ADVERTISEMENT

ലോകത്ത് രോഗങ്ങളെ തുടർന്നുള്ള മരണത്തില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു മറവിരോഗം അഥവാ ഡിമന്‍ഷ്യ മൂലമുള്ള മരണങ്ങള്‍. പ്രായമായവരില്‍ നീണ്ടു നില്‍ക്കുന്ന വൈകല്യത്തിനും ആശ്രിതത്വത്തിനും മറവിരോഗം കാരണമാകുന്നു. ഓരോ രാജ്യത്തും പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഡിമന്‍ഷ്യ രോഗികളുടെ എണ്ണം 2050 ഓടെ 139 ദശലക്ഷമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. 

 

ജനിതകപരമായ കാരണങ്ങള്‍ കൊണ്ട് മറവിരോഗം വരുന്നവര്‍ക്കു പോലും ചില നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മറവി രോഗ സാധ്യത 43 ശതമാനം കുറയ്ക്കാനാകുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തി. 12,000 ഓളം ജനങ്ങളെ 30 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം  നടത്തിയത്. മറവിരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ശീലങ്ങള്‍ ഇനി പറയുന്നവയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

 

1. രക്തസമ്മര്‍ദം നിയന്ത്രിക്കുക– രക്തസമ്മര്‍ദം പരിധിക്കുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഹൃദയത്തിനും രക്തധമനികള്‍ക്കും വൃക്കകള്‍ക്കും മേലുള്ള സമ്മര്‍ദത്തെ ലഘൂകരിക്കും. 

 

2. കൊളസ്ട്രോള്‍ നിയന്ത്രണം– ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് രക്തധമനികളില്‍ ക്ലോട്ട് ഉണ്ടാക്കി ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. 

 

3. രക്തത്തിലെ പഞ്ചസാര കുറയ്ക്കുക– രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ഹൃദയത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും ക്ഷതമുണ്ടാക്കും. 

 

4. സജീവമായ ജീവിതശൈലി– നിത്യവും സജീവമായിരിക്കുന്ന ജീവിതശൈലി പിന്തുടരാന്‍ കഴിയുന്നത് ജീവിതത്തിന്‍റെ ദൈര്‍ഘ്യവും നിലവാരവും വര്‍ധിപ്പിക്കും. 

 

5. നല്ല ഭക്ഷണക്രമം– ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന് സാധിക്കും. 

 

6. ഭാരനിയന്ത്രണം– അമിതഭാരം നിയന്ത്രിക്കുന്നത് ഹൃദയത്തിനും ശ്വാസകോശത്തിനും രക്തധമനികള്‍ക്കും അസ്ഥികൂടത്തിനും മേലുള്ള സമ്മര്‍ദ്ധം കുറയ്ക്കും. 

 

7. പുകവലി ഉപേക്ഷിക്കുക– ഹൃദ്രോഗം ഉള്‍പ്പെടെ സങ്കീര്‍ണമായ രോഗങ്ങള്‍ വരാനുള്ള സാധ്യത പുകവലിക്കുന്നവര്‍ക്ക് വളരെ കൂടുതലാണ്. 

 

ഇത്തരത്തിലുളള നല്ല ശീലങ്ങള്‍ പിന്തുടരുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും ഊര്‍ജ്ജസ്വലതയെയും നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: These 7 habits can halve your risk of developing dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com