നോ പറഞ്ഞതിന്റെ പേരിൽ മറ്റുള്ളവർ പിണങ്ങിക്കോട്ടെ, സമ്മർദം വേണ്ട, സന്തോഷമായിട്ടിരിക്കാം

HIGHLIGHTS
  • കുഞ്ഞുങ്ങളിൽ തുടങ്ങി, അവർ വളർന്ന് ഒരുപക്ഷേ അവരുടെ മരണം വരെ പിന്തുടർന്നേക്കാവുന്ന അവസ്ഥയാണ് മാനസിക സമ്മർദം
  • നിത്യജീവിതത്തിലുള്ള പല സമ്മർദങ്ങളും ജീവിതശൈലീ മാറ്റം കൊണ്ടു കൈകാര്യം ചെയ്യാൻ സാധിക്കും
zaileshia
ജി. സൈലേഷ്യ
SHARE

‘‘ ഇന്നലെയും കണ്ടതാണ്, അവൾ/ അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’’

ഉറ്റസുഹൃത്തോ സമീപവാസിയോ സഹപ്രവർത്തകരിൽ ആരെങ്കിലുമോ ജീവനൊടുക്കിയെന്നു കേൾക്കുമ്പോൾ ഞെട്ടലോടെ, പകപ്പോടെ നമ്മളിൽ പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും. ഊർജസ്വലതയോടെ ഓടി നടന്ന അവരുടെയുള്ളിൽ അസ്വസ്ഥതകളുടെ കനലെരിയുന്നത് അറിയാതെ പോയതിന്റെ നീറ്റലിൽ ആയിരിക്കും ഈ ആത്മഗതം. ‘എന്തിനായിരുന്നു’ എന്ന ചോദ്യത്തിന് ഉത്തരം തരാതെയുള്ള ആ കടന്നുപോക്ക്, അൽപം കൂടി സഹാനുഭൂതിയും അനുകമ്പയും സഹജീവികളോടു കാണിക്കണമെന്ന ഓർമപ്പെടുത്തൽകൂടി ബാക്കിവയ്ക്കുന്നില്ലേ. പ്രായഭേദമില്ലാതെ മാനസിക സമ്മർദം സാധാരണമാകുന്ന ഇക്കാലത്ത് കരുതലിന്റെ കരം നീട്ടി അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരേണ്ടതെങ്ങനെയാണെന്നും മാനസിക സമ്മർദത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും പറയുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ.

∙ മാനസിക സമ്മർദം ഒരാളുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കും?

കുഞ്ഞുങ്ങളിൽ തുടങ്ങി, അവർ വളർന്ന് ഒരുപക്ഷേ അവരുടെ മരണം വരെ പിന്തുടർന്നേക്കാവുന്ന അവസ്ഥയാണ് മാനസിക സമ്മർദം. പല പ്രായത്തില്‍ പല രീതിയിലുള്ള സമ്മർദം ആയിരിക്കും ഓരോരുത്തരും നേരിടുന്നത്. ഉദാഹരണത്തിന്, ചെറിയ കുട്ടിയായിരിക്കെ സ്കൂളിൽ ചേരുമ്പോഴുണ്ടാകുന്ന സെപ്പറേഷൻ ആങ്സൈറ്റി ആയിരിക്കും കൂടുതൽ. വിദ്യാർഥികൾക്ക്, പഠനത്തിൽ സഹപാഠികൾക്കൊപ്പം എത്താൻ കഴിയുന്നുണ്ടോ എന്ന ചിന്തയും ഇതിന്റെ പേരിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും സമ്മർദവും ഉണ്ടാകാം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യപ്പെടുന്നതും സമ്മർദമുണ്ടാക്കും.

