ADVERTISEMENT

ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിവയെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധി വിട്ടുയരുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിഫലനം സൃഷ്ടിക്കാറുണ്ട്. പ്രമേഹത്തിന്റെ ഫലമായി കാലുകളിൽ ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങളാണ് ഡയബറ്റിക് ന്യൂറോപ്പതിയും പെരിഫെറല്‍ വാസ്കുലർ രോഗവും. രക്തത്തിലെ ഉയർന്ന പഞ്ചസാര നാഡീവ്യൂഹങ്ങൾക്ക് കേട് വരുത്തുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നമാണ് ഡയബറ്റിക് ന്യൂറോപ്പതി. അതേസമയം പ്രമേഹം രക്തയോട്ടത്തെ ബാധിച്ച് തുടങ്ങുമ്പോഴാണ് പെരിഫെറൽ വാസ്കുലാർ രോഗം ഉണ്ടാകുന്നത്. ഈ രോഗസങ്കീർണതകളുമായി ബന്ധപ്പെട്ട് ശരീരം ഇനി പറയുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. 

 

1. വേദന, തരിപ്പ്, മരവിപ്പ്

കാലുകളിലെ നാഡീ കോശങ്ങൾക്ക് പ്രമേഹം ക്ഷതമേൽപ്പിക്കുന്നതിനെ തുടർന്ന് വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. ഇത് ഹൃദയം, രക്തകോശങ്ങൾ, മൂത്രാശയ സംവിധാനം, ദഹന സംവിധാനം എന്നിവിടങ്ങളെയും ബാധിക്കാം. ചിലർക്ക് മിതമായ തോതിലുള്ള ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ചിലരിൽ ഇവ തീവ്രമാകാം. 

 

2. കാലുകളിൽ അൾസർ

കാലുകളിൽ ഉണ്ടാകുന്ന ആഴത്തിലെ മുറിവിനെയോ ചർമത്തിലെ പൊട്ടലിനെയോ ആണ് ഫൂട്ട് അൾസർ എന്നു പറയുന്നത്. 15 ശതമാനം പ്രമേഹ രോഗികളിലും കാലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. കാലിന്റെ അടിഭാഗത്തെയാണ് ഇത് മുഖ്യമായും ബാധിക്കുക. ഫൂട്ട് അൾസർ തീവ്രമാകുന്ന സാഹചര്യങ്ങളിൽ കാലുകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയുണ്ടാകാറുണ്ട്. പ്രമേഹത്തിന്റെ തുടക്കത്തിൽതന്നെ ആവശ്യമായ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്നത് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത് ഒഴിവാക്കും. 

 

3. അത്‌ലറ്റ്സ് ഫൂട്ട്

പ്രമേഹ അനുബന്ധ നാഡീവ്യൂഹ പ്രശ്നങ്ങൾ അത്‌ലറ്റ്സ് ഫൂട്ട് എന്ന ഫംഗൽ രോഗത്തിലേക്കും നയിക്കാം. സാധാരണ ഗതിയിൽ ഷൂസുകൾ ഇട്ട് ഓടി കാലുകൾ വിയർക്കുന്ന കായികതാരങ്ങളിലാണ് ഈ രോഗം കണ്ടു വരുന്നത്. കാലുകളിൽ ചൊറിച്ചിൽ, ചുവപ്പ്, കാലുപൊട്ടൽ എന്നിവയെല്ലാം അത്‌ലറ്റ്സ് ഫൂട്ട് ലക്ഷണങ്ങളാണ്. ഒരു കാലിലോ ഇരു കാലുകളിലുമോ ഈ രോഗം വരാം. 

 

4. കാലുകളിൽ തഴമ്പ്

പ്രമേഹം പരിധി വിട്ടുയരുന്നത് ചർമം കട്ടിയായി കാൽപാദങ്ങളിൽ തഴമ്പ് രൂപപ്പെടാനും ചിലപ്പോൾ കാരണമാകാം. 

 

5. നഖത്തിൽ ഫംഗൽ ബാധ

കാൽ നഖങ്ങളിൽ ഫംഗൽ അണുബാധയുണ്ടാക്കാനും പ്രമേഹത്തിന് സാധിക്കും. ഓണിക്കോമൈകോസിസ് എന്നാണ് ഈയവസ്ഥയ്ക്ക് പറയുക. ഇതിന്റെ ഭാഗമായി നഖത്തിന്റെ നിറം മാറാനും നഖം കട്ടിയാകാനും ചിലപ്പോൾ പൊട്ടിപോകാനും സാധ്യതയുണ്ട്. 

 

6. ഗാൻഗ്രീൻ

പ്രമേഹം രക്തകോശങ്ങളെ ബാധിക്കുന്നത് കാലുകളിലേക്കും കാൽ നഖങ്ങളിലേക്കും ആവശ്യത്തിന് ഓക്സിജൻ നിറഞ്ഞ രക്തം എത്താത്ത സാഹചര്യം ഉണ്ടാക്കും. ഇത്തരത്തിൽ കാലുകളിലേക്കുള്ള രക്തവിതരണം കുറയുന്നത് കാലുകളിലെ കോശങ്ങൾ നശിക്കാൻ ഇടയാക്കും. ഗാൻഗ്രീൻ എന്ന ഈ അവസ്ഥ കാലുകൾ മുറിച്ച് മാറ്റേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കാം.

Content Summary: Symptoms in your feet indicate rising blood sugar levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com