ADVERTISEMENT

ആരോഗ്യകരമായ ജീവിതത്തിന്‍റെ പിന്നിലെ രഹസ്യം ആരോഗ്യകരമായ ഭക്ഷണക്രമമാണ്. ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നത് ദീര്‍ഘകാലം ശരീരാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്സ്, കൊഴുപ്പ്, വൈറ്റമിന്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ കൃത്യമായ അളവില്‍ ചേര്‍ന്നതാകണം സന്തുലിതമായ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണം പ്രമേഹം, അര്‍ബുദം പോലെ പകര്‍ച്ചവ്യാധികളല്ലാത്ത നിരവധി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവ പരിമിതപ്പെടുത്തുന്നതും രോഗങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റി നിര്‍ത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. 

 

ശരിയായ ഭക്ഷണത്തെ കുറിച്ചുള്ള അവബോധം ഇന്ന് ജനങ്ങളില്‍ വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ ഇത് കഴിക്കേണ്ട ശരിയായ ക്രമത്തെ കുറിച്ച് പലര്‍ക്കും ധാരണയില്ല. കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണം ശരീരത്തിന് പൂർണമായും ലഭിക്കണമെങ്കില്‍ അത് ശരിയായ ക്രമത്തില്‍ കഴിക്കണം. ഈ ശരിയായ ക്രമം പറഞ്ഞു തരുകയാണ് തന്‍റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര.  ഭക്ഷണം കഴിക്കലിന്‍റെ ശരിയായ ക്രമം പരിചയപ്പെടുത്തുന്ന ഒരു വിഡിയോയും ലവ്നീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നു. 

 

ശരിയായ ക്രമത്തില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതും ശരീരഭാരവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള ശരീരത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ തോത് ഈ ക്രമത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയാം.  

 

ഭക്ഷണം കഴിക്കുമ്പോൾ  ആദ്യം കഴിച്ച് തുടങ്ങേണ്ടത് അതിലെ പച്ചക്കറികളാണെന്ന് ലവ്നീത് പറയുന്നു. ഇതിന് ശേഷം പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ കഴിക്കണം. ഏറ്റവും ഒടുവിലായി വേണം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍. പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റില്‍ നിന്ന് രക്തത്തിലേക്ക് പഞ്ചസാര പുറന്തള്ളുന്ന പ്രക്രിയയെ പതിയെ ആക്കുന്നു. ഇത് മൂലം പഞ്ചസാര പെട്ടെന്ന് ഉയര്‍ന്ന് അതിവേഗം താഴ്ന്ന് വിശപ്പുണ്ടാക്കുന്ന സാഹചര്യം ഒഴിവാകും. ദീര്‍ഘനേരം വിശക്കാതെ ഇരിക്കാനും വാരിവലിച്ച് ഭക്ഷണം കഴിക്കാതിരിക്കാനും ഭക്ഷണം കഴിപ്പിലെ  ഈ ക്രമം സഹായകമാണെന്നും ലവ്നീത് ബത്ര കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Right Order To Eat Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com