ADVERTISEMENT

ജോലിയിൽ നിന്നു വിരമിച്ചില്ലേ, ഇനി എന്തു ചെയ്യാനാ പ്ലാൻ’ എന്ന ചോദ്യത്തിന് പലരും പറയുന്ന മറുപടിയാണ്– ‘സ്വസ്ഥം, ഗൃഹഭരണം’. എന്നാൽ ജോലിയിൽ നിന്നു വിരമിച്ചു എന്നതുകൊണ്ടുമാത്രം ജീവിതത്തിന്റെ മുന്നോട്ടുള്ള വാതിലുകൾ അടയ്ക്കേണ്ടതുണ്ടോ എന്ന മറുചോദ്യമുയരുന്നു. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സമയമാണ് വിരമിച്ച ശേഷം ലഭിക്കുന്നത്. ഇഷ്ടപ്പെട്ട ഹോബി തുടരാൻ, പുതുതായെന്തെങ്കിലും പഠിക്കാൻ അങ്ങനെ എന്തിനെങ്കിലും ഈ അധികസമയം വിനിയോഗിക്കാം.

 

മുതിർന്ന പൗരന്മാർ ഉന്മേഷത്തോടുകൂടി എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാൽ അത് അവരുടെ ആരോഗ്യം നിലനി‍ർത്താൻ സഹായിക്കും. പുതുതായൊരു ഹോബി കണ്ടെത്തിയാലോ? ഇഷ്ടമുണ്ടായിട്ടും ഇതുവരെ ചെയ്യാൻ കഴിയാതിരുന്ന ഒന്നുണ്ടാവും– പുതിയ ഭാഷ പഠിക്കൽ, പൂന്തോട്ടമൊരുക്കൽ, സൈക്കിളിങ് എന്നിങ്ങനെ. അവയിലൊന്നുമായി കൂട്ടുകൂടുക. ജീവിതത്തിന് പുതിയ താളം കൈവരും.

 

കായികവിനോദം

ഇനി എന്തു കായികവിനോദം എന്നൊന്നും ചിന്തിക്കേണ്ടതില്ല. യുകെയിൽ നടത്തിയ പഠനത്തിൽ കണ്ടത് 65 വയസ്സിൽ കൂടുതലുള്ളവരിൽ ഭൂരിഭാഗവും ദിവസവും പത്തോ അതിലധികമോ മണിക്കൂർ ഇരുന്നും കിടന്നും കായികാധ്വാനമില്ലാതെ ചെലവഴിക്കുന്നു എന്നാണ്. ഇത് അമിതവണ്ണത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും വഴിവയ്ക്കും. ഇതിനെ ചെറുക്കുന്ന കായികവിനോദം കണ്ടെത്തണം. മാനസികാരോഗ്യം വർധിപ്പിക്കാനും ഈ വിനോദം ഉതകും. ബാഡ്മിന്റൻ പോലുള്ള കായികവിനോദത്തിൽ ഏർപ്പെടാനാകുന്നില്ലെങ്കിൽ നടത്തം ശീലമാക്കാം. സൈക്കിളിങ്ങിലും ഒരു കൈ നോക്കാം. കൂട്ടത്തിൽ യോഗയിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയുമാകാം.

 

ഒരുക്കാം, പൂന്തോട്ടം

പൂക്കളെയും പച്ചപ്പിനെയും സ്നേഹിക്കുന്നവർക്ക് അവരറിയാതെതന്നെ ആരോഗ്യം പകരുന്ന ഒന്നാണ് ഗാർഡനിങ്. ഒരു ചെടി നട്ട് അതു പൂവിടുന്നതു കാണുമ്പോൾ കിട്ടുന്ന സന്തോഷം മാത്രമല്ല, ഗാർഡനിങ്ങിലൂടെ ആരോഗ്യവും കൈമുതലാകും. ജീവിതത്തിന്റെ സമ്മർദം ഇല്ലാതാക്കാൻ ഇത് സഹായിക്കും.

 

പഠിക്കാം, പുതിയൊരു ഭാഷ

ഇതുവരെ അറിയാതിരുന്ന ഒരു ഭാഷ പഠിക്കാൻ തുടങ്ങാം. ഇത് തലച്ചോറിനെ പ്രവർത്തനക്ഷമമായി നിർത്തും. മറവിരോഗം വരാതിരിക്കാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കും.

 പുതിയ ഭാഷകൾ പഠിക്കാൻ ഇന്റർനെറ്റിനെ ആശ്രയിക്കാം. കുട്ടികളെപ്പോലെ പുതിയ ഭാഷകൾ എളുപ്പത്തിൽ വഴങ്ങിയില്ലെന്നു വരാം. എന്നാൽ കൂടുതൽ നേരം ആ ഭാഷയുമായി ഇടപഴകുമ്പോൾ ഭാഷ പതിയെപ്പതിയെ സ്വായത്തമാകും. ഒന്നിലേറെ ഭാഷകൾ സംസാരിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു എന്ന് യുകെയിലെ എഡിൻബറ സർവകലാശാലയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.

 

ഇനിയുമേറെ വഴികൾ

ഇതൊന്നുമല്ലേ നിങ്ങളുടെ ഇഷ്ടവിനോദം? വീട്ടിലെ അരുമമൃഗങ്ങൾക്കൊപ്പം സമയം ചെലവിടാം. അല്ലെങ്കിൽ പുതിയൊരു സംഗീതോപകരണം പഠിക്കാം. യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിൽ പുതിയ സ്ഥലങ്ങൾ കാണാൻ പോകാം. ജീവിതം തുടങ്ങിയിട്ടേയുള്ളൂ എന്നു കരുതി മുന്നോട്ടു പോകാം. നിങ്ങളുടെ മുന്നിലെ വഴിയിൽ പൂക്കൾ വിരിച്ചിരിക്കുകയാണ്. ഇനി നടന്നു തുടങ്ങാം.

Content Summary: Retirement life tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com