ADVERTISEMENT

കൊളസ്ട്രോളിന്റെ കാര്യത്തിൽ മലയാളിക്ക് വലിയ ഭയമുണ്ട്. കാരണം ആരോഗ്യകാര്യങ്ങളിലുള്ള അറിവിലും ആശങ്കയിലും മലയാളികൾ മുന്നിലാണ്. കൊളസ്ട്രോളിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും അറിയാം. പക്ഷേ കൃത്യമായി അവ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് മിക്ക കൊളസ്ട്രോൾ രോഗികളും വരുത്തുന്നത്. ഫലമോ കേരളീയരിൽ ഭൂരിഭാഗവും നിയന്ത്രണമില്ലാത്ത കൊളസ്ട്രോളിന്റെ പിടിയിൽ അമർന്നിരിക്കുന്നു. അതിന്റെ ഫലമായി കേരളത്തിൽ ഹൃദയാഘാതനിരക്കും പക്ഷാഘാതവുമൊക്കെ കൂടിക്കൊണ്ടിരിക്കുന്നു.

 

30 വയസ്സു കഴിഞ്ഞ പകുതി പേരും കൊളസ്ട്രോൾ രോഗികളായിരിക്കുന്നു . പ്രമേഹത്തിന്റെ കാര്യത്തിൽ ഈ തൊപ്പി നമുക്ക് ചാർത്തിക്കിട്ടിയിട്ട് കുറച്ചു കാലമായെങ്കിലും കൊളസ്ട്രോളിന്റെ കാര്യത്തിൽ സത്യം മനസ്സിലാക്കാൻ നമ്മൾ കുറേക്കൂടി വൈകി. മലയാളിയുടെ ഭക്ഷണരീതിയിൽ അടിമുടി മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് കൊളസ്ട്രോളിൻറെ വർധനയ്ക്കു കാരണമാകുന്നതെന്ന് ഒരു പഠനവും നമുക്ക് ലഭ്യമല്ല. 

 

കഴിഞ്ഞ 25 വർഷത്തെ ചരിത്രം പരിശോധിച്ചാൽ കായികാധ്വാനം ചെയ്യുന്ന കേരളീയരുടെ എണ്ണം വളരെ കുറയുകയും കൊഴുപ്പേറിയ ഭക്ഷണവും മധുരവും അമിതഭക്ഷണവും കഴിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. പൊണ്ണത്തടിയൻമാരുടെ എണ്ണം പല മടങ്ങായി. ആനുപാതികമായി കൊളസ്ട്രോൾ വർധനയും സംഭവിക്കും. 

 

ബീഫ്, മട്ടൺ തുടങ്ങിയ ചുവന്ന മാംസങ്ങളേക്കാൾ (റെഡ് മീറ്റ്) നല്ലത് കൊളസ്ട്രോൾ രോഗികൾക്ക് വെളുത്ത മാംസമായ (വൈറ്റ് മീറ്റ്) കോഴിയിറച്ചി തന്നെയാണ്. ചർമം നീക്കം ചെയ്ത കോഴിയിറച്ചിയിൽ കൊഴുപ്പിന്റെ അളവു മറ്റു മാംസങ്ങളേക്കാൾ കുറവാണ്. ഊർജസമൃദ്ധമാണെങ്കിലും വേണ്ടത്ര പോഷണങ്ങളില്ലാത്ത ഭക്ഷണരീതി മലയാളിയുടെ കൊളസ്ട്രോൾ വർധനയ്ക്കു പ്രധാന കാരണമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

അമിതമായ മദ്യപാനവും കൊളസ്ട്രോൾ കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. മദ്യവും ഒപ്പം കഴിക്കുന്ന വറപൊരി സാധനങ്ങളും കൂടിയാകുമ്പോൾ കൊളസ്ട്രോൾ കൂടാതെ മാർഗമില്ല. 

 

ലക്ഷണങ്ങൾ തീരെയില്ലേ..

