ADVERTISEMENT

ജീവിതത്തില്‍ നമുക്കു ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണു നമ്മുടെ ഓർമകള്‍. നമ്മുടെ അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ആണ് ഓർമകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓര്‍മ നശിച്ചുപോകുക എന്നതാണ് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വലിയ പ്രതിസന്ധികളിലൊന്ന്. 

 

ഓര്‍മ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ഡിമൻഷ്യ അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തില്‍ ഏകദേശം 50 ദശലക്ഷം പേര്‍ക്ക് ഡിമൻഷ്യ ഉണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയില്‍ ഇത് നാലു ദശലക്ഷത്തിനടുത്ത് വരും. ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി സെപ്തംബര്‍ മാസം  അൽസ്ഹൈമേഴ്സ് മാസമായും സെപ്തംബര്‍ 21  അൽസ്ഹൈമേഴ്സ് ദിനമായും ആചരിക്കുന്നു. ഈ വര്‍ഷത്തെ തീം എന്നത് 'ഡിമെന്‍ഷ്യയെ അറിയുക, അൽസ്ഹൈമേഴ്സിനെ അറിയുക'  എന്നതാണ്. അതായതു ഈ രോഗത്തെ പറ്റി കൂടുതല്‍ അറിയുകയും, രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നതിനെയും പറ്റി ഉള്ള വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അതോടൊപ്പം അൽസ്ഹൈമേഴ്സ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തുകയും വേണം. കഴിഞ്ഞ വര്‍ഷത്തെ അതേ തീം തന്നെയാണ് ഈ വര്‍ഷവും തുടരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍  നിന്ന് വ്യത്യസ്തമായി രോഗം തിരിച്ചറിഞ്ഞതിനു ശേഷം രോഗിക്കും കുടുംബത്തിനും നല്‍കേണ്ട പിന്തുണയെക്കുറിച്ചാണ് ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.    

 

തലച്ചോറില്‍ നമ്മുടെ ഓർമകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് തലച്ചോറിലെ സെറിബ്രൽ കോർട്ടക്സിന്റെ വശങ്ങളിലുള്ള ടെംപൊറൽ ലോബുകൾ എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാല്‍ ഈ കോശങ്ങള്‍ നശിച്ചു പോകുമ്പോഴാണ് ഡിമൻഷ്യ ഉണ്ടാകുന്നത്. പ്രായാധിക്യം മൂലം കോശങ്ങള്‍ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സ്ട്രോക്ക്, വൈറ്റമിൻ ബി 12, തയാമിൻ, തുടങ്ങിയ വൈറ്റമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകള്‍, തലച്ചോറിലെ മുഴകള്‍ ഒക്കെ ഡിമൻഷ്യയുടെ കാരണങ്ങളാണ്. ഇതില്‍ ഏറ്റവും പ്രധാനം പ്രായാധിക്യം മൂലം ഓർമകോശങ്ങള്‍ നശിച്ചു പോകുന്ന അൽസ്ഹൈമേഴ്സ് രോഗമാണ്. 

 

പ്രായം കൂടുന്നത് അനുസരിച്ചു അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേല്‍ പ്രായമുള്ള പത്തില്‍ ഒരാള്‍ക്കും 85 നു മേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്കും അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മറവിരോഗം ഉണ്ടെങ്കിലോ, രക്താതിസമ്മര്‍ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവയൊക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു. 

 

65 നു മേല്‍ പ്രായമുള്ളവരില്‍ ചെറിയ മറവികള്‍ സ്വാഭാവികമാണ്. പലര്‍ക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കില്‍ ചെറിയ സൂചനകള്‍ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റും. എന്നാല്‍ അൽസ്ഹൈമേഴ്സ് രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓര്‍ത്തെടുക്കാന്‍ പറ്റിയെന്നു വരില്ല. പ്രായമുള്ളവരില്‍ സാധനങ്ങള്‍ എവിടെ വെച്ച് എന്ന് മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അൽസ്ഹൈമേഴ്സ് രോഗികള്‍ ഇത്തരത്തില്‍ മറന്നു പോകുന്നു എന്ന് മാത്രമല്ല അവ വയ്ക്കുന്നത് നമ്മള്‍ സാധാരണയായി അത്തരം സാധനങ്ങള്‍ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും. ഉദാഹരണത്തിന് താക്കോല്‍ എടുത്തു ഫ്രിഡ്ജില്‍ വയ്ക്കുക, പേഴ്സ് വാഷിങ് മെഷീന് അകത്തു ഇടുക പോലെ.

 

ഇതുപോലെ സന്ദര്‍ഭത്തിനു അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും കാണാം. ചൂടുള്ള സമയത്തു സ്വെറ്റർ ഉപയോഗിക്കുന്നത്  ഉദാഹരണം. പ്രായമുള്ളവര്‍ അവര്‍ മുന്‍പ് നടത്തിയ സംഭാഷണങ്ങളില്‍ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാല്‍ അൽസ്ഹൈമേഴ്സ് രോഗത്തില്‍ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവര്‍ മറന്നു പോകും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടും. പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴിതെറ്റി പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉള്‍വലിഞ്ഞു ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. ദീര്‍ഘനേരം ടിവിയുടെ മുന്നില്‍ തന്നെ ഇരിക്കുന്നതും, കൂടുതല്‍ സമയം ഉറങ്ങാനായി ചെലവിടുന്നതും പതിവാണ്. പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും ഒക്കെ മാറി മാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകള്‍ ഒക്കെ മറന്നു പോകുന്നത്, സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വാക്കുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു  വര്‍ഷം വരെ നീണ്ടു നില്‍ക്കും. 

