ആള്‍ക്കൂട്ടത്തിൽ ചേരാൻ കുട്ടിക്കു മടിയുണ്ടോ? ചികിൽസ തേടേണ്ടതുണ്ടോ?

HIGHLIGHTS
  • കൗമാരപ്രായം വ്യക്തിത്വം രൂപപ്പെട്ടു വരുന്ന പ്രായമാണ്
821782986
Representative Image. Photo Credit : KatarzynaBialasiewicz / iStockphoto.com
SHARE

ചോദ്യം : എന്റെ മകൻ എട്ടാം ക്ലാസിലാണ്. ആളുകളുടെ കൂട്ടത്തിൽ ചേരാൻ അവനു മടിയാണ്. കൂട്ടുകാർ കുറച്ചേ ഉള്ളൂ. നന്നായി പഠിക്കും. അധികം സംസാരിക്കാതെ കൂട്ടത്തിൽ നിന്നു മാറി നിൽക്കുന്നതാണ് ഇഷ്ടം. ഇത് എന്തെങ്കിലും അസുഖം ആണോ?

ഉത്തരം: കുട്ടികളുടെ സ്വഭാവവും വ്യക്തിപരമായ കഴിവുകളും പല തരത്തിലാണ്. ചിലർ ആളുകളുടെ കൂട്ടത്തിൽ കഴിയാൻ താൽപര്യപ്പെടുന്നവരും എല്ലാവരോടും അടുത്തിടപഴകുകയും സംസാരിക്കുകയും ചെയ്യുന്നവരുമായിരിക്കും. ബഹിർമുഖത്വം (extrovert) എന്ന സ്വഭാവ രീതി ഉള്ളവർ പൊതുവേ ഇങ്ങനെയാണ്. മറിച്ച് അധികം ആളുകളുമായി ഇടപഴകാൻ താൽപര്യമില്ലാത്ത, അധികം സംസാരിക്കാത്ത, കുറച്ചു സുഹൃത്തുക്കൾ മാത്രമുള്ള ആളുകളും ഉണ്ടാകും. അന്തർമുഖത്വം (introvert) എന്ന് ഈ സ്വഭാവത്തെ പറയും. Extrovert-introvert എന്നത് രണ്ടറ്റത്തുള്ള സ്വഭാവങ്ങളാണ്. ഇതിനിടയിൽ പല തരത്തിലുള്ള സ്വഭാവ പ്രത്യേകതകൾ ഉള്ളവർ ഉണ്ടാകാം. ഏതെങ്കിലും സ്വഭാവമോ ശീലങ്ങളോ കുട്ടികളുടെ ദൈനംദിന ജീവിതത്തിലും പ്രവർത്തനങ്ങളിലും തടസ്സങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ മാത്രമേ അതൊരു അസുഖമായോ പ്രശ്നമായോ കാണേണ്ടതുള്ളൂ. 

കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്ന കാലമാണു കൗമാരപ്രായം. ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിലും സ്വഭാവം എങ്ങനെയെന്നു നിർണയിക്കുന്നതിലും ജനിതക ഘടകങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും തുല്യപ്രാധാന്യം ഉണ്ട്. ജനിതക ഘടകങ്ങളെ മാറ്റാൻ നമുക്കു കഴിയില്ല. എന്നാൽ, കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കാൻ കഴിയും. ആളുകളുമായി ഇടപഴകുന്നതിനും കൂട്ടത്തിൽ സംസാരിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകുക. മറ്റുള്ളവരുമായി സമയം പങ്കിടുന്നതിന് അവസരം നൽകുക. നിർബന്ധിച്ചു െചയ്യുന്നത് എതിർഫലമാണ് ഉണ്ടാക്കുക. അവസരങ്ങൾ നൽകുകയാണു രക്ഷിതാക്കള്‍ ചെയ്യേണ്ടത്. കൗമാരപ്രായം വ്യക്തിത്വം രൂപപ്പെട്ടു വരുന്ന പ്രായമാണ്. ഈ പ്രായം കഴിയുന്നതോടുകൂടിയാണു സ്വഭാവങ്ങൾക്കും വ്യക്തിത്വ പ്രത്യേകതകൾക്കും ഒക്കെ സ്ഥിരത കൈ വരുന്നത്. 

Content Summary : How do you deal with an extrovert child? - Dr. P. Krishnakumar Explains

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS