എട്ടു വർഷത്തിനു ശേഷം ഇൻസുലിൻ എടുക്കാതെ ഇന്നലെ നന്ദന സുഖമായി ഉറങ്ങി. വയനാട് സ്വദേശിയും ബിഎസ്‌സി വിദ്യാർഥിനിയുമായി നന്ദനയ്ക്കൊപ്പം ഇൻസുലിൻ കൂടിയിട്ട് 10 വർഷമായി. നടൻ സുരേഷ് ഗോപിയുടെ കാരുണ്യത്തിൽ ആറു ലക്ഷം രൂപ വില മതിക്കുന്ന ഇൻസുലിൻ പമ്പും സെൻസറും ഇന്നലെ നന്ദനയുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി. തിരുവനന്തപുരത്തുള്ള ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്റർ ഡയറക്ടർ ഡോ. ജ്യോതിദേവിന്റെ മേൽനോട്ടത്തിൽ നന്ദനയുടെ ആരോഗ്യം നിശ്ചിത ഇടവേളകളിൽ ഇപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായെങ്കിലും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന ആയിരക്കണക്കിനു പേരുടെ ദുരിതാവസ്ഥ ഓർക്കുമ്പോൾ നന്ദനയ്ക്ക് ഉള്ളിലൊരു നീറ്റലുണ്ട്. എനിക്കു കിട്ടിയതു പോലെ ഒരു ഇൻസുലിൻ പമ്പും സെൻസറും എല്ലാ ടൈപ്പ് വൺ പ്രമേഹബാധിതർക്കും ലഭ്യമാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആശുപത്രിയിൽ നിന്ന് നന്ദനയും പ്രമേഹബാധിതരായ രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഷാനയും ഡോ. ജ്യോതിദേവ് കേശവദേവും മനോരമ ഓൺലൈനോടൊപ്പം ചേരുന്നു.
‘‘ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായിരുന്നു ഇന്നലെ. അഞ്ചാം ക്ലാസ് മുതൽ ഞാൻ അനുഭവിക്കുന്ന വിഷമതകൾക്കാണ് ഇപ്പോൾ പരിഹാരമായത്. ഓരോ ദിവസവും ആശങ്കയോടെയാണ് തള്ളിനീക്കിക്കൊണ്ടിരുന്നത്. വീട്ടിൽ എല്ലാവർക്കും എപ്പോഴും എന്നെക്കുറിച്ചോർത്ത് സങ്കടമായിരുന്നു, പ്രത്യേകിച്ച് ഞാൻ പഠിക്കാൻ പോകുന്ന സമയത്ത്. എപ്പോഴാണ് ഷുഗർ ലെവൽ കൂടുന്നതെന്നോ കുറയുന്നതെന്നോ പറയാൻ പറ്റില്ലല്ലോ. 18 വയസ്സുള്ള, കാര്യങ്ങൾ സ്വയം ചെയ്യാൻ അറിയുന്ന എന്നെ ഓർത്ത് വീട്ടുകാർക്ക് ഇത്ര വിഷമമാണെങ്കിൽ ടൈപ്പ് വൺ പ്രമേഹബാധിതരായ, ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന കുഞ്ഞുമക്കളെ ഓർത്ത് അവരുടെ അച്ഛനും അമ്മയും എത്രമാത്രം തീ തിന്നുന്നുണ്ടാകും എന്നെനിക്കു മനസ്സിലാകും.
സെൻസറോടു കൂടിയ ഒരു ഇൻസുലിൻ പമ്പ് ടൈപ്പ് വൺ പ്രമേഹബാധിതരായ ഏവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇതിന്റെ വില സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്. ആറു ലക്ഷം രൂപ വില വരുന്ന 780ജി ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപി സാർ എനിക്കു സമ്മാനിച്ചത്.

ഇൻസുലിൻ പമ്പ് വയ്ക്കാതെ രക്ഷയില്ല
സത്യം പറഞ്ഞാൽ ഇപ്പോഴും ഇതൊരു സ്വപ്നമാണോ എന്ന് ഞാൻ ചിന്തിച്ചു പോകും. കാരണം ആറു ലക്ഷം രൂപയുടെ ഒരു ഇൻസുലിൻ പമ്പ് എനിക്കു സ്വപ്നം കാണുന്നതിനും അപ്പുറമാണ്. സുരേഷ് ഗോപി സാറിനോടും കുടുംബത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടൈപ്പ് വൺ ഡയബറ്റിക് അസോസിയേഷൻ സെക്രട്ടറി മുഖാന്തരമാണ് വയനാട്ടിൽ സുരേഷ് ഗോപി സാർ ഉണ്ടെന്നറിഞ്ഞ് ഞാൻ കാണാൻ ചെല്ലുന്നത്. എന്റെ ദുരിതങ്ങൾ സാറിനു മുന്നിൽ അവതരിപ്പിക്കണമെന്നും എന്തെങ്കിലും സഹായം സാർ ചെയ്യുകയാണെങ്കിൽ അതു ഗുണകരമാകുമെന്നും മാത്രമേ കരുതിയിരുന്നുള്ളു. എനിക്ക് ഇൻസുലിൻ പമ്പ് വയ്ക്കാതെ രക്ഷയില്ല എന്ന മുന്നറിയിപ്പ് ഡോക്ടർമാരും നൽകിയിരുന്നു. രോഗവിവരം പറഞ്ഞപ്പോൾത്തന്നെ സാർ ഇൻസുലിൻ പമ്പ് നൽകാമെന്നു വാഗ്ദാനം ചെയ്തു.
സാറിനെ കണ്ട് ആറു മാസത്തോളമായപ്പോഴാണ് തിരുവനന്തപുരത്ത് എത്താമോ എന്നു ചോദിച്ച് ഒരു കോൾ വന്നത് സന്തോഷം കൊണ്ട് എന്തു പറയണമെന്ന് അറിയാതെയായി.
‘നിനക്കു വേദനയില്ലേ’
ജൻമനാ ഞാൻ ടൈപ്പ് വൺ പ്രമേഹബാധിതയായിരുന്നെങ്കിലും പത്താം വയസ്സിലാണ് രോഗം തിരിച്ചറിഞ്ഞത്. കടുത്ത വയറു വേദനയും യൂറിനറി ഇൻഫെക്‌ഷനുമായിരുന്നു ആദ്യം. എപ്പോഴും ദാഹം, നടക്കാൻ ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളുമുണ്ടായിരുന്നു. അങ്ങനെ ആശുപത്രിയിലെത്തി യൂറിൻ പരിശോധിച്ചപ്പോഴാണ് പ്രമേഹം തിരിച്ചറിഞ്ഞത്. അന്നു തുടങ്ങിയതാണ് ഇൻസുലിൻ. ആദ്യം രണ്ടു നേരമായിരുന്നു ഇൻസുലിൻ എടുത്തിരുന്നത്. കുറച്ചുനാൾ കഴിഞ്ഞ് ഷുഗർ കൺട്രോൾ ആകാതെ 400 നു മുകളിലെത്തിയപ്പോൾ അഞ്ചു നേരമാക്കി. സ്കൂളിൽ ടീച്ചർമാരുടെയും കൂട്ടുകാരുടെയുമൊക്കെ സഹായത്തോടെയായിരുന്നു ഇൻസുലിൻ എടുത്തിരുന്നത്. ഫ്രിജിൽ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് ഐസ്ക്യൂബ് പാക്കറ്റിലാക്കിയാണ് ഇൻസുലിൻ കൊണ്ടുപോയിരുന്നത്.
