ADVERTISEMENT

മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ കാന്‍സര്‍ എന്ന് പറയുന്നു. അര്‍ബുദം എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൊളോണ്‍ കാന്‍സര്‍,  റെക്ടൽ കാൻസർ എന്നും ഇവ അറിയപ്പെടുന്നു. ലോകത്തിലെ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്.  ഈ അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടത്തില്‍ ലക്ഷങ്ങള്‍ കാണിക്കില്ലെന്നതിനാല്‍ രോഗസാധ്യത കൂടുതലുള്ളവരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും  കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന ചെക്കപ്പിന്‍റെ ഭാഗമാക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. 

 

നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. രണ്ട് സുപ്രധാന ലക്ഷണങ്ങള്‍ ഒരുമിച്ച് വരുന്നത് ഈ അര്‍ബുദത്തിന്‍റെ മുന്നറിയിപ്പായി കണക്കാക്കണം. അതില്‍ ആദ്യത്തേത് മലാശയത്തില്‍ നിന്നുള്ള രക്തസ്രാവമാണ്. ഇതിനൊപ്പം വയറ്റില്‍ നിന്ന് പോകുന്ന കാര്യത്തില്‍ ചില മാറ്റങ്ങളും അനുഭവപ്പെടാം. അതിസാരം, മലബന്ധം, മലത്തിന്‍റെ കട്ടിയില്‍ മാറ്റങ്ങള്‍, വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തിയില്‍ മാറ്റം, മലത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാം. മലദ്വാരത്തിന്‍റെ പ്രദേശത്ത് പ്രത്യേകിച്ച് വേദനയോ ചൊറിച്ചിലോ ഇല്ലാതെയാകും മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം.

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ വയറ്റില്‍ അസ്വസ്ഥത, വേദന, ഗ്യാസ്, വയറ്റില്‍ നിന്ന് പൂര്‍ണമായി പോകാത്ത തോന്നല്‍, ക്ഷീണം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം എന്നിവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധന നടത്തേണ്ടതാണ്.    

 

ഓരോ വര്‍ഷവും മല പരിശോധന, ഓരോ മൂന്ന് വര്‍ഷത്തിലും സ്റ്റൂള്‍ ഡിഎന്‍എ സ്ക്രീനിങ്ങ്, ഓരോ അഞ്ച് വര്‍ഷത്തിലും സിടി കോളനോഗ്രാഫി, ഓരോ 10 വര്‍ഷത്തിലും കോളണോസ്കോപ്പി എന്നീ പരിശോധനകളാണ് ബവല്‍ കാന്‍സര്‍ നിര്‍ണയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. 

 

76 വയസ്സാകുന്നതോടെ നിയന്ത്രിതമായ തോതിലുള്ള പരിശോധനകള്‍ മതിയാകും. 86 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക് സ്ക്രീനിങ്ങ് ആവശ്യമില്ലെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോളോറെക്ടല്‍ കാന്‍സര്‍ വന്നിട്ടുള്ളവര്‍ 45 വയസ്സിന് മുന്‍പുതന്നെ പരിശോധന ആരംഭിക്കേണ്ടതാണ്. ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളിറ്റിസ്, ചില ജനിതക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരും നേരത്തെ തന്നെ പരിശോധനകള്‍ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

 

പുരുഷന്മാര്‍ക്കും കറുത്ത വംശജര്‍ക്കും മലാശയ അര്‍ബുദത്തിനുള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുന്‍പൊക്കെ പ്രായമായവരിലാണ് ഈ അര്‍ബുദം കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അലസമായ ജീവിതശൈലിയാണ് ഇതിന്‍റെ പ്രധാനകാരണമെന്ന് കരുതപ്പെടുന്നു. 

 

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളോ റെക്ടൽ കാൻസർ സാധ്യത 40 ശതമാനം വരെ കുറയ്ക്കുമെന്ന് അമേരിക്കയിലെ വാൻഡർബിൽറ്റ് സർവകലാശാല നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ശാരീരിക അധ്വാനം വര്‍ധിപ്പിക്കുക, മദ്യത്തിന്‍റെയും പുകയിലയുടെയും ഉപയോഗം പരിമിതപ്പെടുത്തുക, ഫൈബര്‍ കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നിവയെല്ലാം ബവല്‍ കാന്‍സര്‍ സാധ്യത ഗണ്യമായി കുറയ്ക്കും.

Content Summary: Bowel cancer and first symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com