ADVERTISEMENT

സാധാരണ ഗതിയില്‍ കൊളസ്ട്രോളിന്‍റെ അളവ് നമ്മുടെ ശരീരത്തില്‍ ഉയരുന്നത് നിശ്ശബ്ദമായിട്ടായിരിക്കും. ധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുമ്പോൾ  മാത്രമായിരിക്കും പലരും തങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടുതലാണെന്ന് അറിയുന്നതുതന്നെ. കൊളസ്ട്രോള്‍ ധമനികളില്‍ കെട്ടിക്കിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയെ അതെറോസ്ക്ളീറോസിസ് എന്ന് പറയുന്നു. ഇത് ശരീരത്തിന്‍റെ അരയ്ക്ക് താഴേക്കുള്ള ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കുന്നു, പ്രത്യേകിച്ച് കാലുകളിലേക്ക് ഉള്ളത്. ഈ അവസ്ഥയ്ക്ക് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പിഎഡി എന്നാണ് പറയുക. ഇതിന്‍റെ ഭാഗമായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ അതി കഠിനമായ വേദന അനുഭവപ്പെടാം. 

 

അരക്കെട്ടിലും തുടകളിലും കാലിന് പിന്‍ഭാഗത്തെ പേശികളിലും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് മൂലം വേദനയുണ്ടാകുമെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. കാലുകളിലേക്ക് ആവശ്യത്തിന് രക്തമെത്താത്തിനെ തുടര്‍ന്നുണ്ടാകുന്ന ഈ വേദന നടക്കുമ്പോഴോ  ഓടുമ്പോഴോ പടികള്‍ കയറുമ്പോഴോ അസഹനീയമാകാം. ദൈനംദിന ജീവിതത്തെയും ജീവിതത്തിന്‍റെ നിലവാരത്തെയും ബാധിക്കുന്ന തരത്തിലേക്ക് ഈ വേദന മാറാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

ഇതിന് പുറമേ കാലുകളില്‍ മരവിപ്പ്, ദൗര്‍ബല്യം, കാലുകളിലേക്ക് കുറഞ്ഞ പള്‍സ്, കാലുകളില്‍ തിളങ്ങുന്ന ചര്‍മം, കാലുകളിലെ ചര്‍മത്തിന് നിറം മാറ്റം, നഖങ്ങളുടെ മെല്ലെയുള്ള വളര്‍ച്ച, കാലുകളില്‍ മുറിവുകള്‍ വന്നാല്‍ പെട്ടെന്ന് ഉണങ്ങാത്ത അവസ്ഥ, എഴുതുമ്പോഴോ തയ്ക്കുമ്പോഴോ കൈകള്‍ ഉപയോഗിച്ച് മറ്റ് പ്രവൃത്തികള്‍ ചെയ്യുമ്പോഴോ കൈകള്‍ക്കുണ്ടാകുന്ന വേദന, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മുടികൊഴിച്ചില്‍, കാലുകളിലെ മുടി വളര്‍ച്ചയില്‍ മന്ദത എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെയും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്‍റെയും ലക്ഷണങ്ങളാണ്. 

 

അനാരോഗ്യകരവും അലസവുമായ ജീവിതശൈലി, ചില രോഗാവസ്ഥകള്‍, മരുന്നുകള്‍ എന്നിവയെല്ലാം ശരീരത്തിലെ കൊളസ്ട്രോള്‍ ഉയരാന്‍ കാരണമാകാം. ജീവിതശൈലി മാറ്റങ്ങളിലൂടെ കൊളസ്ട്രോളിനെ ഒരു പരിധി വരെ പ്രതിരോധിക്കാവുന്നതാണ്. സാച്ചുറേറ്റഡ് കൊഴുപ്പിന്‍റെയും ട്രാന്‍സ്ഫാറ്റിന്‍റെയും അളവ് കുറച്ച് കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഫൈബര്‍ സമ്പന്നമായ ധാന്യങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. നിത്യവും അരമണിക്കൂര്‍ നടപ്പ് പോലുള്ള വ്യായാമങ്ങളും ശീലമാക്കണം. പുകവലി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും വേണം. അമിതഭാരം വരാതെ ശരീരത്തെ എപ്പോഴും ഫിറ്റാക്കി വയ്ക്കാനും ശ്രദ്ധിക്കണം.

Content Summary: High Cholesterol Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com