സ്ത്രീകളിലെ പ്രത്യുത്പാദന അവയവങ്ങളിലെ അര്‍ബുദം: ചിലതിന് പരിശോധനയില്ല, ഈ ലക്ഷണങ്ങള്‍ പ്രധാനം

cancer in reproductive system
Photo Credit: Alona Siniehina/ Shutterstock.com
SHARE

സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഗൈനക്കോളജിക്കല്‍ കാന്‍സര്‍. യോനി, യോനീമുഖം, അണ്ഡാശയം, ഗര്‍ഭാശയം, വള്‍വ, അണ്ഡവാഹിനിക്കുഴല്‍ എന്നിവിടങ്ങളിലെല്ലാം വരുന്ന അര്‍ബുദങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയില്‍ ചിലതൊന്നും തിരിച്ചറിയാന്‍ പരിശോധനകള്‍ പോലുമില്ല എന്നതിനാല്‍ ഈ അര്‍ബുദങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ശരീരം നല്‍കുന്ന സൂചനകളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീകള്‍ അവരുടെ ശരീരത്തെ നന്നായി മനസ്സിലാക്കുന്നത് ഇത്തരം അര്‍ബുദങ്ങളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ബെംഗളൂരു മദര്‍ഹുഡ് ഹോസ്പിറ്റല്‍സ് ഗൈനക്കോളജിസ്റ്റ് ഡോ. നാഗവേണി ആര്‍. ദ് ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന അവയങ്ങളുമായി ബന്ധപ്പെട്ട ചില അര്‍ബുദങ്ങള്‍ ഇനി പറയുന്നവയാണ്.

1. ഗര്‍ഭാശയമുഖ അര്‍ബുദം

യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണ് ഗര്‍ഭാശയമുഖം. ഗര്‍ഭാശയമുഖത്തില്‍ സംഭവിക്കുന്ന അര്‍ബുദങ്ങള്‍ പൊതുവേ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലം ഉണ്ടാകുന്നതാണ്. ആര്‍ത്തവങ്ങള്‍ക്കിടയിലോ ലൈംഗിക ബന്ധത്തിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം, ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന വേദന, അതികഠിനമായ ആര്‍ത്തവം, യോനിയില്‍നിന്ന് അസാധാരണായ സ്രവങ്ങള്‍, ആര്‍ത്തവവിരാമത്തിനു ശേഷം യോനിയില്‍നിന്നുള്ള രക്തമൊഴുക്ക് എന്നിവയെല്ലാം ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

2. ഗര്‍ഭപാത്ര അര്‍ബുദം

ഗര്‍ഭപാത്രത്തിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ രണ്ട് വിധത്തിലുണ്ട്. ഒന്ന് ഗര്‍ഭപാത്രത്തിന്റെ ഭിത്തികളിലുണ്ടാകുന്ന എന്‍ഡോമെട്രിയില്‍ കാന്‍സര്‍. മറ്റൊന്ന് ഗര്‍ഭപാത്ര പേശികളിലുണ്ടാകുന്ന യൂട്ടെറിന്‍ സാര്‍കോമാസ്. ആര്‍ത്തവവിരാമത്തിന് ശേഷമുള്ള രക്തസ്രാവം, യോനിയില്‍നിന്ന് രക്തമോ മറ്റ് ദ്രാവകങ്ങളോ ദുര്‍ഗന്ധത്തോടെ പുറത്തു വരല്‍, വയര്‍ ഭാഗത്ത് വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, ലൈംഗികബന്ധ സമയത്തെ വേദന എന്നിവയെല്ലാം ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

3. അണ്ഡാശയ അര്‍ബുദം

ഗര്‍ഭപാത്രത്തിന്റെ വശങ്ങളിലായി കാണുന്ന അണ്ഡാശയത്തിനുണ്ടാകുന്ന ഈ അര്‍ബുദം സാധാരണ ഗതിയില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചെന്നിരിക്കില്ല. അസാധാരണമായി വയറില്‍ ഗ്യാസ് കെട്ടല്‍, വയറിന്റെ വലുപ്പം വര്‍ധിക്കല്‍, ഇടുപ്പില്‍ വേദന, വിശപ്പില്ലായ്മ, ദഹനപ്രശനങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, അകാരണമായ ക്ഷീണം, ശരീരഭാരത്തില്‍ അസാധാരണ മാറ്റങ്ങള്‍ എന്നിവ ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

4. അണ്ഡവാഹിനിക്കുഴലില്‍ അര്‍ബുദം

അണ്ഡാശയത്തിനും ഗര്‍ഭപാത്രത്തിനും ഇടയിലുള്ള അണ്ഡവാഹിക്കുഴലില്‍ വരുന്ന അര്‍ബുദം മൂലം ചിലരുടെ അടിവയര്‍ വല്ലാതെ നീര് വയ്ക്കാറുണ്ട്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാലും ഇതില്‍ മാറ്റമുണ്ടാകില്ല. വയറില്‍ മുഴ, ഇടുപ്പില്‍ വേദന, മൂത്രസഞ്ചിയില്‍ സമ്മർദം, യോനിയില്‍നിന്ന് അസാധാരണമായ രക്തമൊഴുക്ക്, ആര്‍ത്തവവിരാമത്തിനു ശേഷം രക്തസ്രാവം എന്നിവ ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

5. വള്‍വയിലുണ്ടാകുന്ന അര്‍ബുദം

സ്ത്രീകളുടെ യോനിയില്‍ പുറമേക്ക് കാണുന്ന ലാബിയ മൈനോറ, ലാബിയ മജോറ എന്നിങ്ങനെയുള്ള മടക്കുകള്‍, ക്ലിറ്റോറിസ്, യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള പെരിനിയം എന്നിവിടങ്ങളിലാണ് ഈ അര്‍ബുദം വരാറുള്ളത്. ആര്‍ത്തവവിരാമത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളിലാണ് ഇത് വരാന്‍ സാധ്യത കൂടുതല്‍. വള്‍വയില്‍ ചൊറിച്ചില്‍, പുകച്ചില്‍, വേദന, വേദനിപ്പിക്കുന്ന മുഴകള്‍, വള്‍വയിലെ ചര്‍മം ചുവപ്പോ വെളുപ്പോ തവിട്ടോ നിറത്തില്‍ തടിക്കല്‍‍ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. 

6. യോനിയിലുണ്ടാകുന്ന അര്‍ബുദം

യോനിയിലെ കോശസംയുക്തങ്ങളിലുണ്ടാകുന്ന ഈ അര്‍ബുദം ഗൈനക്കോളിക്കല്‍ അര്‍ബുദങ്ങളില്‍ അപൂര്‍വമായി മാത്രം വരുന്ന ഒന്നാണ്. ഏത് പ്രായത്തിലുമുളള സ്ത്രീകളെ ഇത് ബാധിക്കാമെങ്കിലും പ്രായമായവര്‍ക്കാണ് സാധ്യത കൂടുതല്‍. ആര്‍ത്തവം മൂലമല്ലാതെ യോനിയില്‍നിന്ന് രക്തസ്രാവം, ലൈംഗികബന്ധത്തിന് ശേഷം രക്തമൊഴുക്ക്, ഇടുപ്പില്‍ വേദന, യോനിയില്‍ മുഴകള്‍, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രത്തില്‍ രക്തം, മലദ്വാരത്തില്‍ വേദന എന്നിവയെല്ലാം ഈ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. 

ഗൈനക്കോളജിക്കല്‍ അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാല്‍ സങ്കീര്‍ണതകള്‍ കൂടാതെ രോഗിയെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഡോ. നാഗവേണി ചൂണ്ടിക്കാട്ടി. ഇതിനാല്‍ സ്വന്തം ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും എന്തെങ്കിലും അസാധാരണമായി തോന്നുന്ന പക്ഷം വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary: Cancers In The Reproductive System: Beware Of The Signs And Symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}