 

ഓര്‍മക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.

 

∙ ഒരിക്കല്‍ എളുപ്പമായിരുന്ന ജോലുകള്‍ ഇപ്പോള്‍ ചെയ്തു പൂര്‍ത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്.

∙ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉള്ള ബുദ്ധിമുട്ട്.

∙ മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍; സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.

∙ ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍, എഴുതുന്നതിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്.

∙ സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം.

∙ കാണുന്നവ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്. 

 

രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേരു വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പെടുവാനും ഇവര്‍ക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാല്‍ അവര്‍ കഴിയുന്നത്ര സ്വന്തം ലോകത്തേയ്ക്കു ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളില്‍ വരെ പരസഹായം വേണ്ടി വരുന്നു. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, തന്നെ അവര്‍ അപകടപ്പെടുത്തും എന്നുള്ള മിഥ്യാബോധം ചില രോഗികളില്‍ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാകുകയും ചെയ്യുന്നു. അവര്‍ക്കു പുറത്തു തനിയെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയൂം പലപ്പോഴും വീട്ടിലേക്കുള്ള വഴിതെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു.സ്വന്തം വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ കുറയുകയും ചെയ്യുന്നു.  ഈ ഒരു രണ്ടാം ഘട്ടം എട്ടു തൊട്ടു പത്തു  വര്‍ഷം വരെ നീണ്ടു നില്‍കുന്നു. 

 

മൂന്നാം ഘട്ടത്തില്‍ രോഗിയുടെ ഓര്‍മകള്‍ പൂര്‍ണമായും നശിക്കുകയും സ്വന്തം അസ്ഥിത്വം വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂര്‍ണസമയവും കിടക്കയില്‍ തന്നെ കഴിയേണ്ടിതായും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതില്‍ താല്‍പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തില്‍ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയില്‍ കുറവ് വരുത്തുകയും അടിക്കടി ഉള്ള അണുബാധ മരണത്തിനു വരെ കാരണം ആകുകയും ചെയ്യുന്നു. 

 

ചികിത്സാ രീതികള്‍

 

പൂര്‍ണ്ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു രോഗമല്ല അൽസ്ഹൈമേഴ്സ് രോഗം. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങള്‍ വെച്ചും ഓര്‍മശേഷി നിര്‍ണയിക്കുന്ന ചോദ്യാവലികള്‍ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്തപരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കില്‍ എംആർഐ സ്‌കാനും ചെയ്യേണ്ടതായി വരും. അൽസ്ഹൈമേഴ്സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാല്‍ ഓര്‍മശക്തി കൂട്ടുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീരവ്യായാമവും, പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്.

 

കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വിനോദങ്ങളും പദപ്രശ്നം, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായാമത്തിനുള്ള കളികളും ഓര്‍മശക്തി കൂട്ടാന്‍  സഹായിക്കും. നിത്യവും ഡയറി, അല്ലെങ്കില്‍ ചെറുനോട്ടുകള്‍, മൊബൈല്‍ റിമൈൻഡറുകൾ ഒക്കെ ഉപയോഗിക്കാന്‍ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിനജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ രോഗിയുടെ മുറിയില്‍ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവര്‍ക്കു രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവര്‍ അടിക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാല്‍ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയില്‍ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സാ നല്‍കേണ്ടതുമാണ്.

 

അൽസ്ഹൈമേഴ്സ് രോഗമോ മറ്റൊരു ഡിമൻഷ്യയോ ഉള്ള ഒരാള്‍ക്ക് പരിചരണം നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഡിമൻഷ്യയുടെ പ്രാരംഭ ഘട്ടത്തില്‍, ഒരു വ്യക്തി സ്വതന്ത്രനായി തുടരുകയും വളരെ കുറച്ചുപരിചരണം മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും രോഗം പുരോഗമിക്കുമ്പോള്‍, പരിചരണത്തിന്റെ ആവശ്യകതകള്‍ കൂടി കൂടി വരികയും ഒടുവില്‍ മുഴുവന്‍ സമയവും പരിചരണം ആവശ്യമായി വരികയും ചെയ്യും. 

 

അൽസ്ഹൈമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് വരുത്തുന്ന സ്വഭാവത്തിലുള്ള മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നാം പലപ്പോഴും കേള്‍ക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തില്‍ രോഗിയെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കാന്‍ അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ) പോലുള്ള സന്നദ്ധ സംഘടനകള്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ട് ഈ അസുഖത്തെപ്പറ്റിയും പരിചരിക്കുന്ന വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. 

 

സാധരണയായി പ്രായമേറിയവരില്‍ ആണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇത്തരക്കാരില്‍ പലരുടെയും ഓര്‍മക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കുക, കൃത്യമായ വ്യായാമം ശീലമാക്കുക, സമൂഹവുമായി ഇടകലര്‍ന്നു ജീവിക്കുക, അര്‍ത്ഥവത്തായ സംവാദങ്ങളില്‍ ഏർപ്പെടുക തുടങ്ങിയവ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. വളരെ അപൂര്‍വമായി പാരമ്പര്യമായ അല്‍ഷിമേഴ്സ് രോഗം ചെറുപ്പക്കാരില്‍ കാണപ്പെടുന്നു.

 

Content Summary : What Causes Alzheimer's Disease? - Dr. M. J. Susanth Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com