കൗമാരത്തിൽ, അവരുടെ വ്യക്തിത്വം രൂപപ്പെടുന്ന സമയമായതു കൊണ്ട്, ഇന്നയാളെപ്പോലെ ആകണം എന്ന ആഗ്രഹവും ആരാധനയുമുണ്ടാകുമ്പോൾ ഐഡന്റിറ്റി കൺഫ്യൂഷൻ വരാറുണ്ട്. പ്ലസ്ടു കാലഘട്ടത്തിലൊക്കെ കരിയർ സംബന്ധിച്ചുള്ള ചോയ്സിനെക്കുറിച്ചുള്ള ചിന്തകളും മറ്റുള്ളവരെപ്പോലെയാകാനും അവരെപ്പോലെ ജീവിതവിജയം നേടാനുമുള്ള ആഗ്രഹവും സമ്മർദമുണ്ടാക്കും. വിവാഹക്കാര്യത്തിലും സമ്മർദമുണ്ട്. അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതുമുതൽ അന്യവീട്ടിലേക്കു താമസം മാറ്റുന്നതിനെക്കുറിച്ചുവരെയോർക്കുമ്പോൾ സമ്മർദമുണ്ടാവാം. അതിനുശേഷം ഒരു കുടുംബം നടത്തിക്കൊണ്ടു പോകാനുള്ള സ്ട്രെസ്, ജോലി നന്നായി ചെയ്യാനുള്ള സ്ട്രെസ് ഒക്കെയുണ്ട്. മധ്യവയസ്സിലേക്കു കടക്കുമ്പോൾ പല തരം അസുഖങ്ങൾ വന്നതിനുശേഷം അതിനോട് പൊരുത്തപ്പെടാനാള്ള സ്ട്രെസ് വരാം. അങ്ങനെ പലവിധത്തിൽ ജീവിതത്തിൽ പലവട്ടം സമ്മർദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. 

∙ സമ്മർദത്തിൽനിന്ന് പുറത്തു കടക്കാൻ

ആദ്യം വേണ്ടത് സമ്മർദത്തിന്റെ സ്രോതസ്സ് തിരിച്ചറിയുകയാണ്. ആദ്യമായി സ്കൂളില്‍ പോകുന്ന കുഞ്ഞിനോട്, തിരിച്ചു വീട്ടിലേക്കു തന്നെ കൊണ്ടു വരും എന്ന ഉറപ്പ് കൊടുക്കുന്നതുപോലെ അധ്യാപകരും മാതാപിതാക്കളും സംസാരിക്കുക. അക്കാദമിക് രംഗത്ത് ഏറ്റവും വലിയ റോൾ അധ്യാപകർക്കാണ്. ഒരിക്കലും കുട്ടികളെ ഇടിച്ചു താഴ്ത്തി സംസാരിക്കുകയോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയോ അരുത്. ഓരോ കുട്ടിക്കും അയാളുടെ തനതു വ്യക്തിത്വം വികസിപ്പിക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് പ്രധാനം. ഓരോരുത്തരുടെയും മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിക്കുന്നവരാണ് അധ്യാപകർ. അവർ ഗൈഡ് ചെയ്യുന്ന രീതി വിദ്യാർഥിയെ ജീവിതകാലം മുഴുവനും പിന്തുടർന്നേക്കാം. 

child care
Photo Credit : fizkes/ Shutterstock.com

കുട്ടികളുടെ ചില കഴിവുകളെപ്പറ്റി രക്ഷിതാക്കളോ കൂട്ടുകാരോ അധ്യാപകരോ പറയുന്ന കമന്റുകൾ അവരെ വേദനിപ്പിച്ചാൽ പിന്നെയൊരിക്കലും അവരാ കഴിവ് പരസ്യമായി പ്രകടിപ്പിച്ചെന്നു വരില്ല. കുഞ്ഞുങ്ങളുടെ ആ നല്ലകഴിവുകൾ അധ്യാപകരും മാതാപിതാക്കളും ചേർന്ന് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. 

കൗമാരക്കാരെ കൂട്ടുകാരാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുക. കൂട്ടുകാരെപ്പോലെ ആകാനുള്ള ശ്രമമൊക്കെയുണ്ടാകും. കളിയാക്കുന്ന കൂട്ടുകാരുണ്ടെങ്കിൽ അതൊക്കെ കുട്ടികളിൽ സമ്മർദമുണ്ടാക്കാറുണ്ട്. തടി, നിറം, കഴിവുകൾ, സംസാര രീതി, പരീക്ഷയിലെ മാർ‍ക്ക് അങ്ങനെ പല കാര്യങ്ങളും പലരും എടുത്തു പറയാറുണ്ട്. അതൊക്കെ കുട്ടികളിൽ സമ്മർദങ്ങൾ ഉണ്ടാക്കാം. ഒരാളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്ന കാര്യങ്ങളെപ്പറ്റി സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കാം.

