ADVERTISEMENT

ആര്‍ക്കെങ്കിലും ഹസ്തദാനം നല്‍കുമ്പോൾ നിങ്ങളുടെ കൈവിറയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും പിടിക്കുമ്പോഴോ അച്ചാർ കുപ്പിയുടെ അടപ്പ് തുറക്കുമ്പോഴോ ഒക്കെ വിറയലും വേദനയും തോന്നാറുണ്ടോ?

 

എങ്കില്‍ സൂക്ഷിക്കണം. അത് ചിലപ്പോള്‍ ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്ന് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്തെങ്കിലും പിടിക്കാനുള്ള കൈകളുടെ കരുത്തിന്‍റെ (ഹാന്‍ഡ്ഗ്രിപ്പ് സ്ട്രെങ്ത്) അഭാവം കുറഞ്ഞ ആയുര്‍ദൈര്‍ഘ്യത്തിന്‍റെയും സൂചനയാകാമെന്ന് ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കൈപിടുത്തത്തിന്‍റെ കരുത്ത് കുറയുന്നത് പേശികളുടെ കുറഞ്ഞ ആരോഗ്യത്തിന്‍റെ സൂചനയാണെന്നും ഇവയും മരണസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

 

വിയന്ന സര്‍വകലാശാലയിലെ ഗവേഷകരായ സോണ്‍ജ സ്പിറ്റ്സറും നാദിയ സ്റ്റൈബറും ചേര്‍ന്നാണ് കൈപിടുത്തതിന്‍റെ കരുത്തിനെ സംബന്ധിച്ച പഠനം നടത്തിയത്. ഒരു ഡൈനമോമീറ്റര്‍ ഇരു കൈകള്‍ കൊണ്ടും ഞെക്കിക്കൊണ്ടാണ് കൈക്കരുത്ത് ഗവേഷകര്‍ അളന്നത്. ഒരാള്‍ ഇരിക്കുമ്പോഴും  നില്‍ക്കുമ്പോഴും  ലഭിക്കുന്ന റീഡിങ്ങില്‍ വ്യത്യാസമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ലിംഗപദവി, പ്രായം, വ്യക്തിയുടെ ഉയരം എന്നിവയെല്ലാം കൈപിടുത്തത്തിന്‍റെ കരുത്തിനെ നിര്‍ണയിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . 

 

കൈപിടുത്തത്തിന്‍റെ കരുത്ത് സാധാരണ ഗതിയില്‍ എത്ര വേണമെന്നതിനെ സംബന്ധിച്ച് ഒരു തോത് കണ്ടെത്താന്‍ പഠനത്തിലൂടെ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദമൊക്കെ അളക്കുന്നതിന് സമാനമാണ് ഇത്. ഒരു മിനിമം മൂല്യത്തിന് താഴേക്ക് കൈപിടുത്തതിന്‍റെ കരുത്ത് പോയാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സമയമായതായി രോഗിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രികളിലും മറ്റും ആരോഗ്യ പരിശോധനയുടെ ഭാഗമായി ഈ സ്ക്രീനിങ് ടൂള്‍ മാറണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 

 

എന്നാല്‍ കൈപിടുത്തത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കാനുള്ള പരിശീലനം നടത്തിയതുകൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്ന് കരുതേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു. കൈയുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍ക്ക് ആകമാന ആരോഗ്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാകുമെന്ന് കരുതുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary: Shaky handshake may be a sign of a health issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com