വലിയവേദനയും മറ്റും ലക്ഷണമായി വരുന്ന നിസ്സാര രോഗങ്ങളെ പോലും അതീവ ഗൗരവത്തോടെ നമ്മൾ കാണാറുണ്ട്. എന്നാൽ ലക്ഷണമില്ല എന്ന ഒറ്റ കാരണത്താലാണ് മിക്കവരും കൊളസ്ട്രോളിനെ അവഗണിക്കുന്നത്. അമിതമായ കൊളസ്ട്രോളിനെ രക്ത പരിശോധനയിലൂടെ കൃത്യമായി മനസ്സിലാക്കാം. കൊളസ്ട്രോളിന്റെ ആദ്യ ശാരീരിക ലക്ഷണം ഹൃദ്രോഗവുമായി ബന്ധപ്പെട്ട നെഞ്ചുവേദനയോ അനുബന്ധ ലക്ഷണങ്ങളോ ആണ്. ആ ലക്ഷണങ്ങൾ കണ്ട ശേഷം കൊളസ്ട്രോൾ ചികിത്സിക്കാനായി കാത്തിരിക്കുന്നതു മണ്ടത്തരമല്ലേ? അപ്പോഴേക്കും കൊഴുപ്പടിഞ്ഞുകൂടി (അതിരോസ്ക്ലീരോസിസ്) ഹൃദയധമനികൾ ജരിതാവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കും.

 

ഇങ്ങനെയൊക്കെയാണെങ്കിലും കൊളസ്ട്രോൾ കൂടുന്നത് ചിലരെങ്കിലും ശാരീരികലക്ഷണങ്ങൾ കാണിക്കാറുണ്ട്. കുടുംബപരമായി കൊളസ്ട്രോൾ കൂടി നിൽക്കുന്ന ‘ഫാമിലിയൽ ഹൈപ്പർ കൊളസ്ട്രോളിമിയ’ ഉള്ളവരിലാണ് ഈ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നത്. ചർമത്തിനടിയിൽ കൊഴുപ്പു അടിഞ്ഞുകൂടി കട്ടി പിടിച്ചു നിൽക്കുന്നതാണ് ഒരു ലക്ഷണം. ശരീരത്തിൽ ഏതു ഭാഗത്തും ചെറുതോ മൂന്നിഞ്ചു വരെ വലുപ്പത്തിലോ ഇതു പ്രത്യക്ഷപ്പെടാം.

 

മറ്റൊരു ലക്ഷണമാണ് കോർണിയൽ ആർകസ്. കണ്ണിന്റെ കൃഷ്ണമണിയിൽ ചാരനിറത്തിലോ വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ കാണുന്ന ഒരു ചെറിയ തടിപ്പാണിത്. വളരെ അപൂർവം പേരിൽ മാത്രം കാണാറുള്ള ഈ ലക്ഷണം ചെറുപ്പക്കാരിലാണ് കൂടുതൽ.

 

ഭയമുണ്ട് പക്ഷേ...

കൊഴുപ്പു പേടിയിൽ മലയാളി ആണ്ടു നിൽക്കുമ്പോഴും ലക്ഷണത്തിലൂടെ കൊളസ്ട്രോൾ അലട്ടാത്തതാണ് അവഗണിക്കാൻ പ്രേരിപ്പിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കിയാൽ തന്നെയും ചികിത്സയ്ക്കു തയാറാകുന്നവർ വളരെ കുറവാണ്. ശരിയായ കൊളസ്ട്രോൾ ചികിത്സയ്ക്ക് വളരെ വ്യക്തമായ ഒരു സൂത്രവാക്യമുണ്ട്. ‘ഭക്ഷണ നിയന്ത്രണം+വേണ്ടത്ര വ്യായാമം+മരുന്ന്=കൊളസ്ട്രോൾ നിയന്ത്രണം’— ഇതാണ് ലോകം മുഴുവൻ അംഗീകരിച്ച സൂത്രവാക്യം. ചിലർക്ക് മരുന്ന് ഒഴികെയുള്ള ചികിത്സ മതിയാവും. എന്നാൽ, ഡോക്ടർ മരുന്നു കഴിക്കാൻ പറയുന്നത് മറ്റു നിരവധി സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ്; രോഗിയുടെ കൊളസ്ട്രോൾ അളവ്, ഹൃദ്രോഗപാരമ്പര്യം, പ്രമേഹസാധ്യത തുടങ്ങിയവ.

 

ഈ സൂത്രവാക്യം പാലിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടാലും അതിനെ മൂന്നു വിധത്തിലാണ് നമ്മൾ സമീപിക്കുന്നത്. ഇതു കൃത്യമായി പാലിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നവരുണ്ട്. അതിൽ വലിയൊരു ശതമാനവും ഒരിക്കൽ ഹൃദയാഘാതമോ അതിൻറെ ലക്ഷണമോ കാണിച്ചവരാണ്. അവരെ ഒഴിവാക്കിയാൽ പ്രതിരോധമെന്ന നിലയിൽ ഈ സൂത്രവാക്യം മുടക്കം കൂടാതെ അനുസരിക്കുന്നവർ ഒന്നോ രണ്ടോ ശതമാനം മാത്രമേ വരൂ.

 

ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്ത് മരുന്ന് ഒഴിവാക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എന്തു സംഭവിച്ചാലും മരുന്നു കഴിക്കില്ല. കൊളസ്ട്രോൾ മരുന്നിന്റെ ഗുണങ്ങളേക്കാൾ പാർശ്വഫലങ്ങളെക്കുറിച്ച് ഇവർ അമിതബോധവാന്മാരാണ്. വ്യായാമത്തിലൂടെ കൊളസ്ട്രോൾ അളവ് 10 മുതൽ 20 ശതമാനവും ഭക്ഷണനിയന്ത്രണത്തിലൂടെ 10—20 ശതമാനവും മാത്രമേ കുറയ്ക്കാനാവൂ. മിക്കപ്പോഴും ഡോക്ടർമാർ മരുന്നു നിർദേശിക്കുന്നത് ആദ്യത്തെ മൂന്നുമാസം ഈ പരീക്ഷണം നടത്തിയിട്ടും കൊളസ്ട്രോൾ കുറയാത്ത സാഹചര്യത്തിലാണ്. പക്ഷേ ഇക്കൂട്ടർ മരുന്നു കഴിക്കില്ല. ഫലമോ കൊളസ്ട്രോൾ ഉയർന്നു നിൽക്കുകയും ചെയ്യും.

 

മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെന്തിനാ വ്യായാമവും ഭക്ഷണനിയന്ത്രണവുമെന്നു കരുതുന്ന സുഖപ്രിയരാണ് മൂന്നാമത്തെ കൂട്ടർ. മരുന്നു കഴിക്കുന്നതു മൂലം ചിലർ കൂടിയ അളവിൽ കൊഴുപ്പേറിയ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാൽ കൊളസ്ട്രോൾ മരുന്നായ സ്റ്റാറ്റിനും പരിമിതിയുണ്ട്. ഭക്ഷണനിയന്ത്രണവും വ്യായാമവും പാലിക്കുന്നവരിൽ മരുന്നു കൂടുതൽ ഫലപ്രദമാണ്. വ്യക്തികളുടെ പ്രത്യേകതയനുസരിച്ച് മരുന്നിൻറെ ഫലത്തിൽ ഏറ്റക്കുറച്ചിലുകൾ കാണുകയും ചെയ്യും. അതിനാൽ കൊളസ്ട്രോളിനു മരുന്നു മാത്രമായി ഒരു മരുന്നില്ല. മരുന്ന് പൂർണമായുംഒഴിവാക്കുന്നതും മരുന്നു കഴിച്ചു മാത്രം കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും നിയന്ത്രണത്തിനുള്ള നല്ല മാർഗങ്ങളല്ല.

Content Summary: What Causes High Cholesterol ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com