ADVERTISEMENT

ഡിസംബർ പിറന്നതോടെ പ്രഭാതങ്ങൾക്ക് പതിവിലും അധികം തണുപ്പാണ്. ദീർഘ നേരം പുതച്ച് കിടുന്നുറങ്ങാൻ തോന്നുന്നതുകൊണ്ട് വ്യായാമത്തിന് ‘അവധി’ കൊടുത്താലോ എന്ന ചിന്തിക്കുന്നവരും കുറവല്ല. രാവിലെ മഞ്ഞു കാണുമ്പോൾ പുറത്തൊന്നു ചുറ്റി വരാമെന്നു കരുതിയാലും വസ്ത്രധാരണത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ ചുമ പിടിക്കാം. ഡിസംബർ മാസത്തിൽ പാലിക്കേണ്ട ചില ആരോഗ്യശീലങ്ങൾ നോക്കാം.

രോഗങ്ങൾ വരും തണുപ്പുകാലം

അന്തരീക്ഷ ഊഷ്മാവും ശരീരതാപനിലയും തമ്മിൽ ഏറ്റവും കൂടുതൽ വ്യതിയാനം വരുന്ന കാലമാണിത്. വീട്ടിലെ പ്രായമേറിയവർക്കും കൊച്ചുകുട്ടികൾക്കും ഒരുപോലെ രോഗങ്ങൾ വരുന്ന സമയമാണ്. കിഴക്കൻ മേഖലകളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴാൻ സാധ്യതയുണ്ട്. 

തണുപ്പ് ഒഴിവാക്കാം

തണുത്ത ആഹാരവും തണുത്ത വെള്ളത്തിലുള്ള കുളിയും ഒഴിവാക്കാം. പ്രായമായവർക്ക് നടുവേദന (Backpain) കൂടുതലായി അനുഭവപ്പെടുന്നത് ഈ കാലത്താണ്. രാത്രിയിൽ നടുവിനു ചുറ്റും ഫ്ളാനലോ തുണിയോ ചുറ്റി വച്ച് ചൂടു നിലനിർത്തുന്നതു പ്രയോജനപ്പെടും. കാലിൽ നീരു വീഴുന്നുണ്ടെങ്കിൽ തലയണ ഉപയോഗിച്ച് ഉയർത്തി വയ്ക്കുക.

ആസ്മാരോഗികൾ ശ്രദ്ധിക്കുക. 

ആസ്മാരോഗികൾ ((Asthma)) തണുപ്പുകാലത്ത് വളരെ ശ്രദ്ധ പുലർത്തണം. തണുപ്പു കൂടുതലുള്ള ആഹാരം ഒഴിവാക്കുക മാത്രമല്ല, കഠിനമായ അധ്വാനം വേണ്ടി വരുന്ന ജോലികളിൽ ഏർപ്പെടാതിരിക്കുകയും വേണം. തൊണ്ടവേദന, ചുമ തുടങ്ങിയവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാം. ശ്വാസതടസ്സം, തുമ്മൽ, ചർമരോഗങ്ങൾ എന്നിവ ഉള്ളവർ ലക്ഷണങ്ങൾ ഗുരുതരമെങ്കിൽ ഡോക്ടറെ സമീപിച്ചു ചികിത്സ തേടാൻ മറക്കരുത്. 

മദ്യപാനം നിയന്ത്രിക്കാം

തണുപ്പും ആഘോഷങ്ങളും ഒത്തുചേരുമ്പോൾ മദ്യത്തോടും പ്രിയം കൂടാം. സാധാരണയിലും അധികം അളവിൽ മദ്യം (Alcohol) കഴിച്ചാൽ മാത്രം ലഹരി തോന്നുന്ന കാലമാണിത്. അമിത മദ്യപാനം തീർച്ചയായും ഒഴിവാക്കുക. കരളിന് മദ്യം വരുത്തുന്ന ദോഷം ലിവർ സിറോസിസിന്റെ രൂപത്തിലാണ്. മദ്യപാനം മൂലം രക്താതിസമ്മർദം ഉണ്ടാകാം. മദ്യപരിൽ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. അമിതമദ്യപാനം ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളിലും കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. കരൾ, വായ്, അന്നനാളം, ആമാശയം, വൻകുടൽ എന്നിവയിൽ കാൻസർ വരാം. സ്ത്രീകളിൽ അണ്ഡാശയ കാൻസറും സ്തനാർബുദവും വരാനും കാരണമാകുന്നു. മദ്യപരിൽ ഒരു ചെറിയ ശതമാനം പേർ അമിതമദ്യാസക്തിയിലേക്കു നീങ്ങാറുണ്ട്. ഇത് ജീവിതത്തിന്റെ താളം തെറ്റിക്കും. ഇവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതു േതടുക തന്നെ വേണം. പകലും രാത്രിയും സുഖകരമായ കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങുന്ന ഈ സമയത്തെ സെക്സ് കൂടുതൽ ആസ്വാദ്യകരമാകും.  

Photo Credit: Diego Cervo/ Shutterstock.com
Photo Credit: Diego Cervo/ Shutterstock.com

ആരോഗ്യ ദിനാചരണങ്ങൾ

എയ്ഡ്സ് തടയാം

ഒരു കാലത്ത് വലിയ ഭീതിയോടെയാണ് നാം എയ്ഡ്സ് രോഗത്തെക്കുറിച്ചു കേട്ടിരുന്നത്. ആ ഭയത്തിന് കുറവൊന്നും വന്നിട്ടില്ല. ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് എന്ന രോഗാണുവാണ് എയ്ഡ്സ് രോഗം പകർത്തുന്നത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ദുർബലമാകുന്നു. എച്ച് ഐ വി ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കഴിവും നഷ്ടമാകുന്നു. ഡിസംബർ ഒന്നാം തീയതിയാണ് ലോക എയ്ഡ്സ് ദിനം (World Aids Day). രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനൊപ്പം രോഗബാധിതകർക്ക് സാന്ത്വനവും ധൈര്യവും കൂടി ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നു. 

ഭിന്നശേഷി ക്ഷേമം

ഭിന്നശേഷിയുള്ളവരെ മുഖ്യധാരാജീവിതത്തിലേക്ക് ആത്മവിശ്വാസമുള്ള വ്യക്തികളായി മടക്കിക്കൊണ്ടു വരുക എന്നത് സമൂഹത്തിന്റെ കൂടി ധർമമാണ്. ജീവിതത്തെ പൊരുതി നേരിടുന്നവർക്കു സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് ഡിസംബർ മൂന്ന്. രാജ്യാന്തര ഭിന്നശേഷി ദിനമായി (International Day of Persons with Disabilities)  ഈ ദിവസം ആചരിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ അന്തസ്സ്, അവകാശങ്ങൾ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനു കൂടിയാണ് ഈ ദിനം. 

Content Summary : How do you stay healthy during December?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com