ADVERTISEMENT

ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ബ്രേക്ക് എടുത്ത് ഒന്നും ചെയ്യാതെ മടി പിടിച്ച് ചുരുണ്ടു കൂടിയിരിക്കാന്‍ തോന്നിയിട്ടില്ലേ? ചെയ്തു തീർക്കാൻ ഏറെ ജോലികള്‍ വീട്ടിനകത്തും പുറത്തും ഉള്ളവരെ സംബന്ധിച്ചിടത്തോളം മടി പിടിച്ച് വെറുതേയിരിക്കുക എന്നത് സങ്കല്‍പിക്കാന്‍ കൂടി സാധിക്കില്ല. അവധിയെടുത്ത് വീട്ടിലെത്തിയാലും ചിലര്‍ക്ക് വെറുതേ ഇരുന്നാല്‍ ഇരുപ്പുറയ്ക്കില്ല. വീട്ടിലെ എന്തെങ്കിലും തട്ട് മുട്ട് പണിയൊക്കെ കണ്ട് പിടിച്ച് അതില്‍ വ്യാപൃതരാകും. എന്നാല്‍ ആഴ്ചയിലൊരു ദിവസം ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്നത് സത്യത്തില്‍ ശരീരത്തിനും മനസ്സിനും വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

24 മണിക്കൂറും ജോലി ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപകാരമാകും മടി നിറഞ്ഞ ഒരു ദിനം. ജോലിയല്ലാത്ത വിശ്രമം നല്‍കുന്ന എന്തും ഈ ദിവസം ചെയ്യാം. വെറുതേ ഒരു ദിവസം മുഴുവന്‍ കിടന്ന് ഉറങ്ങിയാലും കുഴപ്പമില്ല. ഇടയ്ക്കൊരു മടി എന്തു കൊണ്ടും നല്ലതാണെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ ഇവയാണ്. 

 

1. ഉൽപാദനക്ഷമത വര്‍ധിക്കും

അവധി ദിവസവും ജോലി ചെയ്തിട്ടും തൊഴിലിടത്തിലെ ഉൽപാദനക്ഷമത കുറയുന്നതായി തോന്നാറുണ്ടോ? ആവശ്യത്തിന് വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഉൽപാദനക്ഷമതയെ ബാധിക്കും. ഉറക്കമില്ലായ്മയും സമ്മര്‍ദവും പ്രതികൂലഫലമാണ് ഉൽപാദനക്ഷമതയില്‍ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത് വിശ്രമിച്ചാല്‍ കൂടുതല്‍ ഊര്‍ജത്തോടെ അടുത്ത നാള്‍ പ്രവര്‍ത്തനനിരതയാകാന്‍ സാധിക്കും. 

 

2. മാറാ രോഗങ്ങളെ അകറ്റി നിര്‍ത്താം

അമിതമായ ജോലി ഭാരവും സമ്മര്‍ദവും പലതരം രോഗങ്ങളിലേക്ക് നയിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യും. ഇതിനെ തടുക്കാനും ജോലിയില്‍ നിന്നുള്ള പരിപൂര്‍ണ വിശ്രമം സഹായിക്കും. 

 

3. സര്‍ഗാത്മകതയും മനോബലവും വര്‍ധിക്കും

‌കൂടുതല്‍ അധ്വാനിക്കാനും സര്‍ഗാത്മക വാസനകളെ ഉണര്‍ത്താനുമുള്ള ശേഷിയെയും അമിതജോലി ഭാരം ബാധിക്കും. നല്ല ഉറക്കവും സര്‍ഗാത്മക ചിന്തയ്ക്ക് പ്രധാനമാണ്. മനോബലം വര്‍ധിപ്പിക്കാനും സര്‍ഗാത്മക ചിന്തകളെ പരിപോഷിപ്പിക്കാനും ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണ്. 

 

4. മെച്ചപ്പെട്ട ധാരണശേഷി

വിശ്രമമില്ലാതെ ആഴ്ചയില്‍ ആറ് ദിവസവും എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ജോലി ചെയ്യുക എന്നത് അത്ര എളുപ്പമല്ല. ശരീരത്തോടൊപ്പം തലച്ചോറും ഈ പ്രക്രിയയില്‍ തളരും. ഇത് ദീര്‍ഘകാല മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ചിലപ്പോഴൊക്കെ ശരീരത്തിന് ആവശ്യം വെറും ഉറക്കം മാത്രമായിരിക്കാം. ആഴ്ചയില്‍ ഒന്നെങ്കിലും പരിപൂര്‍ണ വിശ്രമം നല്‍കുന്നത് വഴി തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഉഷാറാകും. ഇത് മെച്ചപ്പെട്ട ധാരണശേഷിയിലേക്ക് നയിക്കും.

Content Summary: Your Brain Needs A Break Too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com