ഇൻസുലിൻ എടുക്കുമ്പോൾ കൂട്ടുകാരൊക്കെ ചോദിക്കുമായിരുന്നു ‘നിനക്ക് വേദനയില്ലേ’ എന്ന്. ദിവസവും അഞ്ചു നേരം കുത്തുന്നത് വേദന ആയിരുന്നെങ്കിലും അവർ ചോദിക്കുമ്പോൾ ഞാൻ ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെ കുത്താതെ രക്ഷയില്ലെന്ന് എനിക്കറിയാമല്ലോ. കുത്തിക്കുത്തി രണ്ടു കൈകളിലും നിറയെ പാടുകളായി. പമ്പ് കിട്ടിയതോടെ വേദന പരമാവധി കുറയുമെന്ന ആശ്വാസമുണ്ട്. ഇനി കൂട്ടുകാരുടെ മുന്നിൽവച്ച് ഇൻസുലിൻ എടുക്കണ്ടല്ലോ എന്ന സന്തോഷവുമുണ്ട്.
എന്നെപ്പോലെതന്നെ ടൈപ്പ് വൺ പ്രമേഹബാധിതരായ ആയിരക്കണക്കിനു കുട്ടികളുണ്ട്. എനിക്കു ലഭിച്ചതുപോലെ ഒരു പമ്പ് അവർക്കും കിട്ടുകയാണെങ്കിൽ ഇൻജക്‌ഷൻ എടുക്കുന്നതിന്റെ വേദന കുറയ്ക്കാൻ സാധിക്കും. മാത്രമല്ല അവരുടെ അച്ഛനമ്മമാരുടെ ആശങ്കകൾക്കും ഒരു പരിധി വരെ മാറ്റമുണ്ടാകും. സിജിഎം എന്ന സെൻസർ എല്ലാവർക്കും ലഭ്യമായാൽതന്നെ ഏറെ ആശ്വാസകരമാകും’’– നന്ദന പറയുന്നു.
ഈ അവസ്ഥയിൽ എങ്ങനെ സ്കൂളിൽ വിടും, ആ അമ്മ ചോദിക്കുന്നു
എട്ടു വയസ്സായ മകളെ സ്കൂളിൽ പോലും വിടാതെ വീട്ടിലിരുത്തിയിരിക്കുകയാണ് ഷാന. ‘‘കാരണം സ്കൂളിൽ പോയാൽ വൈകുന്നേരം വരെ ഞാനും പോയിരിക്കണം. ഇരിക്കുന്നതിന്റെ ബുദ്ധിമുട്ടല്ല, നമ്മൾ ക്ലാസിനു പുറത്തിരിക്കുമ്പോഴും മനസ്സ് മുഴുവൻ മോൾക്കു ഷുഗർ കുറഞ്ഞു പോകുമോ, കൂടി നിൽക്കുകയാണോ എന്ന ടെൻഷനാണ്. സെക്കൻഡുകൾ മതിയല്ലോ മാറ്റം ഉണ്ടാകാൻ. വിദ്യാഭ്യാസത്തെക്കാളും പ്രധാനം എനിക്ക് കുഞ്ഞിന്റെ ജീവനാണ്. അതുകൊണ്ടുതന്നെ പ്രമേഹബാധിതരായ രണ്ടു കുഞ്ഞുങ്ങളെയും പൊതിഞ്ഞു സൂക്ഷിക്കുകയാണ് ഞാൻ. എന്നെപ്പോലെ നിരവധി അമ്മമാരുണ്ട്. ഞങ്ങളുടെ ദുരിതം പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണ്’’ – ഷാന പറയുന്നു.
‘‘എപ്പോഴാണ് ഷുഗർ ലെവൽ കുറയുന്നതെന്ന് അറിയാൻ സാധിക്കാത്തതാണ് ടൈപ്പ് വൺ പ്രമേഹബാധിതർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. രണ്ടുമൂന്നു ദിവസം മുൻപാണ് കോട്ടയത്ത് ഒരു കുട്ടിക്ക് വെളപ്പിനെ അഞ്ചു മണിക്ക് ഷുഗർ കുറഞ്ഞു പോയത്. തുടർന്ന് കുട്ടിക്ക് അപസ്മാരം വന്നു നാക്ക് കടിച്ചു മുറിച്ചു. ഷുഗർ ലെവൽ കുറയുന്നെന്ന് കണ്ടാൽ ഉടൻ ഗ്ലൂക്കോസ് കൊടുക്കണം. എന്നാൽ അപസ്മാരത്തിനിടയ്ക്ക് ഗ്ലൂക്കോസ് കൊടുത്താൽ കുട്ടിക്ക് കുടിക്കാൻ പറ്റില്ല. കുട്ടിയുടെ അമ്മ ഗ്ലൂക്കോസ് വായിലിട്ടു കൊടുക്കുന്നതിനിടയ്ക്ക് അമ്മയുടെ വിരൽ കുട്ടി കടിച്ചു മുറിച്ചു. ഇത്രയും ഭീകരാവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹബാധിതരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്നത്. ഇപ്പോഴും ഐസിയുവിലാണ് ഈ കുട്ടി.

