ADVERTISEMENT

പ്രത്യേക അറിയിപ്പ് : ക്ലോസ്ട്രോഫോബിയ (Claustrophobia) ഉള്ളവർ സൂക്ഷിക്കുക ! ഇൗ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം – ഫഹദ് ഫാസിന്റെ പുതിയ ചിത്രമായ ‘മലയൻകുഞ്ഞി’ന്റെ പരസ്യത്തിലുള്ള മുന്നറിയിപ്പാണിത്. പോസ്റ്ററിൽ ‘ക്ലോസ്ട്രോഫോബിയ’ എന്ന വാക്ക് കണ്ടതോടെ പലരിലും ഇൗ മാനസിക രോഗാവസ്ഥയെക്കുറിച്ച് ആശങ്കയും കൗതുകവുമായി. ‘ക്ലോസ്ട്രോഫോബിയ’ എന്ന മാനസിക ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കോട്ടയം മാനസികാരോഗ്യ പദ്ധതി നോഡൽ ഒാഫിസർ ഡോ. ടോണി തോമസ് സംസാരിക്കുന്നു.

Claustrophobia : Causes, Symptoms and Treatment - Dr. Tony Thomas Explains

 

ഒരിക്കൽ 35 –36 വയസ്സുള്ള ഒരു രോഗി ക്ലിനിക്കൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞതാണ്. ഒരു ദിവസം അദ്ദേഹം ബസിൽ യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി മഴ പെയ്തു. എല്ലാവരും ഷട്ടർ താഴ്ത്തിയിട്ടു. പെട്ടെന്ന് അദ്ദേഹത്തിന് എന്താണെന്നു പറഞ്ഞറിയിക്കാനാവാത്ത ഒരു ബുദ്ധിമുട്ട്. നിൽക്കാനാവുന്നില്ല, ചങ്കിടിക്കുന്നു, വിയർക്കുന്നു, മരിച്ചു പോകുമോ എന്ന ഭയം വരുന്നു. പാൽപിറ്റേഷൻ ഉണ്ട്, ശ്വാസതടസ്സം അനുഭവപ്പെടുന്നു. ശ്വാസം പെട്ടെന്ന് പെട്ടെന്ന് എടുക്കേണ്ടി വരുന്നു. കാലിനു മരപ്പും തലയ്ക്കു കനക്കുറവും അനുഭവപ്പെടുന്നു. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടണം. ബസിൽനിന്ന് ഇറങ്ങിയാൽ മതി എന്ന തോന്നൽ. അദ്ദേഹം പെട്ടെന്ന് ബസ് നിർത്തിച്ച് ചാടിയിറങ്ങി. പുറത്തിറങ്ങിയപ്പോൾ ഭയങ്കര ആശ്വാസം. ഇത് ഒന്നു രണ്ടു തവണ ആവർത്തിച്ചപ്പോഴാണ് ഈ രോഗി എന്റെ അടുത്തേക്ക് വരുന്നത്. ഇത് ക്ലോസ്ട്രോഫോബിയ (Fear of Closed Spaces) അതായത് അടച്ചിട്ട മുറികളിലോ സ്ഥലങ്ങളിലോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഫോബിയ എന്ന കാറ്റഗറിയിൽ വരുന്ന മനസ്സിന്റെ ഒരു ബുദ്ധിമുട്ട്. എന്തു കൊണ്ട് ഇങ്ങനെ വരുന്നു എന്നതിന് പല കാരണങ്ങൾ ഉണ്ട്. 

 

എന്താണ് ഫോബിയ

 

ഒരു പ്രത്യേക സാഹചര്യത്തോടോ  വസ്തുവിനോടോ തോന്നുന്ന അകാരണമായ ഭയമാണ് ഫോബിയ. പേഷ്യന്റിനു അറിയാം ഇതിനെ ഭയപ്പെടേണ്ട വലിയ കാര്യമില്ലെന്ന്. ഒരു സാധാരണ വ്യക്തിക്ക് ഇതിനോടു ഭയം തോന്നുകയുമില്ല. പല തരത്തിലുള്ള ഫോബിയകൾ ഉണ്ട്. സീനോഫോബിയ, ആക്രോഫോബിയ, ഫോണോഫോബിയ തുടങ്ങിയവ. അതിൽ പെടുന്ന പ്രധാനപ്പെട്ടതും സാധാരണ കണ്ടു വരുന്നതുമായ ഫോബിയകളാണ് അഗറോഫോബിയയും ക്ലോസ്ട്രോഫോബിയയും. ഈ ക്ലോസ്ട്രോഫോബിയ ആണ് നേരത്തേ സൂചിപ്പിച്ച, ബസിൽ കയറിപ്പോൾ ആ വ്യക്തിക്കുണ്ടായ അനുഭവം. പലരുടെയും ജീവിതത്തില്‍ ഇത് ഉണ്ടായിട്ടുണ്ടായിരിക്കാം. പക്ഷേ എപ്പോഴാണ് ഇത് ചികിത്സിക്കപ്പെടേണ്ടത് എന്നുള്ളതാണ് പ്രധാനം. 