∙ അഭിനന്ദിക്കാം പഠിക്കാം, പഠിപ്പിക്കാം

അഭിനന്ദിക്കണമെന്നു കുട്ടികളെ പഠിപ്പിക്കാം. നമുക്ക് കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ്. അത് വളരെ സ്വകാര്യമായി മാത്രം ചെയ്യുക. പക്ഷേ പരസ്യമായി അഭിനന്ദിക്കാനും എന്തു നല്ലതു കണ്ടാലും എടുത്തു പറയാനും മറ്റൊരാളുടെ ഗുണങ്ങളെയും നേട്ടങ്ങളെയും അംഗീകരിച്ച് അയാളുെട സന്തോഷത്തിന്റെ ഭാഗമാകാനും കുട്ടികളെ തീർച്ചയായും പഠിപ്പിക്കണം. പ്ലസ്ടു കാലഘട്ടത്തിൽ കരിയറിനെപ്പറ്റി ചിന്തിച്ചുതുടങ്ങും. ജീവിതത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്ന് ഇതുവരെ തീരുമാനിച്ചില്ലേ എന്നൊക്കെ പറഞ്ഞ് കുട്ടിയെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. കാരണം, കാലം മാറും തോറും പുതിയ കോഴ്സുകളും പുതിയ ജോലികളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ പുതിയ കാര്യങ്ങൾ കണ്ടെത്തി അതു കുട്ടിയുമായി പങ്കുവച്ച്, അയാളുടെ കഴിവുകളും അഭിരുചികളും നമ്മൾ കണ്ടെത്തിയ കാര്യങ്ങളുമായി ചേരുമോ, കുട്ടിക്ക് അതിൽ താൽപര്യമുണ്ടോ എന്നൊക്കെ കണ്ടെത്തി കാര്യങ്ങൾ തീരുമാനിക്കാം. അഭിരുചി പരീക്ഷകളൊക്കെ ലഭ്യമാണ്. അതിലൂടെ യോജിച്ച കരിയർ കണ്ടെത്താൻ ശ്രമിക്കാം.

ഇഷ്ടമില്ലാത്ത ജോലി ഏറെക്കാലം ചെയ്യേണ്ടി വന്നതു കൊണ്ടു മാത്രം വിഷാദത്തിലായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. നമ്മൾ അതേ തെറ്റ് ജീവിതത്തിൽ ആവർത്തിക്കരുത്. ഇതുവരെ പഠിച്ചതു പലതും അഴിച്ചു പണിത്, പുതിയതായി എന്തു ചെയ്യാൻ പറ്റും എന്നു തിരിച്ചറിഞ്ഞാൽ‌ മാനസിക സമ്മർദത്തെ അതിന്റെ സ്രോതസ്സിൽനിന്നു തന്നെ മുറിച്ചു മാറ്റി പുതിയ, പ്രതീക്ഷയുള്ള ഒരു ഘട്ടത്തിലേക്കു കടക്കാം.

∙വർക്ക് –ലൈഫ് ബാലൻസിനു വേണ്ടി എന്തൊക്കെ കരുതലെടുക്കണം?

stress and stroke
Photo Credit: PeopleImages/ Istockphoto

പലരുടെയും സംശയമാണ് അല്ലെങ്കിൽ പലരും ബുദ്ധിമുട്ടുന്ന കാര്യമാണ് വർക്ക് –ലൈഫ് ബാലൻസ് എങ്ങനെ സാധ്യമാക്കാം എന്നത്. നമ്മുടെ ജോലിയും ജീവിതവും എങ്ങനെ ബാലൻസ് ചെയ്യാം എന്നു നോക്കാം. ‘നമ്മൾ’ എന്നയാള്‍ക്കു പ്രാധാന്യം ഉണ്ട് എന്നത് ആദ്യം മനസ്സിലാക്കണം. ജോലിയും ജീവിതവും രണ്ടു കാര്യങ്ങളാണ്. അവയുടെ കാര്യത്തിൽ പലരും 50–50 എന്ന ഒരു തെറ്റായ തുലനത്തിലേക്കു പോകുകയും ‘ഇത്  എനിക്കു പറ്റുന്നില്ല’ എന്ന മിഥ്യാധാരണയിൽ കുരുങ്ങുകയും അതിന്റേതായ മാനസിക സമ്മർദം അനുഭവിക്കുകയും ചെയ്യാറുണ്ട്. മനസ്സിലാക്കേണ്ട കാര്യം, നമ്മുടെ ജോലിയല്ല നമ്മളെ നിർവചിക്കുന്നത് എന്നാണ്. നമുക്കു ചെയ്യാൻ മറ്റനേകം കാര്യങ്ങളുമുണ്ട്. 40% സമയം ജോലിക്കും 40% സമയം കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ബാക്കി 20% സമയം ‘മീ ടൈം’ ആയും മാറ്റിവച്ചാൽ നമുക്ക് നമ്മളെ റീചാർജ് ചെയ്യാനുള്ള അവസരം ഉണ്ടാകും. അപ്പോൾ ജോലിയും ജീവിതവും നല്ല രീതിയിൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. 