ആദർശ് എന്ന 20 കാരനെ എങ്ങനെ മറക്കും. അവൻ നമ്മെ വിട്ടു പോയിട്ട് ഒരു വർഷം ആകുന്നതേ ഉള്ളു. അച്ഛനും അമ്മയ്ക്കും ഒപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. കാറിൽ അച്ഛന്റെയും അമ്മയുടെ നടുക്കിരുന്ന് ഉറങ്ങി. ഉറങ്ങുകയാണല്ലോ എന്നു കരുതി അച്ഛനും അമ്മയും വിളിച്ചതുമില്ല. വീടിനടുത്ത് എത്താറായപ്പോൾ വിളിച്ചപ്പോഴാണ് കുട്ടിക്ക് ബോധമില്ല എന്നു മനസ്സിലായത്. ആശുപത്രിയിലെത്തിച്ച് രണ്ടു ദിവസം വെന്റിലേറ്ററിൽ കിടന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതൊക്കെ ഓർക്കുമ്പോൾ ഉള്ളിലെ ആധി കൂടുകയാണ്.
വേദന വിചാരിച്ചിട്ടു കാര്യമില്ല, സുരക്ഷിതത്വത്തിനു ചെയ്തേ മതിയാകൂ
ഈ അച്ഛനമ്മമാരുടെ മാനസികാവസ്ഥ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസകരമാണ്. പക്ഷേ കേരളജനത നമ്മുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കൂടെനിൽക്കണം. എത്ര വേദന സഹിച്ചാണ് ഓരോ കുഞ്ഞുവിരലിലും സൂചി കുത്തിയിറക്കുന്നതെന്ന് അറിയണം, കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി നമുക്കത് ചെയ്തേ മതിയാകൂ.
കുട്ടികളുടെ അവസ്ഥ നമുക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ട് കണ്ട് ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചിട്ടുള്ള നിരവധി അമ്മമാരുണ്ട്. ഡിപ്രഷൻ എന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലാത്ത അമ്മമാരുണ്ടാകില്ല അക്കൂട്ടത്തിൽ. ഈ കുഞ്ഞുങ്ങൾക്ക് വെറും ഒരു പനി വന്നാൽതന്നെ പ്രമേഹം അനിയന്ത്രിതമാകും. പനി കുറഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽപ്പോലും ഷുഗർ നിയന്ത്രണത്തിൽ വരില്ല. ദിവസവും അനുഭവിക്കുന്നതിനെക്കാളും ഭീകരമാണ് ഈ സമയത്തെ മാനസികാവസ്ഥ. മൊബൈലിൽ ഓരോ മണിക്കൂറും ഇടവിട്ട് അലാം വച്ചാണ് ഉറങ്ങാൻ കിടക്കുന്നതുതതന്നെ. മൊബൈലിന് എന്തെങ്കിലും സംഭവിച്ച് അലാം കേട്ടില്ലെങ്കിലോ എന്നു ഭയന്ന് രണ്ടും മൂന്നും ഫോണിലൊക്കെ അലാം സെറ്റ് ചെയ്തിരിക്കുന്ന അമ്മമാരും കുറവല്ല.’’
ബാല്യം നഷ്ടമാകരുത്, കുഞ്ഞുങ്ങൾക്ക് വേണം രക്ഷ
ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റിയിലെ ഓരോരുത്തരുടെ പ്രയത്നത്തിന്റെ ഫലമാണ് നന്ദനയ്ക്കു ലഭിച്ച ഇൻസുലിൻ പമ്പെന്ന് ഷാന പറയുന്നു.
