ADVERTISEMENT

ശരാശരി മലയാളി കണ്ണു തിരുമ്മി എണീക്കുന്ന സമയത്ത് ശാസ്ത്രീയമായി ജീവിക്കുന്ന മലയാളി പ്രാതൽ കഴിക്കണം. വൈകിട്ടത്തെ ചായയും കടിയും ഒഴിവാക്കി ആ സമയത്ത് അത്താഴം കഴിക്കണം. പറയുന്നത് നൊബേൽ സമ്മാനം നേടിയവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരാണ്. ഏറ്റവും  ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചിട്ടകൾ‌ പ്രകാരം എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്. ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത വിധം, ശരീര ഘടികാരം (ബോഡി ക്ലോക്ക്) പ്രവർത്തിക്കുന്ന ചിട്ടയിൽ വേണം ഓരോ കാര്യവും ചെയ്യാൻ. 

 

പ്രാതൽ: രാവിലെ 7.11

‘യൂണിവേഴ്സിറ്റി ഓഫ് മർസിയ’ നടത്തിയ പഠനം അനുസരിച്ച് പ്രാതൽ കഴിക്കേണ്ട സമയം രാവിലെ 7.11 ആണ്. ശരീരപോഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉച്ചഭക്ഷണവും അത്താഴവും ഇതേ ചിട്ട അനുസരിച്ച് കഴിക്കണമെന്നു മാത്രം. 

 

വ്യായാമം : (സ്ത്രീകൾ) 8.00

സ്ത്രീകൾ രാവിലെ 6 മണിക്കും 8 മണിക്കുമിടയിൽ വ്യായാമം പൂർത്തിയാക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് യുഎസിലെ ഗവേഷകരുടെ കണ്ടെത്തൽ. 

 

ഒരു കോഫി: 9.00

രാവിലെ ഉണർന്നു പ്രവർത്തിച്ചു വരുമ്പോൾ ഒന്ന് റീചാർജ് ചെയ്യാൻ കൃത്യം 9 മണിക്ക് ഒരു കോഫിയാകാം എന്ന് ബ്രെയ്ൻ ഹെൽത്ത് നെറ്റ്‍വർക്ക് ഡയറക്ടർ ജയിംസ് ഗുഡ്‌വിൻ പറയുന്നു. 

 

പ്രധാന ജോലികൾ: 11.00 മുതൽ 

ഓഫിസിലാണെങ്കിലും വീട്ടിലാണെങ്കിലും ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾ രാവിലെ 11 മണി മുതൽ ഉച്ചവരെയുള്ള സമയത്തു വേണം ചെയ്യാൻ എന്ന് വാഷിങ്ടണിലെ ഓർഗനൈസേഷനൽ ബിഹേവിയർ പ്രഫസറായ ക്രിസ്റ്റഫർ എം.ബാർനെസ് പറയുന്നു. മനസ്സും ശരീരവും ഏറ്റവും ഉണർവോടെയിരിക്കുന്ന സമയമാണത്രേ ഇത്. 

 

ഉച്ചഭക്ഷണം: 12.38

ശരീരഘടികാരം നിർദേശിക്കുന്നതനുസരിച്ച്  ഉച്ചഭക്ഷണം കഴിക്കേണ്ട സമയം 12.38നാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മർസിയ.

 

ഉച്ചകഴിഞ്ഞ്: 20–20

കളി കാണുന്ന കാര്യമല്ല. ഉച്ചകഴിഞ്ഞ് ഓഫിസ് ജോലി ചെയ്യുന്നവർ 20 മിനിറ്റ് കൂടുമ്പോൾ കംപ്യൂട്ടർ സ്ക്രീനിൽ നിന്നു കണ്ണെടുത്ത് 20 മീറ്റർ അകലെയുള്ള എന്തിനെയെങ്കിലും 20 സെക്കൻഡ് നേരം നോക്കിയിരിക്കണം (സഹപ്രവർത്തകരെ നോക്കിയാൽ വിപരീതഫലം ആയിരിക്കും). ഓരോ മണിക്കൂർ ഇടവിട്ട് ഓഫിസിനുള്ളിൽ തന്നെ 2 മിനിറ്റ് വീതം നടക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. 

 

അത്താഴം: 5.00

ഇതുവരെ പറഞ്ഞതൊക്കെ കാര്യമായെടുത്ത് പിന്തുടരാൻ ആരെങ്കിലും തയാറാണെങ്കിൽ അത്താഴം 5 മണിക്കു തന്നെ കഴിക്കണം. 

 

വ്യായാമം : (പുരുഷന്മാർ) 6.30

പുരുഷന്മാർക്ക് വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം വൈകിട്ട് 6.30 മുതൽ 8.30 വരെ. 

 

ഉറക്കം: 10.00

ഉറങ്ങാൻ ഏറ്റവും ഉചിതമായ സമയം രാത്രി 10 മണി. 10നു മുൻപോ 11നു ശേഷമോ ഉള്ള ഉറക്കം ആരോഗ്യദായകമല്ല. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉൾപ്പെടെ സ്ക്രീനുകളെല്ലാം ഓഫ് ചെയ്യണമെന്നും ശാസ്ത്രം നിർദേശിക്കുന്നു. 

Content Summary: Healthy lifestyle tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com