∙ മീ ടൈം എങ്ങനെ കണ്ടെത്താം, ആ സമയത്ത് എന്തൊക്കെ ചെയ്യാം

എങ്ങനെയാണ്  മീ ടൈം അല്ലങ്കിൽ പഴ്സനൽ സ്പേസ് കണ്ടെത്തുക എന്ന് പലർക്കും സംശയം തോന്നാം. കാരണം കഴുത്തൊടിയുന്ന വേഗത്തിലാണ് ജീവിതം പൊയ്ക്കോണ്ടിരിക്കുന്നത്. ജോലി, വീട്ടിലെ കാര്യങ്ങൾ, കുട്ടികൾ, ഭക്ഷണം ഉണ്ടാക്കൽ അങ്ങനെ ഒരുപാടു കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ട്. തൊഴിലിടത്തിലേക്കുള്ള യാത്ര, അതിനു ചെലവാക്കുന്ന സമയം, സന്ദർഭം ഇതൊക്കെ പ്രധാനപ്പെട്ടതാണ്. വീട് എന്നത് ഒരാളുെട മാത്രം ഉത്തരവാദിത്തമല്ല എന്ന് ആദ്യം മനസ്സിലാക്കണം. വീട്ടിലുള്ള ആളുകളെല്ലാം ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുക എന്നത് കുടുംബത്തിന്റെ സന്തോഷത്തിന്റെ ആകെത്തുകയ്ക്കു വളരെ നിർണായകമാണ്. 

മീ ടൈം കണ്ടെത്തി എന്താണു െചയ്യേണ്ടത് എന്ന് അറിയാത്ത ആൾക്കാരുണ്ട്. ഓരോരുത്തർക്കും സന്തോഷം തരുന്നത് ഓരോ കാര്യങ്ങളായിരിക്കും. സിനിമ കാണുന്നതോ ഇൻസ്റ്റഗ്രാമിൽ റീൽസ് കാണുന്നതോ സുഹൃത്തുക്കളോടു സംസാരിക്കുന്നതോ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നതോ അടുക്കിപ്പെറുക്കി വൃത്തിയാക്കുന്നതോ യാത്ര പോകുന്നതോ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഭക്ഷണം കഴിക്കാന്‍ പോകുന്നതോ ഒക്കെയാവും ഓരോരുത്തർക്കും ഇഷ്ടം. അങ്ങനെ നമുക്കെന്താണോ സന്തോഷം തരുന്നത്, അതു കണ്ടെത്തി അതിനു വേണ്ടി ദിവസം 10 മിനിറ്റെങ്കിലും നിർബന്ധമായും മാറ്റി വച്ചാലേ പഴ്സനൽ സ്പേസ് ഉപയോഗപ്പെടുത്തിയിട്ടുള്ള പഴ്സനൽ റീചാർജിലേക്കു നമുക്കു പോകാൻ പറ്റൂ. അതിന് ഒരു കുടുംബത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. 

