ADVERTISEMENT

ശരീരത്തിലെ ധാതുക്കളും ഉപ്പും ചിലപ്പോള്‍ വൃക്കകളില്‍ അടിഞ്ഞ് കല്ലുകളായി രൂപപ്പെടാറുണ്ട്. ഇത് മൂത്രനാളിയിലേക്ക് നീങ്ങി വേദനയും പലവിധ പ്രശ്നങ്ങളും ഉണ്ടാക്കാം. ചില കല്ലുകള്‍ വേദനയുണ്ടാക്കാതെ തന്നെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാം. എന്നാല്‍ ചില കല്ലുകള്‍ ഒരു ഗോള്‍ഫ് ബോളിന്‍റെ വലുപ്പത്തില്‍ വളര്‍ന്ന് വൃക്കകളിലോ മൂത്ര നാളിയിലോ തങ്ങി നില്‍ക്കും. ആവശ്യത്തിന് വെള്ളവും ദ്രാവകങ്ങളും കുടിക്കാതിരിക്കല്‍, മോശം  ഭക്ഷണക്രമം, ചയാപചയ പ്രശ്നങ്ങള്‍, പ്രമേഹം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം എന്നിങ്ങനെ വൃക്കകളിലെ കല്ലിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. 

 

ഇനി പറയുന്ന ലക്ഷണങ്ങള്‍ വൃക്കകളിലെ കല്ലുകളെ കുറിച്ച് സൂചന നല്‍കുമെന്ന് പ്രിസ്റ്റീന്‍ കെയറിലെ യൂറോളജി വിഭാഗം ഡോക്ടര്‍ പ്രവീണ്‍ പുഷ്കര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

1. അടിവയറ്റിലോ അതിന്‍റെ പിന്‍വശത്തോ അല്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗത്തോ പെട്ടെന്ന് ഉണ്ടാകുന്ന വേദന

 

2. മൂത്രമൊഴിക്കുമ്പോൾ  വേദനയും പുകച്ചിലും

 

3. മൂത്രത്തില്‍ നിറം മാറ്റം. പിങ്ക്, തവിട്ട്, ചുവപ്പ് നിറങ്ങളില്‍ മൂത്രം കാണപ്പെടുന്നത് വൃക്കകളിലെ കല്ലുകളുടെ സൂചനയാണ്. 

 

4. ഛര്‍ദ്ദി, മനംമറിച്ചില്‍.

 

5. പനി

 

കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വേദനയ്ക്ക് മാത്രമല്ല വൃക്കകളുടെ നാശത്തിനും കല്ലുകള്‍ കാരണമാകും. രക്ത പരിശോധന, കി‍ഡ്നി ഫംങ്ഷന്‍ ടെസ്റ്റ്, സിടി സ്കാന്‍ എന്നിവയെല്ലാം രോഗനിര്‍ണയത്തിന് സഹായകമാണ്. കല്ലുകളുടെ വലുപ്പം, തരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സ നിര്‍ണയിക്കുന്നത്. ചില രോഗികള്‍ക്ക് നല്ല അളവില്‍ വെള്ളം കുടിക്കുന്നത് വഴി കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കും. വേദനസംഹാരികള്‍ ഇവര്‍ക്ക് വേണ്ടി വന്നേക്കാം. കല്ലുകള്‍ വേഗത്തില്‍ പുറന്തള്ളാന്‍ ആല്‍ഫ-ബ്ലോക്കേഴ്സും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. വലിയ കല്ലുകള്‍ ഉള്ളവര്‍ക്കും കല്ലുകള്‍ മൂത്രത്തെ തടസ്സപ്പെടുത്തുന്നവര്‍ക്കും ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാം.

 

Content Summary: Kidney stone symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com