അമിതഭാരം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിരലില്‍ എണ്ണാവുന്നവയല്ല. ഹൃദ്രോഗം, പ്രമേഹം, വൃക്ക രോഗം എന്നിങ്ങനെയുള്ള രോഗങ്ങളില്‍ പലതിന്റെയും മുഖ്യ കാരണം അമിതഭാരമാണ്. ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ് എന്നിങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും അമിതവണ്ണം ഉണ്ടാക്കാറുണ്ട്.
ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിതവണ്ണം നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ഔഷധ സസ്യങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ചയാപചയ പ്രക്രിയയെ ഇവ മെച്ചപ്പെടുത്തുന്നു. ചില ആയുര്‍വേദ ഔഷധങ്ങളുടെ ഗുണങ്ങള്‍ പരിശോധിക്കാം.
1. ത്രിഫല

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേരുന്ന ആയുര്‍വേദ ഔഷധമായ ത്രിഫല ദഹനനാളിയെ സഹായിക്കുകയും ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചയാപചയം വേഗത്തിലാക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ അമിതവണ്ണം കുറയ്ക്കാനും ത്രിഫല സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് ആവശ്യത്തില്‍ അധികമുള്ള ജലാംശത്തെ നീക്കം ചെയ്യാനും ത്രിഫല സഹായിക്കും. മലബന്ധത്തിനും ത്രിഫല പരിഹാരമാണ്.
2. ഇഞ്ചി

ഇന്ത്യയിലെ പല കറികളുടെയും അവശ്യ ചേരുവയാണ് ഇഞ്ചി. ഇത് ഫ്രീ റാഡിക്കല്‍സുമായി പോരാടും. ഇഞ്ചിയിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ഇഞ്ചി സഹായകമാണ്.
3. കറുവാപ്പട്ട

ശരീരത്തിന്റെ ചയാപചയ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് കറുവാപ്പട്ട ശരീരഭാരത്തെ കുറയ്ക്കുന്നു. ഇത് പൊടിച്ച് ചായക്കോ മറ്റ് ഭക്ഷണങ്ങള്‍ക്കോ ഒപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. കറുവാപ്പട്ട പൊടിച്ച് ചേര്‍ത്ത വെള്ളം ശരീരത്തിലെ കൊഴുപ്പ് കോശങ്ങളെ നീക്കാനും അവയെ ഫലപ്രദമായി ദഹിപ്പിക്കാനും സഹായിക്കും.
4. ഉലുവ

ഭക്ഷണത്തോടുള്ള ആസക്തി കുറച്ച് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കാന്‍ ഉലുവയ്ക്ക് സാധിക്കും. ഉലുവ കുതിര്‍ത്ത വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനത്തിനും മെച്ചപ്പെട്ട ചയാപചയത്തിനും ഉത്തമമാണ്.
5. വെളുത്തുള്ളി

പ്രതിരോധശേഷിയും ആകമാന ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളി ഉപകരിക്കും. ഇതിലെ അല്ലിസിന്‍ ഘടകം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വെളുത്തുള്ളി ചയാപചയ നിരക്ക് വര്‍ധിപ്പിക്കുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ കാരണമാകും. ഇതിനായി ദിവസം ഒരു വെളുത്തുള്ളി വച്ച് കഴിച്ചാല്‍ മതിയാകും.
6. ഏലയ്ക്ക

പാചകം ചെയ്യാനും ബേക്ക് ചെയ്യാനുമൊക്കെ നാം സ്ഥിരമായി ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന്റെ രുചി മാത്രമല്ല ഗുണവും ഏലയ്ക്ക വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ ആന്തരിക അഗ്നിയെ ജ്വലിപ്പിച്ച് കൊഴുപ്പ് അലിയിക്കാന്‍ ഏലയ്ക്ക മികച്ചതാണ്.
7. ജീരകം

ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളും ധാരാളം അടങ്ങിയ ജീരകം പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളഞ്ഞ് അമിതഭാരം കുറയ്ക്കാനും ജീരകം സഹായിക്കുന്നു.
Content Summary: Ayurveda-Backed Herbs That Can Help In Weight-Loss