‘‘കുഞ്ഞുങ്ങൾക്ക് ട്യൂബ്‌ലെസ് പമ്പുകളും കുറച്ചു മുതിർന്നവർക്ക് ട്യൂബ് പമ്പുകളും നൽകാൻ കഴിഞ്ഞാൽ ആശ്വാസകരമാകും. അമേരിക്കയിലൊക്കെ ട്യൂബ്്‌ലെസ് പമ്പുകൾ ലഭ്യമാണ്. സെൻസർ ഒട്ടിക്കുന്നതുപോലെ ഒട്ടിച്ചുവച്ചാൽ മതി. നന്ദനയ്ക്ക് നൽകിയ പമ്പിലെ ട്യൂബ് അരയിൽ കെട്ടിവയ്ക്കണം. മുതിർന്ന കുട്ടി ആയതിനാൽ നന്ദനയ്ക്ക് അതു പ്രശ്നമില്ല. എന്നാൽ ഒന്നും രണ്ടും വയസ്സൊക്കെയുള്ള കുട്ടിക്ക് ഇത് അരയിൽ കെട്ടിവച്ചാൽ ഓടിക്കളിക്കാനൊക്കെ ബുദ്ധിമുട്ടാകും. നഷ്ടമാകുന്നത് അവരുടെ ബാല്യം കൂടിയാണ്. അമേരിക്കയിൽ നിന്നുള്ള ഇത്തരം പമ്പുകൾ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ കേരളത്തിലുണ്ടെന്ന് അറിയമ്പോഴാണ് നമ്മുടെ കുട്ടികൾക്ക് ഇതൊന്നും നൽകാൻ കഴിയുന്നില്ലല്ലോ എന്നു നിസ്സഹായത തോന്നുന്നത്.
ഷുഗർനില വീട്ടിലിരുന്ന് മനസ്സിലാക്കാനുള്ള ടെക്നോളജി യുകെ, യുഎസ്, ജർമനി പോലുള്ള രാജ്യങ്ങളിലുണ്ട്. അവിടെയൊക്കെ ഒരു കുട്ടിക്ക് ടൈപ്പ് വൺ പ്രമേഹം തിരിച്ചറിയുമ്പോൾത്തന്നെ സെൻസറും പമ്പുമൊക്കെ നൽകുന്നുണ്ട്. അവർക്ക് സൗജന്യമായി ഇൻഷുറൻസ് കവറേജും നൽകുന്നു. ഇവിടെയുള്ള കുട്ടികളാകട്ടെ, സെൻസർ എന്താണെന്നുപോലും അറിയാത്ത അവസ്ഥയിലാണ്. ഇതൊക്കെ നമുക്കും ലഭ്യമായെങ്കിൽ കുട്ടികളെ ധൈര്യമായി സ്കൂളിൽ വിട്ട് വീട്ടിലോ ഓഫിസിലോ ഇരുന്ന് നമുക്ക് ഷുഗർനില പരിശോധിക്കാമായിരുന്നു. അവരുടെ ഭാവിയും നമുക്ക് സുരക്ഷിതമാക്കാമായിരുന്നു. ടൈപ്പ് വൺ പ്രമേഹബാധിതരുടെ ദുരിതങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ട് ഇൻസുലിൻ പമ്പും സെൻസറും ലഭ്യമാക്കുമെന്ന പ്രതീക്ഷയുണ്ട്’’ – ഷാന പയുന്നു
ഇതിന്റെ ആദ്യ പടിയെന്നോണം ഈ വർഷത്തെ ഓണാഘോഷം വേണ്ടെന്നുവച്ച് കുഞ്ഞുങ്ങൾക്കു വേണ്ടി ഒരു ഫണ്ട് സമാഹരണത്തിന് ഒരുങ്ങുകയാണ് ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി.

