ADVERTISEMENT

നല്ല ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, സജീവമായ ജീവിതശൈലി, മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യല്‍, പുകവലി ഒഴിവാക്കല്‍ എന്നിങ്ങനെ ആരോഗ്യമുള്ള ഹൃദയത്തിന്‍റെ ചേരുവകള്‍ പലതാണ്. എന്നാല്‍ ഇവ മാത്രമല്ല ഇടയ്ക്കിടെയുള്ള പരിശോധനകളും ഹൃദയം ഫിറ്റായിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ആവശ്യമാണ്. ഹൃദയത്തിന്‍റെ ആരോഗ്യം നിര്‍ണയിക്കാനും ഹൃദ്രോഗ പ്രശ്നങ്ങള്‍ കണ്ടെത്താനും സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന പരിശോധനകള്‍ ഇനി പറയുന്നവയാണ്. 

 

1. ഇലക്ട്രോകാര്‍ഡിയോഗ്രാം(ഇസിജി)

ഈ പരിശോധനയില്‍ ഹൃദയത്തിന്‍റെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. ഇതിനായി ഹൃദയഭാഗത്തുള്ള ചര്‍മത്തില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കും. ഈ സെന്‍സറുകള്‍ ഓരോ തവണ ഹൃദയം മിടിക്കുമ്പോഴും ആ ഇലക്ട്രിക് സിഗ്നലുകളെ രേഖപ്പെടുത്തും. 

 

2. കൊറോണറി ആന്‍ജിയോഗ്രാം

ഈ പരിശോധനയില്‍ എക്സ്റേ ഇമേജിങ് ഉപയോഗിച്ചാണ് ഹൃദയത്തിലെ രക്തധമനികള്‍ കാണുന്നത്. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് പരിമിതപ്പെടുത്തുന്ന ധമനികളിലെ ബ്ലോക്കുകള്‍ കണ്ടെത്താനാണ് ഈ പരിശോധന ഉപയോഗിക്കാറുള്ളത്. 

 

3. എംആര്‍ഐ

എംആര്‍ഐ അഥവാ മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് സങ്കേതം ഉപയോഗിക്കുന്നത് ശരീരത്തിലെ എല്ലുകള്‍ അല്ലാത്ത ഭാഗങ്ങളെ കാണാനായിട്ടാണ്. ഇതില്‍ ശക്തമായ ഒരു കാന്തിക വലയം ഉപയോഗിച്ചാണ് ഹൃദയത്തെ ഇമേജ് ചെയ്യുന്നത്. ശരീരത്തിനുള്ളില്‍ നിന്നു ലഭിക്കുന്ന റേഡിയോ സിഗ്നലുകളെ കംപ്യൂട്ടര്‍ സ്വീകരിക്കുകയും ദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യും. 

 

4. എക്സര്‍സൈസ് സ്ട്രെസ് പരിശോധന

ട്രെഡ്മില്‍ പരിശോധന എന്നും അറിയപ്പെടുന്ന ഈ പരിശോധന എത്ര നന്നായാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത് എന്ന് നിരീക്ഷിക്കുന്നു. ഇതിനായി ഒരു ട്രെഡ്മില്ലില്‍ രോഗിയെ നടത്തിച്ച്   ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപയോഗിച്ച് ഹൃദയതാളം നിരീക്ഷിക്കുന്നു. രക്തസമ്മര്‍ദവും നിരീക്ഷിക്കുന്ന ഡോക്ടര്‍ നെഞ്ചിന് എന്തെങ്കിലും അസ്വസ്ഥതയോ ക്ഷീണമോ ഉണ്ടോ എന്നും പരിശോധിക്കുന്നു. രക്തസമ്മര്‍ദത്തിലോ ഹൃദയമിടിപ്പിന്‍റെ നിരക്കിലോ ഇസിജിയിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊറോണറി ആര്‍ട്ടറി ഡിസീസിന്‍റെ ലക്ഷണമാകാം. 