 

ലക്ഷണങ്ങൾ

 

claustrophobia-cause-symptoms-and-treatment-dr-tony-thomas-explains-artilce-image-four
Representative Image. Photo Credit : Sun Ok/Shutterstock.com

ഇതിനു പ്രധാനമായും പാനിക് സിംപ്റ്റംസുകളാണ് ഉണ്ടാകുന്നത്. മരണഭയം, എന്തോ ഭയങ്കര സംഭവം നടക്കാൻ പോകുന്നുവെന്ന ഭീതി എന്നിവയാണ് ആരംഭം. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങും. ചങ്കിടിപ്പ്, ശ്വാസതടസ്സം, ശ്വാസം വളരെ വേഗം എടുക്കേണ്ടി വരുക, വിയർക്കുക, വിറയ്ക്കുക, ശരീരത്തിന് ബലക്കുറവ് അനുഭവപ്പെടുക, തലകറക്കം, തലയ്ക്ക് കനം കുറവ്, മരപ്പ്, പെരുപ്പ് തുടങ്ങിയവ അനുഭവപ്പെടും. ഇത് അഞ്ചോ പത്തോ മിനിറ്റൊക്കെയേ കാണുകയുള്ളൂ. പേടി തോന്നുന്ന സാഹചര്യമോ വസ്തുക്കളോ ഒഴിവാക്കിയാൽ ഈ ലക്ഷണങ്ങൾ രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ മാറിപ്പോകുകയും ചെയ്യും. 

 

Claustrophobia : Causes, Symptoms and Treatment - Dr. Tony Thomas Explains
Representative Image. Photo Credit : LightField Studios/Shutterstock.com

ചികിത്സ എപ്പോൾ

 

ഒരു വ്യക്തിയുടെ ദൈനംദിനപ്രവർത്തനങ്ങളെ ഇതു ബാധിക്കുമ്പോഴാണ് ചികിൽസ വേണ്ടത്. അതായത്, ജോലിക്കോ മറ്റാവശ്യത്തിനോ പതിവായി ബസിൽ പോകുന്ന വ്യക്തിക്ക് ബസിൽ കയറാൻ പറ്റാതെ വരുന്ന അവസ്ഥ. അത് നാല് തലങ്ങളിലാണ് ബാധിക്കുന്നത്– വ്യക്തിഗത സർക്കിൾ (personal circle), ഫാമിലി സർക്കിൾ, സോഷ്യൽ സർക്കിൾ, ഒക്കുപ്പേഷണൽ സർക്കിൾ. അപ്പോൾ ഈ ഫോബിയ ചികിത്സിക്കപ്പെടേണ്ടതായി വരും. പ്രത്യേകിച്ചും ക്ലോസ്ട്രോഫോബിയ. 

 

ചികിത്സ എങ്ങനെ?

 

ഇത് പ്രധാനമായും അക്യൂട്ട് ആയിട്ട് വളരെപ്പെട്ടെന്നു വരുന്നതു കൊണ്ട് ആദ്യഘട്ടത്തെ അക്യൂട്ട് ഫെയ്സ് എന്നു പറയും. അതു മരുന്നു കൊണ്ടു തന്നെ ചികിത്സിക്കേണ്ടതാണ്. ആ സമയത്ത് തെറാപ്പി കൊണ്ട് ഫലമുണ്ടാകില്ല. പേഷ്യന്റ് റിലാക്സ് ആയാൽ മാത്രമേ തെറാപ്പിയിലേക്ക് പോകാൻ സാധിക്കൂ. ആന്റി ആങ്സൈറ്റി മരുന്നുകൾ, SSRI വിഭാഗത്തിലുള്ള മരുന്ന്, benzodiazepine മരുന്നുകൾ എന്നിവ ഉപയോഗിച്ച് പേഷ്യന്റിനെ റിലാക്സ് ആക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. അക്യൂട്ട് ഫെയ്സ് മാറി, പേഷ്യന്റ് നമ്മൾ പറയുന്ന തെറാപ്പിയുടെ ഇൻസ്ട്രക്ഷൻസ് ഫോളോ ചെയ്യുന്ന അവസ്ഥ ആകുമ്പോൾ മാത്രമേ തെറാപ്പി സ്റ്റാർട്ട് ചെയ്യാൻ പറ്റൂ. കാരണം പലപ്പോഴും വെപ്രാളം (ഉത്കണ്ഠ) വല്ലാതെ കൂടുമ്പോൾ പേഷ്യന്റിന് ഇൻസ്ട്രക്ഷൻ കൊടുത്താൽ അവർ അത് കേൾക്കുമെങ്കിലും ഗ്രഹിക്കാൻ സാധിക്കാതെ വരും. രോഗിക്ക് റിലാക്സ് ആകാൻ ഒരുപാട് സമയം കൊടുത്ത ശേഷം മാത്രമേ രണ്ടാമത്തെ തലത്തിലേക്ക് പോകാന്‍ സാധിക്കൂ. 

 

രണ്ടാമത്തെ തലത്തിൽ പ്രധാനമായും കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പികളാണ് ഉപയോഗിക്കുന്നത്. ഇതൊരു ടെക്നിക്ക് ആണ്. ഫോബിയകൾ ഉണ്ടെങ്കിൽ എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ എന്നു പറയുന്ന സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ ടെക്നിക് ഉപയോഗിച്ചാണ് ഇതിന്റെ തെറാപ്പികൾ നടത്തപ്പെടുന്നത്. അതായത് പേടിയുള്ള ഒരു വസ്തുവിനെ പലതവണ ചെറിയ രീതിയിൽ ചെറിയ സ്റ്റിമുലസിൽ എക്സ്പോസ് ചെയ്ത് അതിന്റെ കാഠിന്യം severity of exposure, duration of exposure കൂട്ടി കൂട്ടി കൊണ്ടു വന്ന് പതുക്കെ പതുക്കെ പേഷ്യന്റിന് ഈ വസ്തുവിനോട് ഭയപ്പാടില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് ഈ പറയുന്ന ടെക്നിക്കുകളുടെയെല്ലാം അടിസ്ഥാനതത്വം.

 

Content Summary : Claustrophobia : Causes, Symptoms and Treatment - Dr. Tony Thomas Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com