ടൈപ്പ് വൺ പ്രമേഹം അപൂർവ രോഗമല്ല
ലോകത്ത് ഏറ്റവും കൂടുതൽ ടൈപ്പ് വൺ പ്രമേഹരോഗികൾ ഉള്ളത് ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാമത് ബ്രസീലുമാണ്. മുൻപ് ടൈപ്പ് വൺ പ്രമേഹം ഏറ്റവും കുറവുള്ള രാജ്യമായാണ് ഇന്ത്യയെ കണ്ടിരുന്നത്. ഇപ്പോൾ ടൈപ്പ് വൺ പ്രമേഹത്തിന്റെ തലസ്ഥാനമായി മാറി. അതിനാൽത്തന്നെ ഇതൊരു അപൂർവരോഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു. ഇന്ത്യയിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏകദേശം രണ്ടു ലക്ഷം ടൈപ്പ് 1 പ്രമേഹബാധിതരാണുള്ളത്. ഈ രോഗം നൂറു വർഷത്തിലധികമായി കേരളത്തിലുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള കണക്കു പ്രകാരം 20 വയസ്സിൽ താഴെയുള്ള നാലായിരത്തോളം ചെറുപ്പക്കാരിൽ ടൈപ്പ് 1 കാണും. ഇതിന് വ്യക്തമായ റജിസ്ട്രി ഇല്ല.
പ്രമേഹ രോഗികൾക്കായി ഇൻസുലിൻ പമ്പ് 2004 മുതലാണ് ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയത്. പമ്പിൽ ഇൻസുലിൻ ചർമത്തിന്റെ അടിയിലൂടെയാണ് പോകുന്നത്. പാൻക്രിയാസിൽ ഇൻസുലിൻ ഉല്‍പാദിപ്പിക്കുന്നതിന് സമാനമായ വിധത്തിലാണ് ഇത് ഉള്ളിലേക്കു കടന്നു പോകുന്നത്. അതുകൊണ്ടാണ് ഇൻസുലിൻ പമ്പ് സാധാരണ ഇൻജെക‌്‌ഷനെക്കാളും മെച്ചപ്പെട്ടതെന്നു പറയുന്നത്. പക്ഷേ അപ്പോഴും ഗ്ലൂക്കോസ് എപ്പോഴാണ് കൂടുന്നതെന്നോ കുറയുന്നതെന്നോ അറിയാൻ കഴിയാത്തതാണ് ടൈപ്പ് വൺ ഡയബറ്റിസ് ചികിത്സിക്കുന്നതിന്റെ തടസ്സം. പെട്ടെന്നാണ് ഇതൊക്കെ സംഭവിക്കുന്നത്.
ആറു ലക്ഷം രൂപയുടെ പമ്പ്, മാസം ചെലവ് 2000 രൂപ
ഇപ്പോൾ ഇൻസുലിൻ പമ്പ് നൽകിയ നന്ദനയ്ക്കാകട്ടെ, ഗ്ലൂക്കോസ് എപ്പോഴും കുറഞ്ഞു പോകാറുണ്ടായിരുന്നു. പക്ഷേ ഗ്ലൂക്കോസിന്റെ ശരാശരി എപ്പോഴും കൂടി നിന്നതു കാരണം ഈ കുട്ടിക്ക് പല പ്രാവശ്യം ആശുപത്രിയിലാകേണ്ടി വന്നു. നന്ദനയ്ക്ക് ഉപയോഗിക്കുന്ന 780ജി എന്ന ഉപകരണം ഇന്ത്യയിൽ എത്തിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. ഗ്ലൂക്കോസ് കൂടുന്നതിനും കുറയുന്നതിനും അര മണിക്കൂർ മുന്‍പു തന്നെ തിരിച്ചറിയാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. കുറയുന്നതിനും കൂടുന്നതിനും മുൻപായിട്ടു തന്നെ ആൾട്ടർനേറ്റീവ് ആയി ഇൻസുലിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യും. അതുകൂടാതെ വളരെ അപകടകരമാംവിധം ഗ്ലൂക്കോസ് താഴ്ന്നു പോകുകയാണെങ്കിൽ അത് തടയുന്നതിന് ഇൻസുലിൻ തനിയെ സ്റ്റോപ് ആകുകയും ചെയ്യും. കിടന്നുറങ്ങുന്ന വേളയിൽ ഇൻസുലിൻ നമുക്ക് ആവശ്യമാണ്, ഗ്ലൂക്കോസ് കൂടുന്നെങ്കിൽ ഇൻസുലിൻ തനിയെ ഉള്ളിലേക്ക് കടത്തിവിട്ടുകൊണ്ടുമിരിക്കും.