 

5. കൊറോണറി കംപ്യൂട്ടഡ് ടോമോഗ്രഫി ആന്‍ജിയോഗ്രാം(സിസിടിഎ)

ഹൃദയത്തിലെ രക്തധമനികളെ ചുരുക്കുന്ന കൊഴുപ്പിന്‍റെ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ത്രീഡി ഇമേജിങ് പരിശോധനയാണ് ഇത്. ഇതില്‍ ശരീരത്തിലേക്ക് ഒരു ഡൈ കുത്തിവയ്ക്കുകയും എക്സ് റേകളും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു. 

 

6. എക്കോകാര്‍ഡിയോഗ്രാം

ഈ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഹൃദയത്തിന്‍റെ ഘടനയാണ്  പരിശോധിക്കുന്നത്. കാര്‍ഡിയോമയോപ്പതി, വാല്‍വിലെ രോഗങ്ങള്‍ എന്നിവ ഇതിലൂടെ കണ്ടെത്താം. ഇതില്‍ റേഡിയേഷന്‍ ഉപയോഗപ്പെടുത്തുന്നില്ല. 

 

7. ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്ട്രെസ് പരിശോധന

ഈ പരിശോധനയില്‍ ഹൃദയത്തിലേക്ക് ഒഴുകുന്ന രക്തത്തിന്‍റെ ഇമേജുകള്‍ സൃഷ്ടിക്കാന്‍ ചെറിയ അളവിലുള്ള റേഡിയോ ആക്ടീവ് സാമഗ്രി ട്രേസറായി ഉപയോഗിക്കുന്നു. രോഗി വിശ്രമത്തിലും എന്തെങ്കിലും പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുമ്പോൾ  ഈ പരിശോധന നടത്തുന്നു. ഹൃദയത്തിലേക്കുള്ള മോശം രക്തമൊഴുക്കും ഹൃദയത്തിന്‍റെ ക്ഷതവും ഫലപ്രദമായി ഇതിലൂടെ കണ്ടെത്തുന്നു. 

 

8. ടില്‍റ്റ് ടെസ്റ്റ് 

ഇടയ്ക്ക് ബോധം പോകുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധന ഉപയോഗപ്പെടുത്തുന്നു. ശരീരത്തിന്‍റെ പൊസിഷനില്‍ ഇതിനായി മാറ്റം വരുത്തും. ആദ്യം രോഗിയെ കട്ടിലില്‍ കിടത്തി ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിക്കും. ഇസിജിയും രക്തസമ്മര്‍ദവും അളക്കുന്നതിനുള്ള മോണിറ്ററുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കും. അതിനുശേഷം രോഗി കിടക്കുന്ന കട്ടില്‍ പതിയെ ചായ്ച്ച് പൊസിഷന്‍ മാറ്റിയ ശേഷം റെക്കോര്‍ഡിങ്ങുകള്‍ വീണ്ടും എടുക്കും. രക്തസമ്മര്‍ദത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം, ക്രമം തെറ്റിയ ഹൃദയതാളം, ഹൃദയഘടനയില്‍ പ്രശ്നങ്ങള്‍, ഹൃദയാഘാതം, കാര്‍ഡിയോമയോപ്പതി വെന്‍ട്രിക്കുലര്‍ ഡിസ്ഫങ്ഷന്‍ എന്നിവ വിലയിരുത്താന്‍ ഈ പരിശോധന ഉപയോഗിക്കും. 

 

9. രക്തപരിശോധന

ഹൃദയാരോഗ്യം കണ്ടെത്താനായി രക്തപരിശോധനയിലൂടെ കൊളസ്ട്രോള്‍, പ്ലാസ്മ സെറാമൈഡുകള്‍, നാട്രിയൂറെറ്റിക് പെപ്റ്റൈഡ്, ട്രോപ്പോണിന്‍ ടി, ഹൈസെന്‍സിറ്റീവിറ്റി സി-റിയാക്ടീവ് പ്രോട്ടീന്‍ എന്നിവയുടെ തോതും അളക്കാറുണ്ട്. 

 

ഒരു വ്യക്തിയുടെ ഹൃദയം ശരിയായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നത് എന്നുറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഈ പരിശോധനകള്‍ കൃത്യസമയത്തെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സഹായിക്കും.

Content Summary: Tests to diagnose heart problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com