പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം

diabetes
Photo credit : ratmaner / Shutterstock.com
SHARE

പ്രമേഹം നിര്‍ണയിക്കപ്പെടുന്നവര്‍ പലപ്പോഴും പഴങ്ങള്‍ തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് രണ്ട് വട്ടം ആലോചിക്കാറുണ്ട്. മധുരമുള്ള പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. എന്നാല്‍ ഈ ഭയം അസ്ഥാനത്താണെന്ന് പ്രമേഹ രോഗവിദഗ്ധര്‍ പറയുന്നു. ഫൈബറും വൈറ്റമിനും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും അത്യാവശ്യമാണ്. നിത്യവും പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയ്ക്കാമെന്നും പഠനങ്ങള്‍ പറയുന്നു. 

എന്നു വച്ച് പ്രമേഹ രോഗികള്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാ പഴങ്ങളും കുത്തി നിറയ്ക്കാനാവില്ല. കാരണം ഫ്രക്ടോസ് എന്ന ഒരു തരം പഞ്ചസാര ഇതില്‍ അടങ്ങിയിട്ടുണ്ട്. രണ്ട് തരത്തിലുളള പഴങ്ങളാണുള്ളത്. കഴിച്ചാല്‍ ഉടനെ ദഹിച്ച് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയര്‍ത്തുന്ന തരം പഴങ്ങളാണ് ആദ്യ വിഭാഗത്തിലേത്. ഹൈ ഗ്ലൈസിമിക് സൂചികയുള്ള പഴങ്ങളെന്ന് ഇവയെ വിളിക്കും.  കഴിച്ചാല്‍ വളരെ പതിയെ ദഹിച്ച് മന്ദഗതിയില്‍ മാത്രം പഞ്ചസാര പുറന്തള്ളുന്ന പഴങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടത്. ലോ ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം പഴങ്ങളാണ് പ്രമേഹ രോഗികള്‍ കൂടുതലായും കഴിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഹൈഗ്ലൈസിമിക് സൂചികയുള്ള പഴങ്ങളും നിയന്ത്രിതമായ തോതില്‍ കഴിക്കാവുന്നതാണ്. 

ആപ്പിള്‍, പേരയ്ക്ക, ഓറഞ്ച്, പപ്പായ, തണ്ണിമത്തന്‍ എന്നിവയാണ് ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍. ഇവയില്‍ കൊഴുപ്പും കാലറിയും സോഡിയവും കുറവായിരിക്കും. ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ എന്നിവ ഇവയില്‍ ധാരാളമായി ഉണ്ട്. അതേ സമയം മാങ്ങ, ചക്ക, വാഴപ്പഴം, ചിക്കൂ, മുന്തിരി പോലുള്ളവ ഗ്ലൈസിമിക്  സൂചിക കൂടിയ പഴങ്ങളാണ്. പ്രമേഹ രോഗികള്‍ ഈ പഴങ്ങള്‍ പരിമിതമായ തോതില്‍ മാത്രമേ കഴിക്കാവൂ. 

പ്രമേഹമുള്ളവര്‍ക്ക് ദിവസം 150 മുതല്‍ 200 ഗ്രാം പഴങ്ങള്‍ കഴിക്കാമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫരീദാബാദ് അമൃത ആശുപത്രിയിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ഡോ. ചാരു ദുവ പറയുന്നു. പ്രമേഹത്തിന്‍റെ തോത് ഉയര്‍ന്നവരാണെങ്കില്‍ ഇത് 100 മുതല്‍ 150 ഗ്രാമായി കുറയ്ക്കാം. ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള പഴങ്ങളാണെങ്കില്‍ അവ 100 ഗ്രാം മാത്രം കഴിച്ചാല്‍ മതിയാകുമെന്നും ഡോ. ചാരു കൂട്ടിച്ചേര്‍ത്തു. 

പ്രമേഹ രോഗികള്‍ പഴങ്ങള്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം പോലുള്ള പ്രധാന ഭക്ഷണങ്ങളുടെ ഒപ്പം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. നമ്മുടെ പ്രഭാതഭക്ഷണങ്ങള്‍ പലതും കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞതാണ്. ഇതിനൊപ്പം കാര്‍ബോ അടങ്ങിയ പഴങ്ങളും കൂടി ആവശ്യമില്ല. പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ സ്നാക്സ് ആയി പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. നട്സ്, വിത്തുകള്‍, ആല്‍മണ്ട് പോലുള്ള പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും പഴങ്ങള്‍ കഴിക്കാം. എന്നാല്‍ കടല പോലുള്ള നട്സോ, പനീര്‍ പോലുള്ള ഭക്ഷണങ്ങളോ പഴങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ ശരീരത്തിന്‍റെ ഗ്ലൂക്കോസ് ആഗീരണം വൈകിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡോ. ചാരു ചൂണ്ടിക്കാട്ടി. 

പ്രമേഹമുള്ളവര്‍ ജ്യൂസായി പഴങ്ങള്‍ അകത്താക്കാതെ അവ നന്നായി ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. കാരണം  ജ്യൂസ് വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തും. പഴം ചവച്ച് കഴിക്കുന്നത് അതിലെ ഫൈബറുകള്‍ ശരിയായി ലഭിക്കാനും ഇടയാക്കും. പ്രമേഹമുള്ള ഓരോ വ്യക്തിയും പലതരം പഴങ്ങളോട് പ്രതികരിക്കുന്ന രീതി വ്യത്യസ്തമായതിനാല്‍ ഡയറ്റീഷ്യന്‍മാരുടെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ തേടേണ്ടതാണ്.

Content Summary: Diabetes patients fruit diet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS