ADVERTISEMENT

ചോദ്യം : എന്റെ മകൻ ഈയിടെയായി ഉറങ്ങിക്കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ കുറച്ചു നേരം ഉറക്കെ കരയുന്നതുപോലെ ശബ്ദമുണ്ടാക്കുകയും കാലിട്ടടിക്കുകയും ചെയ്യും. മിക്ക രാത്രികളിലും ഇതു കാണുന്നുണ്ട്. ഇതു ചികിത്സ ആവശ്യമുള്ള എന്തെങ്കിലും രോഗമാണോ?

ഉത്തരം : നിങ്ങളുടെ കുട്ടിക്ക് ‘നൈറ്റ് ടെറർ’ (Night terror) അല്ലെങ്കിൽ സ്ലീപ് ടെറർ (Sleep terror) എന്ന പ്രശ്നം ആകാനാണു സാധ്യത. നല്ല ഉറക്കത്തിലുള്ള കുട്ടി പെട്ടെന്നു ശബ്ദമുണ്ടാക്കുകയോ അലറിക്കരയുകയോ കൈകാലുകൾ ഇട്ടടിക്കുകയോ എഴുന്നേറ്റു നടക്കുകയോ ഒക്കെ ചെയ്യുന്നു. ഏതാനും മിനിറ്റുകൾക്കു ശേഷം കുട്ടി വീണ്ടും ഉറങ്ങുന്നു. ഉറക്കമുണർന്നു കഴിഞ്ഞാൽ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് തീരെ ഓര്‍മയില്ല. ഇതാണ് നൈറ്റ് ടെറർ ലക്ഷണങ്ങൾ. 

രാത്രിയിൽ ഏറ്റവും ആഴത്തിലുള്ള ഉറക്കത്തിന്റെ സമയത്താണ് നൈറ്റ് ടെറർ ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ എട്ടു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. കൗമാരപ്രായം എത്തുന്നതോടെ ഈ പ്രശ്നം കുറഞ്ഞു വരികയാണു ചെയ്യുക. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്നതനുസരിച്ച് ഇതു കുറഞ്ഞു വരുന്നു എന്നു പറയാം. ഇത് പേടിസ്വപ്നം കാണൽ (night mares) അല്ല. 

പേടിസ്വപ്നം കാണുന്നത് ഏതു പ്രായത്തിലുള്ള കുട്ടികളിലും ഉണ്ടാകാം. പേടിസ്വപ്നങ്ങൾ പുലർകാല ഉറക്കത്തിലാണ് മിക്കപ്പോഴും ഉണ്ടാകുന്നത്. ഉറക്കമുണർന്നു കഴിഞ്ഞാൽ അവയെക്കുറിച്ച് ഓർമ ഉണ്ടാകും. 

മാനസിക സമ്മർദം പലപ്പോഴും നൈറ്റ് ടെറർ ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. അതുപോലെ ഉറക്കത്തെ ബാധിക്കുന്ന ശാരീരിക അസുഖങ്ങളിലും (ഉദാഹരണത്തിനു പനി) ഈ പ്രശ്നം ഉണ്ടാകാം. ചില മരുന്നുകൾ ചിലപ്പോൾ നൈറ്റ് ടെററിനു കാരണമാകാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സു ശാന്തമായിരിക്കുക, വായു സഞ്ചാരമുള്ള ബഹളങ്ങൾ ഇല്ലാത്ത മുറിയിൽ ഉറങ്ങുക എന്നിവയൊക്കെ ആരോഗ്യമുള്ള ഉറക്കത്തിന് ആവശ്യമാണ്. അത് നൈറ്റ് ടെറർ പോലുള്ള ഉറക്ക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പ്രധാനമാണ്. അധിക ദിവസങ്ങളിലും നൈറ്റ് ടെറർ ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും വേണം. 

Content Summary : Are night terrors considered a mental illness? - Dr. P. Krishnakumar Explains 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com