കുടുംബത്തിലെ ജോലികൾ പലർക്കായി വീതിച്ചു കൊടുക്കുകയും അത് സ്ഥിരമായി ചെയ്യുക എന്നുള്ള രീതി കുടുംബാംഗങ്ങൾ പാലിക്കുകയും വേണം. മറ്റേയാൾക്കു ചെയ്യാൻ പറ്റാത്ത ദിവസം ഞാൻ ചെയ്യുക എന്നത് ഒട്ടും അനുകൂലമായ സമീപനം അല്ല. ഒരു ജോലി ഒരാൾ ഏറ്റെടുക്കുകയാണെങ്കില്‍ സ്ഥിരമായിട്ട് അയാളതു ചെയ്യുക. എങ്കിൽ മാത്രമേ മറ്റേയാളുടെ ഭാരം ഒഴിവാകുകയുള്ളൂ. അങ്ങനെയൊരു പാറ്റേൺ ഫാമിലി സിസ്റ്റം പുതിയ കുടുംബ മൂല്യങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നുള്ളതാണ് വർക്കും ലൈഫും ബാലൻസ്ഡ് ആക്കാനായി ഏറ്റവും അത്യാവശ്യമായി വേണ്ടത്.

tips-to-overcome-stress-in-kids-during-lockdown
Representative image. Photo Credits/ Shutterstock.com

∙ സമ്മർദത്തിന് ചികിൽസ തേടേണ്ടതെപ്പോൾ?

നിത്യജീവിതത്തിലുള്ള പല സമ്മർദങ്ങളും ഈ പറഞ്ഞ ജീവിതശൈലീ മാറ്റം കൊണ്ടു കൈകാര്യം ചെയ്യാൻ സാധിക്കും. പക്ഷേ നമ്മുടെ സ്ട്രെസ് ഒരു പരിധി കടന്ന് ഒരു ക്ലിനിക്കൽ ആയിട്ടുള്ള ഒരവസ്ഥയിലേക്ക് മാറുകയാണെങ്കിൽ സഹായം തേടാൻ മടി കാണിക്കരുത്. എപ്പോഴാണ് സഹായം തേടേണ്ടത് എന്നത് ഒരു ചോദ്യമാണ്. അതിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കം, വിശപ്പ് തുടങ്ങിയ ജീവശാസ്ത്രപരമായ കാര്യങ്ങളെ കാര്യമായി ബാധിച്ചെങ്കിൽ നമ്മളത് പ്രത്യേകം ശ്രദ്ധിക്കണം. നമുക്കൊന്നും ചെയ്യാനുള്ള പ്രേരണ ഇല്ല,  ആകെയൊരു മടുപ്പ്, എനർജി കുറവ്, ഊർജം എടുത്ത് ഒന്നും ചെയ്യാനായി തോന്നുന്നില്ല, ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വലിയ ബാധ്യത നമുക്ക് അനുഭവപ്പെടുന്നു. അങ്ങനെയൊരു മാനസികാവസ്ഥയുണ്ടായാൽ നമ്മളതിന് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതാണ്. വേറൊന്ന്, നമുക്ക് പൊട്ടിത്തെറിച്ചു പെരുമാറാനുള്ള പ്രവണത ഉണ്ട്. നമ്മുടെ ബന്ധങ്ങളെ അത് ബാധിക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ ജോലി സ്ഥലത്ത് അതിനാൽ പ്രശ്നങ്ങൾ വരുന്നുണ്ടെങ്കിലും നമ്മളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനിയൊന്ന്, പല കാര്യങ്ങളിലും നമ്മുടെ ശ്രദ്ധ കുറഞ്ഞിരിക്കുന്നു. നമ്മൾ കൂടുതലായി തെറ്റുകൾ വരുത്തുന്നു. നമുക്ക് പ്ലാൻ ചെയ്യാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ നമ്മൾ പല കാര്യങ്ങളും വിട്ട് പോകുന്നു. പക്ഷേ പിന്നീട് നമുക്കത് ഓർമ വരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിലാണെങ്കിൽ നമ്മൾ സഹായം തേടേണ്ട സമയമായി.

∙ടെൻഷൻ, സ്ട്രെസ്, ഡിപ്രഷൻ ഇവയിൽനിന്ന് എങ്ങനെ കരകയറാം?

women-in-stress-photo-credit-fizkes

മാനസികാരോഗ്യം നിലനിർത്താനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഏറ്റെടുക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ദൃഢചിത്തരാകണം. നോ പറയേണ്ടിയിടത്ത് അതു പറയാനാൻ ശീലിക്കണം. പലർക്കും നോ പറയണമെന്ന ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ പറയണമെന്ന് അറിയില്ല. ഒരു കാര്യം വേണ്ട സമയത്ത് വേണ്ട രീതിയിൽ പറയാൻ ശീലിക്കുന്ന അസേർ‌ട്ടീവ്നെസ് ട്രെയിനിങ് ഒക്കെ പലരും തെറാപ്പിയിലൂടെ നേടിയെടുക്കാറുണ്ട്. ആരെയും വിഷമിപ്പിക്കരുത് എന്ന സംഗതി മാറ്റിവച്ചിട്ട്, അവനവന്റെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളായി നമ്മൾ മാറണം.

