ചോദ്യം: എന്റെ അച്ഛന് 81 വയസ്സുണ്ട്. ഈയിടെയായി കുറച്ച് ഓർമക്കുറവുണ്ട്. പക്ഷേ, സ്വന്തം കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച വഴുതി വീണ് തുടയെല്ലു പൊട്ടി. ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോൾ ആശുപത്രിയിലാണ്. നടത്തി നോക്കിയതിനു ശേഷം വീട്ടിലേക്കു വിടാം എന്നാണു ഡോക്ടർ പറയുന്നത്. നടന്നു തുടങ്ങിയാൽ ഇനിയും വീഴാൻ സാധ്യതയില്ലേ? എന്താണു ചെയ്യേണ്ടത്?
ഉത്തരം : താങ്കളുടെ ഭയം സ്വാഭാവികമാണ്. പക്ഷേ, അച്ഛനെ നടത്തിയില്ലെങ്കിൽ അദ്ദേഹം പെട്ടെന്നു കിടപ്പിലാകും. കിടപ്പിലായാൽ, തൊലിപ്പുറം പൊട്ടുക, ആസ്പിരേഷൻ ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഈ പ്രായത്തിൽ ശസ്ത്രക്രിയ ചെയ്തതു തന്നെ അദ്ദേഹത്തിന്റെ ജീവിതനിലവാരം നിലനിർത്താനാണ്. അതിന് അദ്ദേഹം നടക്കുക തന്നെ വേണം. പഴയതുപോലെ സ്വന്തം കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ മാത്രമേ ഇനി വീഴുമോ എന്ന ഭയത്തെ അതിജീവിക്കാൻ കഴിയൂ. ആവശ്യമെങ്കിൽ ഫിസിയോതെറാപ്പിസ്റ്റ് താങ്കളുടെ അച്ഛന് ആവശ്യമായ വ്യായാമമുറകൾ പരിശീലിപ്പിക്കും. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. ഊന്നുവടി വേണം എന്നു ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞാൽ അതു നൽകുക. വീട്ടിൽ വന്നു കഴിഞ്ഞാൽ അച്ഛനെ ഇരുത്തി വായിലൂടെ തന്നെ ഭക്ഷണം നൽകുക. സ്വയംഭക്ഷണം എടുത്തു കഴിക്കാൻ പ്രോത്സാഹിപ്പിക്കുക. നിശ്ചിത സമയത്ത് ഉണരുക, പത്രം വായിക്കുക തുടങ്ങിയ ശീലങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാക്കുക. പകല്‍ ഉറങ്ങാൻ അനുവദിക്കാതിരിക്കുക. ഇത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. മലബന്ധമുണ്ടാകാതെ ശ്രദ്ധിക്കുക. നിർബന്ധമായും പോഷകാഹാരം നൽകുക.
Content Summary : Caring for a senior after hip replacement surgery - Dr. Priya Vijayakumar Explains