ADVERTISEMENT

ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന അവശ്യ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. സന്തുലിതമായ ഭക്ഷണത്തിലൂടെ പലരുടെയും ശരീരത്തില്‍ ഈ വൈറ്റമിനുകളും ധാതുക്കളും ലഭ്യമാകുമ്പോൾ  ചിലര്‍ക്ക് ഇതിനായി സപ്ലിമെന്‍റുകളെ ആശ്രിയിക്കേണ്ടി വരുന്നു.

 

13 വ്യത്യസ്ത തരം വൈറ്റമിനുകളാണ് പലവിധ ഭക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് ലഭിക്കുന്നത്. ശരീരത്തില്‍ എന്തെങ്കിലും പ്രധാന പങ്ക് വഹിക്കുന്ന ഈ ഓരോ വൈറ്റമിന്‍റെയും അഭാവം പല വിധത്തിലുള്ള വെല്ലുവിളികള്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നു.  ക്ഷീണം, ദൗര്‍ബല്യം, തലകറക്കം, ദേഷ്യം, ചര്‍മത്തില്‍ നിറം മാറ്റങ്ങള്‍, എല്ലുകള്‍ക്ക് കട്ടി കുറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വൈറ്റമിന്‍ അഭാവം ശരീരത്തിലുണ്ടാക്കുന്നു. വിഷാദം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഇവ കാരണമാകാം. 

 

ഇക്കൂട്ടത്തില്‍ കാഴ്ചനഷ്ടത്തിന് കാരണമാകുന്നത് വൈറ്റമിന്‍ എയുടെയും വൈറ്റമിന്‍ ബി12ന്‍റെയും അഭാവമാണ്. വൈറ്റമിന്‍ എയുടെ അഭാവം കണ്ണിലെ കോര്‍ണിയയെ വരണ്ടതാക്കുമെന്നും ഇത് റെറ്റിനയുടെയും കോര്‍ണിയയുടെയും നാശത്തിലേക്ക് നയിച്ച് കാഴ്ച നശിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും വൈറ്റമിന്‍ എ അഭാവത്താല്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഇവരില്‍ പകുതിയോളം പേര്‍ കാഴ്ച നഷ്ടപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

 

തലച്ചോറിന്‍റെയും നാഡീകോശങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ വൈറ്റമിന്‍ ബി12ന്‍റെ അഭാവം കണ്ണുകളിലെ നാഡീവ്യൂഹങ്ങളെയാണ് ബാധിക്കുക. ഇതും കാഴ്ച നഷ്ടത്തിലേക്ക് പതിയെ നയിക്കുമെന്ന് അസോസിയേഷന്‍ ഓഫ് സ്കൂള്‍ ആന്‍ഡ് കോളജസ് ഓഫ് ഒപ്റ്റോമെട്രി അഭിപ്രായപ്പെടുന്നു. 

 

ലക്ഷണങ്ങള്‍

രാത്രിയില്‍ കാഴ്ചശേഷി കുറയുന്നതാണ് വൈറ്റമിന്‍ എ അഭാവത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. അണുബാധ, കണ്ണുകള്‍ വരണ്ടതാകല്‍, ചര്‍മത്തില്‍ ചൊറിച്ചില്‍, കുട്ടികളില്‍ വളര്‍ച്ച കുറവ്, വന്ധ്യതാപ്രശ്നങ്ങള്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ചര്‍മത്തില്‍ മഞ്ഞ നിറം, നാക്ക് ചുവന്ന് പഴുക്കല്‍, വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള വേദന, നടക്കുന്നതില്‍ മാറ്റങ്ങള്‍, വിഷാദം, ദേഷ്യം, ചിന്തയിലും പെരുമാറ്റത്തിലും വ്യതിയാനങ്ങള്‍, ഓര്‍മയ്ക്കും ധാരണാശേഷിക്കും തീരുമാനങ്ങള്‍ എടുക്കുന്ന കഴിവിലും വരുന്ന കുറവ് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അഭാവത്തിന്‍റെ ലക്ഷണമാണ്. 

 

ചീസ്, മുട്ട, മീന്‍, പാല്‍, യോഗര്‍ട്ട്, കരള്‍ എന്നിവയെല്ലാം വൈറ്റമിന്‍ എ യുടെ മികച്ച സ്രോതസ്സുകളാണ്. ബീറ്റ കരോട്ടിന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴിയും വൈറ്റമിന്‍ എ ലഭ്യമാക്കാനാകുമെന്ന് യുകെ ഹെല്‍ത്ത് ഏജന്‍സി അഭിപ്രായപ്പെടുന്നു. ശരീരം ബീറ്റ കരോട്ടിനെ റെറ്റിനോളാക്കി മാറ്റും. മാങ്ങ, ചീര, കാരറ്റ്, മധുരക്കിഴങ്ങ്, പപ്പായ, ആപ്രികോട്ട് എന്നിങ്ങനെ  മഞ്ഞയും ചുവപ്പും പച്ചയും നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ബീറ്റ കരോട്ടിന്‍ അടങ്ങിയതാണ്. 

 

ബീഫ്, പോര്‍ക്ക്, ചിക്കന്‍, ആട്ടിറച്ചി, മീന്‍, കക്കയിറച്ചി, പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 ന്‍റെ മികച്ച  സ്രോതസ്സുകളാണ്. രക്തപരിശോധനയിലൂടെ ഈ വൈറ്റമിനുകളുടെ അഭാവം ശരീരത്തിലുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഉമിനീര്‍ പരിശോധനയിലൂടെയും ഇത് കണ്ടെത്താമെങ്കിലും രക്തപരിശോധനയാണ് കൂടുതല്‍ കൃത്യമായ ഫലം നല്‍കുന്നത്. 

Content Summary: Two vitamin deficiencies that can lead to vision loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com