നമ്മുെട തലച്ചോറാണല്ലോ മാനസികാരോഗ്യത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. തലച്ചോറിന്റെ വിശ്രമം ഉറക്കമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകൾ കോംപ്രമൈസ് ചെയ്യുന്ന ഒരു കാര്യം ഉറക്കമാണ്. ഉറക്കം കോംപ്രമൈസ് ചെയ്യാതിരിക്കുക എന്നതു ശീലമാക്കണം. വെളിച്ചമില്ലാത്ത സമയത്ത് ഉറങ്ങിയെങ്കിൽ മാത്രമേ തലച്ചോറ് വിശ്രമിക്കുകയുള്ളൂ. രാത്രിയിൽ ഉറക്കം കുറവാണെങ്കിലും പകൽ കിടന്നുറങ്ങി അതു പരിഹരിക്കാമെന്നു പലരും ചിന്തിക്കാറുണ്ട്. അതൊരു തെറ്റിദ്ധാരണയാണ്. രാത്രി തന്നെ കഴിവതും ഉറങ്ങാനായി ശ്രമിക്കുക. എത്ര സമയം ഉറങ്ങണമെന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അത് കണ്ടുപിടിക്കാനുള്ള എളുപ്പ മാർഗം, 21 ദിവസം നിങ്ങൾ എന്നും ഒരേ സമയത്ത് ഉറങ്ങണം. അലാം വയ്ക്കാതെ എത്ര മണിക്ക് എഴുന്നേൽക്കുന്നുവെന്ന് നോക്കണം. ആ 21 ദിവസത്തെ ശരാശരി എടുത്തു നോക്കിയാൽ നിങ്ങൾക്ക് ഉറക്കത്തിന് ആവശ്യമായ മണിക്കൂറുകൾ ഏകദേശം എത്രയാണെന്ന് മനസ്സിലാക്കാം. 

അതുപോലെ  പ്രധാനമാണ് ഭക്ഷണം സമയത്തു കഴിക്കുക എന്നത്. കാരണം വയറിന്റെ ആരോഗ്യം പലപ്പോഴും ആധിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആധിയുണ്ടെങ്കിൽ വയറിന്റെ അവസ്ഥ മോശമാകും. അതുകൊണ്ട് സമയത്ത് ഭക്ഷണം കഴിച്ചില്ല, സമയത്ത് ഉറങ്ങിയില്ല എങ്കിൽ നമുക്ക് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. 

mental health
Those who experienced a sustained decline or consistently very poor mental health were more likely to have had pre-existing mental or physical conditions. Image courtesy: IANS

∙ ഒരാൾ ഡിപ്രഷനിലാണോ, ആത്മഹത്യയുടെ വക്കിലാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഒരു പരിഹാരവും ലഭിക്കാതെ ജീവിതം അവസാനിപ്പിക്കുന്നവരുെട എണ്ണം കൂടി വരികയാണ്. ഒരാൾ ഒരു പ്രശ്നം തുറന്നു പറയുമ്പോൾ പലരും പലവിധത്തിലായിരിക്കും പെരുമാറുന്നത്. ‘എനിക്കു വിഷമം തോന്നുന്നു, വിഷാദം തോന്നുന്നു, എന്തു ചെയ്യണമെന്നറിയില്ല’ എന്നൊക്കെ ഒരാൾ പറയുമ്പോൾ, ‘അത് തോന്നലാണ്, എല്ലാവർക്കും ഉള്ളതാണ്, അത് മാറിക്കോളും’ എന്നു പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോൾ നമ്മൾ അറിയുന്നില്ല നമ്മൾ ഒരാളുടെ പ്രതീക്ഷയാണ് തല്ലിക്കെടുത്തുന്നതെന്ന്. ആത്മഹത്യയെ വലിയ ദുഃഖമായി ആചരിക്കുകയും പക്ഷേ ജീവിച്ചിരിക്കുന്ന ആളുടെ ദുഃഖം കാണാതിരിക്കുകയും ചെയ്യുന്നൊരു സമൂഹമായി മാറുന്നത് തികച്ചും കുറ്റകരമാണ്. 