നന്ദനയ്ക്കു ലഭിച്ച ആറു ലക്ഷം രൂപയുടെ ഉപകരണം സുരേഷ് ഗോപി കൊടുത്തു. പക്ഷേ അതിന്റെ ക്ലീനിങ്, ഡിപ്ലോയ്മെന്റ് തുടങ്ങി ബാക്കി കാര്യങ്ങളുടെ പരിശോധനയ്ക്കായി ആശുപത്രിയിലുള്ള മൂന്നു നാലു പേർ മൂന്നു നാലു മാസം 24 മണിക്കൂറും ഡ്യൂട്ടി എടുക്കണം. ആ സേവനമെല്ലാം സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ ഇവർക്ക് ഒരു മാസം ഇരുപതിനായിരം രൂപ ചെലവഴിക്കണം. അത് സൊസൈറ്റി എങ്ങനെയെങ്കിലും കണ്ടെത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഏറെ ഉപകാരം കുഞ്ഞുങ്ങൾക്ക്
കൊച്ചു കുട്ടികളിൽ ഗ്ലൂക്കോസ് നോർമലായി നിൽക്കുന്നത് കഷ്ടിച്ച് നാൽപതോ അമ്പതോ ശതമാനം സമയം മാത്രമാണ്. ടൈപ്പ് വണിന്റെ സ്വഭാവം അതാണ്. നമ്മളിപ്പോൾ ശരാശരി ഗ്ലൂക്കോസ് നോക്കിയിട്ട് A1C ഏകദേശം ഏഴേ ഉള്ളൂ, എട്ടേ ഉള്ളൂ എന്നൊക്കെ സമാധാനിക്കുകയാണെങ്കിലും അത് കൂടിയതിന്റെയും കുറഞ്ഞതിന്റെയും കൂടിയുള്ള ശരാശരിയാണ്. പഴയ പമ്പിൽ അത് അമ്പത് എന്നു പറയുന്നത് അറുപതോ അറുപത്തഞ്ചോ ശമതമാനമാക്കാൻ പറ്റുമായിരുന്നു. പുതിയ ഉപകരണത്തിന്റെ പ്രത്യേകത അത് എങ്ങനെ ആയാലും 80 ശതമാനത്തിൽ നിൽക്കും. കുറച്ച് പഠിച്ച് ഉപയോഗിക്കാൻ കഴിഞ്ഞാൽ 90–95 ശതമാനം സമയം നോർമലിൽ നിൽക്കും.
കുഞ്ഞുങ്ങൾക്കൊക്കെ കിട്ടുകയാണെങ്കിൽ അത് വലിയൊരു അനുഗ്രഹമായിരിക്കും. അമ്മമാർക്കൊന്നും ഒരു രാത്രി പോലും ഉറക്കമില്ല. ഇവരെല്ലാം ഫോണിൽ അലാം വച്ച് ഒരു മണിക്കൂർ, രണ്ടു മണിക്കൂർ ഇടവേളകളിൽ എഴുന്നേൽക്കും. സെൻസർ ഉണ്ടെങ്കിൽ പോലും എഴുന്നേൽക്കുന്നവരുണ്ട്. കാരണം വളരെ വില കൂടിയ സെൻസറിൽ മാത്രമേ അലാമുള്ളൂ.
വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന രോഗം
കോവിഡ് ടൈപ്പ് വൺ പ്രമേഹബാധിതരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ടൈപ്പ് വൺ ഡയബറ്റിസ് ഒരു ജനിതക രോഗമോ ജീവിതശൈലീ രോഗമോ അല്ല. കുഞ്ഞുങ്ങൾക്ക് ഇത് വന്നു പോകുന്നത് അവരുടെയോ അച്ഛന്റെയോ അമ്മയുടെയോ തെറ്റുകൊണ്ടല്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നമുക്കെതിരായി പ്രവർത്തിക്കുന്നതു കാരണം പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ നശിക്കുകുകയും ഇൻസുലിന്റെ ഉൽപാദനം നിലയ്ക്കുകയും ചെയ്യുന്നു. നൂറു പേർക്ക് ഡയബറ്റിസ് ഉണ്ടെങ്കിൽ 90 പേർക്ക് ടൈപ്പ് 2 ഡയബറ്റിസും ബാക്കിയുള്ള ഏകദേശം 8–10 ശതമാനം പേർക്ക് ടൈപ്പ് 1 ഉം ആണ്. തന്റെ കുഞ്ഞിന് ടൈപ്പ് 1 പ്രമേഹമുണ്ടെന്ന് പുറത്തു പറയാൻ രക്ഷിതാക്കൾ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് േവണ്ടത്ര ശ്രദ്ധ കിട്ടാതെ പോയത്. അല്ലെങ്കില്‍ നാൽപതു വർഷങ്ങൾക്കു മുൻപു തന്നെ ഇത് ശ്രദ്ധിക്കപ്പെടുന്ന രോഗമായി മാറിയേനെ’’ - ഡോ. ജ്യോതിദേവ് പറയുന്നു.
ടൈപ്പ് 1 ഓട്ടോ ഇമ്യൂണും ചില വൈറസും കാരണം വരുന്ന രോഗമാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗമായതുകൊണ്ട് ചില പനിയൊക്കെ വരുമ്പോൾ നൂറു കുട്ടികളിൽ ഒരാൾക്ക് പാൻക്രിയാസ് ബീറ്റാ കോശങ്ങൾ നശിച്ചു പോകാം. നേരത്തേ ആന്റിബോഡീസ് ഉള്ളതുകൊണ്ട് ഡയബറ്റിസ് വരാതിരിക്കുന്നതാകും. പക്ഷേ പെട്ടെന്ന് ഇങ്ങനെയുള്ള ഒരു വൈറസ്കൂടി കൂടി ശരീരത്തിൽ കടക്കുമ്പോൾ ഡയബറ്റിസ് വരും. ടൈപ്പ് 1 ഡയബറ്റിസ് ഉള്ളപ്പോൾ ഗുളിക കൊടുത്ത് ചികിത്സിക്കാൻ പറ്റില്ല. കാരണം ഇൻസുലിൻ ഒട്ടുമില്ലാത്തതിനാൽ ഗുളിക കൊടുത്ത് ഉൽപാദിപ്പിക്കാൻ പറ്റില്ല. അത് പൂർണമായും പുറത്തുനിന്ന് കൊടുക്കേണ്ടി വരും. അത് നിയന്ത്രിക്കാനുള്ള സിസ്റ്റം തകരാറിലായതു കാരണം ഗ്ലൂക്കോസ് നില താഴുകയും ഉയരുകയും ചെയ്തുകൊണ്ടിരിക്കും. ഗ്ലൂക്കോസ് പെട്ടെന്ന് താഴ്ന്നു പോയിക്കഴിഞ്ഞാൽ അപസ്മാരം വന്ന് ബ്രെയിന് ക്ഷതമേൽക്കുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്യാം. അതിനാൽ ലോഷുഗർ ഒഴിവാക്കാൻ കൂട്ടിത്തന്നെ നിലനിർത്താനാണ് ശ്രമിക്കുന്നത്. ഇങ്ങനെ കൂടി നിൽക്കുന്നതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഭാവിയിൽ കിഡ്നി ഡിസീസ്, കണ്ണിന് അസുഖം, ഹൃദയത്തിന് അസുഖം തുടങ്ങിയവ വരാം.
Content Summary: Type 1 diabetes