ADVERTISEMENT

നാം എന്ത് കഴിക്കുന്നു എന്നത് നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും കാര്യമായി സ്വാധീനിക്കാറുണ്ട്. പച്ചിലകള്‍, വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സീഫുഡ്, നട്സ്, ബീന്‍സ്, വിത്തുകള്‍ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നല്ല ഓര്‍മശക്തിക്കും ശ്രദ്ധയ്ക്കും തെളിഞ്ഞ ചിന്തയ്ക്കും  ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്കൂളിലെ ഫാക്കല്‍റ്റിയും ‘ദിസ് ഈസ് യുവര്‍ ബ്രെയ്ന്‍ ഓണ്‍ ഫുഡ്’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ ഡോ. ഉമ നായ്ഡു പറയുന്നു. 

 

1. അമിതമായ പഞ്ചസാര

ഗ്ലൂക്കോസിന്‍റെ രൂപത്തിലുള്ള ഊര്‍ജ്ജം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും ഇതിന്‍റെ തോത്  അധികമാകുന്നത് ഓര്‍മക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ബേക്ക് ചെയ്ത ഭക്ഷണങ്ങല്‍, സോഡ, ഫ്രക്ടോസ് അധികമായ കോണ്‍ സിറപ്പ് എന്നിവയെല്ലാം തലച്ചോറില്‍ അമിതമായി ഗ്ലൂക്കോസ് നിറയ്ക്കുന്നു. 

 

2. വറുത്ത ഭക്ഷണങ്ങള്‍

ഫ്രഞ്ച് ഫ്രൈസ്, സമൂസ, ചിപ്സ്, ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ എന്നിങ്ങനെ കൊതിയൂറുന്ന വറുത്ത ഭക്ഷണങ്ങള്‍ നമ്മളില്‍ പലരുടെയും ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്. എന്നാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഇവയെല്ലാം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വറുത്ത ഭക്ഷണങ്ങള്‍ അമിതമായുള്ള ഭക്ഷണക്രമം പഠനത്തിലെയും ഓര്‍മശക്തിയിലെയും കുറഞ്ഞ സ്കോറുമായി ബന്ധപ്പെട്ടിരിക്കുന്നതായി 18,080 പേരില്‍ നടത്തിയ ഒരു ഗവേഷണം പറയുന്നു. ഇവ തലച്ചോറില്‍ നീര്‍ക്കെട്ട് ഉണ്ടാക്കി ഇവിടുത്തെ രക്തക്കുഴലുകള്‍ക്ക് ക്ഷതമുണ്ടാക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഇതിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വറുത്ത ഭക്ഷണം അധികം കഴിക്കുന്നവര്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയും അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. 

 

3. ഗ്ലൈസിമിക് സൂചിക കൂടിയ കാര്‍ബോഹൈഡ്രേറ്റ്സ്

ബ്രഡ്, പാസ്ത പോലെ ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള കാര്‍ബോഹൈഡ്രേറ്റ്സിനെ ശരീരം പഞ്ചസാരയെ സംസ്കരിക്കുന്ന പോലെ തന്നെയാണ് സംസ്കരിക്കുക. ഇതിനാല്‍ ഇവയും പരിമിതപ്പെടുത്തണം. പകരം കോംപ്ലക്സ് കാര്‍ബുകളായ ഹോള്‍ ഗ്രെയ്നുകള്‍, ഫൈബര്‍ അധികമുള്ള ഭക്ഷണം എന്നിവ കഴിക്കാം. ഇവയുടെ ഗ്ലൈസിമിക് സൂചിക കുറവായിരിക്കും. ഉരുള കിഴങ്ങ്, വൈറ്റ് ബ്രഡ്, വൈറ്റ് റൈസ് എന്നിവയെല്ലാം ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഭക്ഷണങ്ങളാണ്. പച്ചക്കറികള്‍, പഴങ്ങള്‍, കാരറ്റ്, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഗ്ലൈസിമിക് സൂചിക കുറഞ്ഞ വിഭവങ്ങളാണ്. 

 

4. മദ്യം

മദ്യപിക്കുന്നവര്‍ക്ക് മദ്യപിക്കാത്തവരെ അപേക്ഷിച്ച് മറവിരോഗം വരാനുള്ള സാധ്യത അധികമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനാല്‍ മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. 

 

5. നൈട്രേറ്റുകള്‍

പ്രിസര്‍വേറ്റീവുകളായും നിറത്തിനായുമെല്ലാം ബേക്കണ്‍, സലാമി, സോസേജ് എന്നിവയില്‍ ചേര്‍ക്കുന്ന നൈട്രേറ്റുകളും തലച്ചോറിന് കേടാണ്. ഇവ വയറിലെ ബാക്ടീരിയയുടെ സന്തുലനത്തെയും ബാധിക്കും. ബൈപോളര്‍ ഡിസോഡര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് നൈട്രേറ്റുകള്‍ കാരണമാകാമെന്നും പഠനങ്ങള്‍ പറയുന്നു.

Content Summary: These 5 foods can weaken your memory and focus 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com