പ്രശ്നങ്ങൾ പറയുന്ന ആൾക്കാരോട് നമുക്കു സഹാനുഭൂതിയുള്ളവരാകാം. അയാളെ കേൾ‌ക്കാം. സാധ്യമെങ്കിൽ സഹായിക്കാം. പക്ഷേ അതൊന്നും ചെയ്യാതെ, അവർ പറയുന്നതിനെ നിസ്സാരമായി കാണുന്ന തരത്തിൽ ഒരിക്കലും അവരോടു സംസാരിക്കരുത്. വളരെ വ്യാപകമായിട്ടുള്ള തെറ്റിദ്ധാരണയാണ് ‘ഞാൻ മരിക്കും’ എന്നു പറയുന്ന ആൾക്കാർ ഒരിക്കലും അത് െചയ്യില്ല എന്നുള്ളത്. അങ്ങനെ നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. അത്തരം അവസരത്തിൽ ഒരാൾക്ക് ആത്മഹത്യാ പ്രവണത ഉണ്ടോ എന്നു തിരിച്ചറിയാം. ഒരുപക്ഷേ നമുക്കാ മാർഗം കാണുമ്പോൾ അവരുടെ ഉദ്ദേശ്യത്തിന്റെ തീവ്രത മനസ്സിലാക്കാൻ പറ്റും. ചിലർ വാതിലടച്ച് കുറ്റിയിട്ട് അല്ലെങ്കില്‍ പുലർച്ചെ ആരും കാണില്ല എന്നുറപ്പു വരുത്തി മരിക്കുന്നുണ്ടെങ്കിൽ അത്രയും തീവ്രമായ ആഗ്രഹം അവർക്ക് ഉള്ളതുകൊണ്ടാണ്. പെട്ടെന്നുള്ള ദേഷ്യം മൂലമോ വാക്കുതർ‌ക്കത്തെ തുടർന്നോ ഓടി മുറിയിൽ കയറി വലിയ ആഴത്തിലല്ലാതെ കൈമുറിക്കുന്ന ഒരാൾക്ക് ഒരു പക്ഷേ അത്രയും തീവ്രമായ ആഗ്രഹം ഉണ്ടാകണമെന്നില്ല. പക്ഷേ എന്തു തന്നെ ആണെങ്കിലും ഈ പ്രവണത മനുഷ്യരിൽ കാണുന്നുണ്ടെങ്കിൽ അവർക്ക് മാനസിക സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി കുറവാണെന്നു മനസ്സിലാക്കി, അവരെ സഹായിക്കാനുള്ള മനഃസ്ഥിതി ഓരോരുത്തരും വികസിപ്പിച്ചെടുക്കേണ്ടതാണ്. 

വീട്ടിലുള്ള ഒരാൾക്ക് വിഷാദമോ ആത്മഹത്യ പ്രവണതയോ ഉണ്ടോ എന്നത് കുടുംബാംഗങ്ങൾക്കു തിരിച്ചറിയാൻ പറ്റണമെന്നില്ല. കാരണം ആ വ്യക്തി ദിവസവും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടായിരിക്കാം. മാസ്ക്ഡ് ഡിപ്രഷൻ എന്നൊക്കെ പറയാറുണ്ട്. അപ്പോൾ അവർ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തിട്ട് നിനച്ചിരിക്കാതെ ഒരു നിമിഷത്തിലായിരിക്കും പോകുന്നത്. അതുകൊണ്ട് എപ്പോഴെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകളെ കുറിച്ച് അവർ പറയുന്നുണ്ടെങ്കിൽ, അവർക്ക് ഒരു മെന്റൽ ഹെൽത്ത് പ്രഫഷനലിന്റെ സേവനം ലഭ്യമാക്കാനോ മറ്റു ക്ലിനിക്കൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയാനോ അവരെ ഒരു സ്ക്രീനിങ്ങിനു കൊണ്ടു പോകണം.

Content Summary: How to manage Stress? Clinical Psychologist G.Zaileshia explains

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS