‘നടപ്പ് നല്ലതാണെന്നൊക്കെ അറിയാം. എന്നാലും രാവിലെ വ്യായാമത്തിനായി നടക്കാൻ മടി. അടുത്ത ദിവസമാകാം എന്നു പറഞ്ഞ് നീട്ടിവയ്ക്കും’– വ്യായാമത്തിനായി നടക്കാൻ മടിയുള്ള ആ മുതിർന്ന പൗരൻ ഉള്ള കാര്യം പറഞ്ഞു. ഇത്തരത്തിൽ മടിയുള്ളവർ ഒട്ടേറെയുണ്ട്. വ്യായാമത്തിനായി നടക്കാൻ മടിയുള്ളവർ ആവശ്യങ്ങൾക്കു വേണ്ടി നടക്കണം. തൊട്ടടുത്ത സ്ഥലങ്ങളിലേക്കു പോകുമ്പോൾ വാഹനം ഒഴിവാക്കി നോക്കൂ. ആദ്യം അൽപം ബുദ്ധിമുട്ടു തോന്നാമെങ്കിലും പിന്നീട് ഈ നടപ്പ് എളുപ്പമാകും.
പ്രായമായവരിൽ നടത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ലഘുവായ വ്യായാമമാണ് നടത്തം. ദിവസേന 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ആരോഗ്യം നിലനിർത്താൻ വളരെയേറെ സഹായിക്കും.
ആയുർവേദത്തിൽ വ്യായാമം, ഒരുദിവസം നിർബന്ധമായും അനുഷ്ഠിക്കേണ്ട ചര്യകളിൽ ഉൾപ്പെടുന്നു. ശരീരബലവും പേശീബലവും കൂട്ടുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നത് വ്യായാമത്തിന്റെ ഗുണങ്ങളാണ്. ഊർജ്വസ്വലതയോടെ പ്രവൃത്തികൾ ചെയ്യാനും ഭക്ഷണം യഥാസമയം ദഹിക്കാനും കൃത്യമായി വിശപ്പ് ഉണ്ടാകാനും വ്യായാമം ശരിയായ രീതിയിൽ ചെയ്യുന്നത് ഉപകരിക്കും. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് കൃത്യമായ വ്യായാമക്രമങ്ങളോ യോഗാസനമുറകളോ അനുഷ്ഠിക്കുന്നത് നല്ല ഫലം ചെയ്യും.
പ്രമേഹം, സ്ഥൗല്യം എന്നീ രോഗങ്ങളിൽ വ്യായാമത്തിന് പ്രാധാന്യമുണ്ട്. കൊളസ്ട്രോൾ കൂടിയിരിക്കുന്നവർ വ്യായാമം ചെയ്ത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം. ഉറക്കം കുറയുന്നവർ ദിവസേന ലഘുവ്യായാമം ശീലിക്കുന്നത് നല്ല ഫലം നൽകും. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗസാധ്യത കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കും.
വ്യായാമത്തിന്റെ ഗുണങ്ങൾ
∙ ശരീരഭാരം കുറയ്ക്കുന്നു
∙ ശരീരബലം വർധിപ്പിക്കുന്നു.
∙ രക്തചംക്രമണം ക്രമപ്പെടുത്തുന്നു
∙ ഹൃദയാരോഗ്യം നിലനിർത്തുന്നു
∙ രക്തസമ്മർദം കുറയ്ക്കുന്നു
∙ കൊഴുപ്പ് കൂടുന്നത് ഇല്ലാതാക്കുന്നു
∙ മതിയായ ഉറക്കം നൽകുന്നു
∙ ശരീരത്തിനൊപ്പം മാനസികാരോഗ്യവും നിലനിർത്തുന്നു.
വിവരങ്ങൾക്കു കടപ്പാട്
ഡോ.എം.അബ്ദുൽ സുക്കൂർ
അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്)
Content Summary: Health benefits of walking exercise