ബെംഗളൂരു നഗരത്തിൽ നഗ്നപാദനായി ഓടുന്ന തോമസ് ബോബി ഫിലിപ്; മകൾക്കു വേണ്ടി തുടങ്ങിയ ഓട്ടം തുടരുന്നതിനു പിന്നിൽ

Thomas bobby philip
തോമസ് ബോബി ഫിലിപ്
SHARE

ശരീരത്തിൽ കൊഴുപ്പുണ്ട്, ബോബി ആരോഗ്യം ശ്രദ്ധിക്കണമെന്നു ഡോക്ടർ പറഞ്ഞതിനു പിന്നാലെയാണ് മകൾ അലീനയുടെ സ്കൂൾ സ്പോർട്സ് ദിനമെത്തിയത്. കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുൻപ് അൽപം പരിശീലനം  ആകാമെന്നു പറഞ്ഞു ബോബിയാണു മകളെ ആദ്യം ഓടിച്ചത്. ബെംഗളൂരു നഗരത്തിലെ ഇന്ദിരാനഗറിലുള്ള ബിഡിഎ പാർക്കിനുചുറ്റും ഓടിയായിരുന്നു അച്ഛന്റെയും മകളുടെയും അരങ്ങേറ്റം. പഠിക്കുന്നകാലത്ത് ഒരിക്കൽപോലും ട്രാക്കിൽ ഇറങ്ങിയിട്ടില്ലാത്ത ബോബി മകളെ വഴിനീളെ ഓടിച്ചു പഠിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തതു വഴിത്തിരിവായി. സ്കൂളിലെ സ്പോർട്സ് കഴിഞ്ഞപാടെ മകൾ ഓടിയൊളിച്ചു. 14 വർഷം കഴിഞ്ഞിട്ടും അച്ഛൻ ഓട്ടം തുടരുന്നു.  

ബെംഗളൂരു  എയർപോർട്ട് റോഡിലും എംജി റോഡിലും കബ്ബൺ പാർക്കിലുമൊക്കെ അതിരാവിലെ തോമസ് ബോബി ഫിലിപ്പെന്ന ഈ അച്ഛനെ കാണാനാകും. കാണുന്നവരുടെയെല്ലാം നോട്ടമെത്തുക ആ കാലുകളിലേക്കാണ്. മാരത്തൺ ഓട്ടക്കാർക്കിടയിലും കായികപ്രേമികൾക്കിടയിലും ‘ബെയർഫുട് ബോബി’ എന്നഓമനപ്പേരു സമ്മാനിച്ച ആ നഗ്നപാദങ്ങളിലേക്കു തന്നെ. 

നോക്കി നോക്കിയങ്ങനെ...

രാവിലത്തെ നല്ല നടപ്പുകാരും ട്രക്ക് ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും വിദ്യാർഥികളുമൊക്കെ എപ്പോൾ കണ്ടാലും ബോബിയെ കൈവീശികാണിക്കുക പതിവാണ്. അവർ കാണിക്കുന്ന സ്നേഹത്തിനുള്ള മറുപടിയെന്നോണം ഓട്ടത്തിനിടയിൽ കൈവീശി കാണിക്കുകയെന്ന ദൗത്യംകൂടി ബോബി ഏറ്റെടുത്തു. കാറിലാണെങ്കിലും ട്രാഫിക് കുരുക്കിലാണെങ്കിലും അപ്പുറത്തും ഇപ്പുറത്തും നിന്നു നോട്ടങ്ങളും കൈവീശികാണിക്കലും ബോബിയിലേക്ക് ഓടിയെത്താറുണ്ട്.

10 കിലോമീറ്ററിൽ  തുടക്കം

കോഴഞ്ചേരി ചെറുകോൽപുഴ നെടുമണ്ണിൽ എൻ.ടി.ഫിലിപ്പിന്റെയും കറുകച്ചാൽ ശാന്തിപുരം നെടുങ്ങാടപ്പള്ളിൽ കുഞ്ഞൂഞ്ഞമ്മയുടെയും മകനായ ബോബി 38 വയസ്സുവരെ മുംബൈക്കാരനായിരുന്നു. കംപ്യൂട്ടർ എൻജിനീയർ ജോലിയുടെ ഭാഗമായാണു ബെംഗളൂരുവിലേക്കു കുടിയേറിയത്.  2009ൽ ആണ് ആദ്യമായി ഓടാനിറങ്ങിയത്. ഓട്ടം തുടങ്ങി അഞ്ചു മാസമായപ്പോഴേക്കും ബെംഗളൂരുവിൽ 10 കിലോമീറ്റർ ചാലഞ്ചിൽ പങ്കടുത്തു.  ഓട്ടം ബ്രേക്ക് ചെയ്യാതെ ഫിനിഷ് ചെയ്യണമെന്നതു മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. അതു സാധ്യമായതോടെ ആവേശമായി. 2010ൽ  കാണുന്നത് മുംബൈ ഹാഫ് മാരത്തണിൽ. 2011ൽ ന്യൂഡൽഹിയിൽ ഫുൾ മാരത്തൺ.

ഷൂസിന് ഗുഡ്ബൈ

പിറ്റേവർഷമായിരുന്നു ആ കാലുമാറ്റം. ഷൂസില്ലാതെ നടക്കാനിറങ്ങി ഒരു ഞായറാഴ്ച. ചെരുപ്പില്ലാതെ ബെംഗളൂരു സിറ്റിയിൽ നടക്കുന്ന ഇവനാരെടെ എന്ന മട്ടിലുള്ള ആളുകളുടെ നോട്ടമായിരുന്നു പ്രധാന ഹർഡിൽ. അതു വകവയ്ക്കാതെ, ട്രെയിനിങ്ങില്ലാത്ത ദിവസങ്ങളിൽ ഷൂസിനു വിശ്രമം നൽകി നഗ്നപാദനായി ഓട്ടം തുടർന്നു. പിന്നെപ്പിന്നെ ഷൂസ് ധരിക്കുന്നതു ഭാരമായി. മെല്ലെ മെല്ലെ അവ ബോബിയുടെ കാലുകളൊഴിഞ്ഞു. 

ഡൽഹിയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും കൊച്ചിയിലുമൊക്കെ മാരത്തൺ ഓടി. പിന്നെ ഒരു  തണുപ്പുകാലത്ത് അമേരിക്കയിലെ ബോസ്റ്റണിൽ. പ്രശസ്തമായ ആ മാരത്തണിൽ നഗ്നപാദനായി ഓട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനായി. പിന്നാലെ കലിഫോർണിയയിലും ഓടി. മറ്റൊരിക്കൽ ന്യൂയോർക്കിലും. തായ്‌ലൻഡിലെ പുക്കേതിൽ ഹാഫ് മാരത്തണിൽ 50 പ്ലസ് വിഭാഗത്തിൽ വിജയപീഠത്തിലേറി; അതും 40 പ്ലസുകാരിലെ വിജയികളെക്കാൾ കുറഞ്ഞ സമയത്തിൽ. 

bobby1
ബോബി ബോസ്റ്റൺ മാരത്തണിനു ശേഷം

കെപിഎംജി ഉദ്യോഗസ്ഥയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഭാര്യ സൂസനും മകളും ഒരിക്കൽ ബോബിക്കൊപ്പം നഗ്നപാദരായി ഓട്ടത്തിൽ പങ്കെടുത്തിരുന്നു.

പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ...

കാൽപാദങ്ങൾക്കും സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നാണു തോമസ് ബോബി ഫിലിപ് പറയുന്നത്.  ഓഫിസിൽ ചെന്നാലും ചെരിപ്പ് അഴിച്ചുമാറ്റിവയ്ക്കുക പതിവ്. ഔദ്യോഗിക മീറ്റിങ്ങുകൾക്കോ കല്യാണച്ചടങ്ങുകൾക്കോ പോകുമ്പോൾ മാത്രം ഷൂസ് ധരിക്കും. നഗരങ്ങളിലും വിമാനത്താവളങ്ങളിലുമൊക്കെ ചെരുപ്പില്ലാതെയുള്ള തന്റെ നടത്തം ആളുകൾ കൗതുകത്തോടെ നോക്കുന്നതു ബോബി ആസ്വദിക്കാറുണ്ട്.  വിമാനത്താവളത്തിലോ മറ്റോ ആരെങ്കിലും ചോദ്യംചെയ്താൽ ഷൂസോ ചെരിപ്പോ ധരിക്കണമെന്ന നിയമം എവിടെയാണുള്ളതെന്ന ചോദ്യത്തോടെ അതവസാനിക്കും. 

‘നോക്കിയ’ കമ്പനിയിൽ ഗ്ലോബൽ കേപബിലിറ്റി മാനേജരായിരിക്കെ അടുത്തിടെ വിരമിച്ച ഈ അൻപത്തിയാറുകാരൻ,  പാഷനു പ്രായം തടസ്സമാകില്ലെന്നുകൂടി ഓർമിപ്പിച്ചാണ് ഓട്ടംതുടരുന്നത്. അവധിക്കു നാട്ടിലെത്തുമ്പോൾ, ചെറുകോൽപഴ കൺവൻഷൻ മണപ്പുറത്തിനു സമീപം പമ്പയാറ്റിലെ മുങ്ങിക്കുളി ശീലമായിരുന്ന ബോബി ഇപ്പോൾ നീന്തൽ ശീലമാക്കാനുള്ള ഒരുക്കത്തിലുമാണ്.

Content Summary: Thomas Bobby Phillip running barefoot in the city of Bangalore

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS