നിങ്ങനെ ഡസന്‍ കണക്കിന് വ്യാധികള്‍ വേറെ. ഇതിനെല്ലാം ഇടയില്‍ ഏത് അസുഖം എപ്പോഴാണ് വരുന്നതെന്ന് അറിയാതെ പേടിച്ചിരിക്കുന്ന മനുഷ്യന്മാരും. ഇതാണ് പൊതുവേ ഇപ്പോഴത്തെ ഒരു അവസ്ഥ. തനിക്ക് രോഗം വരുമോ എന്ന ഭീതിയില്‍ ഓരോ മനുഷ്യനും ജീവിക്കുന്ന ഇക്കാലത്ത് ഒരാളുടെ പ്രതിരോധ ശേഷിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പ്രതിരോധ ശേഷിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ചില രോഗങ്ങളെ ഭയപ്പെടാതെ നമുക്ക് ജീവിക്കാം. മറ്റ് ചില രോഗങ്ങള്‍ പിടിപെടാതെ കരുതലോടെ ഇരിക്കാം. 

 

ഒരാളുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാണെങ്കില്‍ ശരീരം ഇതിനെ സംബന്ധിച്ച ചില സൂചനകള്‍ നമുക്ക് നല്‍കി കൊണ്ടേയിരിക്കാം. ഈ ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും രോഗം വരാതിരിക്കാനും സഹായിക്കും. ദുര്‍ബലമായ പ്രതിരോധ ശക്തിയുടെ പ്രത്യക്ഷമായ ചില ലക്ഷണങ്ങള്‍ ഇനി പറയുന്നതാണ്. 

 

1. സമ്മര്‍ദം താങ്ങാനുള്ള ശേഷിക്കുറവ് 

പ്രധാനപ്പെട്ട ഒരു പ്രോജക്ട് തീര്‍ത്ത ശേഷമോ ബുദ്ധിമുട്ടേറിയ ഒരു പരീക്ഷ എഴുതിയ ശേഷമോ രോഗകിടക്കയിലാകുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കണം. ഉയര്‍ന്ന സമ്മര്‍ദം താങ്ങാനുള്ള ശരീരത്തിന്‍റെ ശേഷിക്കുറവിനെ  ഇത് സൂചിപ്പിക്കുന്നു. ശരീരത്തിലെ ശ്വേതരക്താണുക്കള്‍ സമ്മര്‍ദത്തോടുള്ള പ്രതികരണമെന്ന നിലയില്‍ കുറയുന്നതാണ് അസുഖങ്ങളിലേക്ക് നയിക്കുന്നത്. 

 

2. ഇടയ്ക്കിടെയുള്ള ജലദോഷം

ഏത് സമയവും ഒരാള്‍ക്ക് വരാവുന്ന രോഗമാണ് ജലദോഷവും പനിയും. പ്രതിരോധ സംവിധാനം ശക്തമാണെങ്കില്‍ ഇത്തരം വൈറല്‍ അണുബാധകള്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. എന്നാല്‍ പ്രതിരോധശേഷി ദുര്‍ബലമാണെങ്കില്‍ ഇടയ്ക്കിടെയുള്ള ജലദോഷം തുടര്‍ക്കഥയാകുകയും ഇവ നീണ്ട് നില്‍ക്കുകയും ചെയ്യും. 

 

3.  വയറിന് നിരന്തരം പ്രശ്നം

ശരീരത്തിന്‍റെ പ്രതിരോധ ശേഷിയുടെ 70 ശതമാനവും തീരുമാനിക്കപ്പെടുന്നത് ദഹനനാളിയിലാണ്. വയര്‍ ഉള്‍പ്പെടെയുള്ള ദഹനസംവിധാനത്തിലുള്ള ചില ബാക്ടീരിയകളും സൂക്ഷ്മ ജീവികളും പലതരം അണുബാധകളില്‍ നിന്ന് നമ്മെ രക്ഷിക്കാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന അതിസാരം, ഗ്യാസ്, മലബന്ധം എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തിന്‍റെ ശേഷി കുറയ്ക്കും. ഇത്തരം പ്രശ്നങ്ങള്‍ വയറിലെ ഗുണകരമായ ബാക്ടീരിയയുടെ തോത് കുറച്ച് നിരന്തരമായ അണുബാധയും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും ഉണ്ടാക്കുന്നതാണ്. 

 

4. മുറിവുണങ്ങാന്‍ താമസം

ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവരില്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം നേരിടും. പുതിയ ചര്‍മം വളര്‍ന്ന് വന്ന് മുറിവുകള്‍ മൂടാന്‍ സഹായിക്കുന്നത് പ്രതിരോധ കോശങ്ങളാണ്. പ്രതിരോധ കോശങ്ങള്‍ കുറവുള്ളവരില്‍ ഇത് കാര്യക്ഷമമായി നടക്കില്ല.

 

5. അണുബാധകള്‍ എളുപ്പം പിടികൂടും

ക്രോണിക് സൈനസറ്റിസ്, ന്യുമോണിയ, ബാക്ടീരിയല്‍ സൈനസൈറ്റിസ് പോലുള്ള രോഗങ്ങള്‍ ഇടയ്ക്കിടെ വരുന്നതും നല്ല പ്രതിരോധശേഷിയുടെ ലക്ഷണമല്ല. വൈറല്‍ അണുബാധകളും വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ഉണ്ടാകുന്നത് പ്രതിരോധശേഷിയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 

 

6. വിട്ടു മാറാത്ത ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്നതും ഉറക്കം വരുന്നതും ദുര്‍ബല പ്രതിരോധ ശേഷിയുടെ സൂചനയാണ്. ആവശ്യത്തിന് ഉറങ്ങിയ ശേഷവും ക്ഷീണം മാറാതിരിക്കുന്നെങ്കില്‍ പ്രതിരോധ സംവിധാനത്തിന് എന്തോ തകരാറുണ്ടെന്ന് മനസ്സിലാക്കാം. ഇത്തരക്കാര്‍ക്ക് ചെറിയ ജോലികള്‍ ചെയ്യുന്നതുതന്നെ വലിയ സമ്മര്‍ദമുണ്ടാക്കും.

Content Summary: Symptoms That Show That Your Immune System Is Weak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com