ADVERTISEMENT

ആരോഗ്യ സമ്പൂര്‍ണമായ ഭക്ഷണത്തെയും ജീവിതക്രമത്തെയും കുറിച്ചൊക്കെ നിരവധി ചര്‍ച്ചകള്‍ ഇന്ന് നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പലരും ഇക്കാര്യത്തില്‍ പല നിര്‍ദേശങ്ങള്‍ നല്‍കുന്നതോടെ ഈ ആശയക്കുഴപ്പം ഇരട്ടിക്കും. എന്നാല്‍ അത്തരം അവ്യക്തതകള്‍ നീക്കി അടുത്തിടെ ലോകാരോഗ്യ സംഘടന ഭക്ഷണകാര്യത്തില്‍ ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാതെ ആരോഗ്യത്തോടെ ഇരിക്കാന്‍ എന്തെല്ലാം കഴിക്കണമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും വിശദമാക്കുന്ന ഒരു കൂട്ടം ട്വീറ്റുകളാണ് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തു വിട്ടത്. 

 

ഇതനുസരിച്ച് ഇനി പറയുന്ന കാര്യങ്ങള്‍ ഭക്ഷണക്രമം നിര്‍ണയിക്കുമ്പോൾ  കണക്കിലെടുക്കേണ്ടതാണ്

 

1. ഉപ്പ് കുറയ്ക്കാം, മധുരം പരിമിതപ്പെടുത്താം

ഒരു വിധം രോഗങ്ങളെയെല്ലാം തടയാന്‍ ഭക്ഷണത്തിലെ ഉപ്പിന്‍റെയും മധുരത്തിന്‍റെയും അളവ് പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രതിദിന ഉപ്പിന്‍റെ ഉപയോഗം അഞ്ച് ഗ്രാം അല്ലെങ്കില്‍ ഒരു ടീസ്പൂണായി നിയന്ത്രിക്കണമെന്നാണ് ട്വീറ്റില്‍ ഡബ്യുഎച്ച്ഒ പറയുന്നത്. ഇതിന് പകരം ഉണക്കിയതോ പച്ചയോ ആയ ചെടികളും സുഗന്ധദ്രവ്യങ്ങളും ഭക്ഷണത്തിന് രുചി കൂട്ടാന്‍ ഉപയോഗിക്കണമെന്ന് ട്വീറ്റ് നിര്‍ദ്ദേശിക്കുന്നു. 

 

ഉപ്പ് അധികമായി ചേര്‍ത്ത സോസുകള്‍, സോയ, ഫിഷ് സോസുകള്‍ എന്നിവയും ഒഴിവാക്കണം. പഞ്ചസാരയുടെ കാര്യത്തില്‍ 50 ഗ്രാം അഥവാ 12 ടീസ്പൂണ്‍ ആണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പ്രതിദിന പരിധി. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പഞ്ചസാരയോ ഉപ്പോ ചേര്‍ക്കരുതെന്നും ഡബ്യുഎച്ച്ഒ ഓര്‍മിപ്പിക്കുന്നു. 

 

2. കൊഴുപ്പിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണം

ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സാച്ചുറേറ്റഡ് കൊഴുപ്പിന്‍റെയും ട്രാന്‍സ് ഫാറ്റിന്‍റെയും അളവ് പരിമിതപ്പെടുത്തണമെന്നും ലോകോരാഗ്യ സംഘടന പറയുന്നു. കുറഞ്ഞ കൊഴുപ്പുള്ള പാലും പാലുൽപന്നങ്ങളും തിരഞ്ഞെടുക്കാനും സംഘടന ഉപദേശിക്കുന്നു. സംസ്കരിച്ച മാംസം ഒഴിവാക്കാനും കോഴിയിറച്ചി, മീന്‍ പോലുള്ള വൈറ്റ് മീറ്റുകള്‍ തിരഞ്ഞെടുക്കാനും മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. ബേക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണവിഭവങ്ങളും ഒഴിവാക്കണമെന്നും ഡബ്യുഎച്ച്ഒ കൂട്ടിച്ചേര്‍ക്കുന്നു. 

 

3. സന്തുലിതമായ ഭക്ഷണക്രമം

ബ്രൗണ്‍ റൈസ് പോലുള്ള ഹോള്‍ ഗ്രെയ്നുകള്‍, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, ബീന്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍, മുട്ട, പാല്‍, ഇറച്ചി എന്നിവയെല്ലാം അടങ്ങിയ വൈവിധ്യപൂര്‍ണമായ ഭക്ഷണം ഓരോ ദിവസവും കഴിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. സ്നാക്സായും പച്ചക്കറികള്‍, പഴങ്ങള്‍, ഉപ്പ് ചേര്‍ക്കാത്ത നട്സ് തുടങ്ങിയവ കഴിക്കാന്‍ ട്വീറ്റില്‍ നിര്‍ദ്ദേശമുണ്ട്. 

 

4. എന്ത് കുടിക്കുന്നു എന്നതും പ്രധാനം

എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല എന്ത് കുടിക്കുന്നു എന്നതും സുപ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, ഗ്യാസ് നിറച്ച വെള്ളം, കാപ്പി എന്നിവയെല്ലാം പരിമിതപ്പെടുത്തേണ്ടതാണ്. മദ്യപാനത്തിന്‍റെ തോതും പരിമിതപ്പെടുത്താനും ആവശ്യത്തിന് വെള്ളം കുടിക്കാനും ഡബ്യുഎച്ച്ഒ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: WHO shares nutrition tips ‘to reduce your risk of non-communicable diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com