ADVERTISEMENT

ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണ പഠനം. ശരീരം കൂടുതല്‍ അനങ്ങും തോറും പ്രമേഹ സാധ്യത കുറഞ്ഞ് വരുമെന്ന് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍റര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. 

 

ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് 5677 പേരില്‍ നാലു വര്‍ഷത്തേക്കാണ് പഠനം നടത്തിയത്. ഇവരില്‍ 75 ശതമാനവും സ്ത്രീകളായിരുന്നു. ഇക്കാലയളവില്‍ 97 പേര്‍ക്ക് പുതുതായി ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. പ്രമേഹ കേസുകളില്‍ 90 മുതല്‍ 95 ശതമാനം വരെ ടൈപ്പ് 2 പ്രമേഹരോഗികളാണ്. പലപ്പോഴും 45 ന് മുകളിലുള്ളവരില്‍ ജീവിതശൈലിയുടെ ഭാഗമായാണ് ഇത് പ്രത്യക്ഷമാകാറുള്ളത്. എന്നാല്‍ സമീപകാലത്തില്‍ കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വര്‍ധിച്ചു വരുന്നതായി കാണപ്പെടുന്നുണ്ട്. 

 

ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയ്യുമ്പോൾ  ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവരില്‍ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ദിനംപ്രതി വയ്ക്കുന്ന സ്റ്റെപ്പുകള്‍ നിരീക്ഷിക്കുന്നത് കൂടുതല്‍ നടക്കാനും വ്യായാമം ചെയ്യാനുമെല്ലാമുള്ള പ്രചോദനമാകുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പറയുന്നു. നടക്കുന്ന സ്റ്റെപ്പുകള്‍ക്ക് പുറമേ ഹൃദയമിടിപ്പ്, വ്യായാമം ചെയ്തതിന്‍റെ ദൈര്‍ഘ്യം, കത്തിച്ചു കളഞ്ഞ കാലറി എന്നിവയെ പറ്റിയെല്ലാം വിവരങ്ങള്‍ നല്‍കുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഇന്ന് സ്മാര്‍ട്ട് വാച്ചുകളുടെയും മറ്റും രൂപത്തില്‍  ലഭ്യമാണ്. ഇവ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

 

നടത്തത്തിന് പുറമേ സൈക്ലിങ്, നീന്തല്‍ എന്നിവയെല്ലാം ആഴ്ചയില്‍ 3-4 തവണ 30 മിനിട്ട് വീതം ചെയ്യുന്നത് പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെയ്റ്റ്, സ്ട്രെങ്ത് ട്രെയ്നിങ്ങുകളും, പുഷ് അപ്പ്, പ്ലാങ്ക്, പുള്‍ അപ്പ്, സ്ക്വാട്ടിങ് തുടങ്ങിയ വ്യായാമങ്ങളും ഗുണം ചെയ്യും. സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ സഹായകമാണ്.

Content Summary: Type 2 Diabetes: Women Who Exceed 10,000 Steps Per Day Have a Lower Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com