ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ജീവിതശൈലി ഘടകങ്ങള്‍

cervical cancer
Photo credit : beeboys / Shutterstock.com
SHARE

ഇന്ത്യയില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയമുഖ അര്‍ബുദം. ഗര്‍ഭപാത്രത്തിന്റെ താഴ്ഭാഗത്ത് അത് യോനിയുമായി ചേരുന്ന ഇടത്തെ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് ഗര്‍ഭാശയമുഖ അര്‍ബുദത്തിന് കാരണമാകുന്നത്. 

ഹ്യൂമന്‍ പാപ്പിലോമവൈറസ്(എച്ച്പിവി) എന്ന വൈറസാണ് പ്രധാനമായും ഈ അര്‍ബുദത്തിലേക്ക് നയിക്കുന്നത്. എച്ച്പിവി-16, എച്ച്പിവി-18 പോലുള്ള വൈറസുകള്‍ സാധാരണ കോശങ്ങളെ അര്‍ബുദ കോശങ്ങളാക്കി മാറ്റും. ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ചില ജീവിതശൈലി ഘടകങ്ങളെ പരിചയപ്പെടാം. 

1. ലൈംഗിക ചരിത്രം

ചെറുപ്രായത്തില്‍ ആരംഭിക്കുന്ന ലൈംഗിക ബന്ധങ്ങള്‍, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം എന്നിവയെല്ലാം ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ സാധ്യത കൂട്ടും. എച്ച്പിവി വൈറസ് മാത്രമല്ല ലൈംഗികമായി പടരുന്ന മറ്റു രോഗങ്ങളും ഇതു മൂലം ഉണ്ടാകാം. 

2. പുകവലിയും പുകയില ഉപയോഗവും

ഡിസ്പ്ലാസിയ എന്ന അര്‍ബുദകാരകമായ മുഴകള്‍ ഗര്‍ഭാശയമുഖത്തില്‍ ഉണ്ടാകുന്നതിന് പുകവലി കാരണമാകാം. പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരകമായ കെമിക്കലുകള്‍ ഗര്‍ഭാശയമുഖ കോശങ്ങളുടെ ഡിഎന്‍എയ്ക്ക് നാശം വരുത്തുന്നതും അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകാം. 

3. മോശം പ്രതിരോധശേഷി

മോശം പ്രതിരോധ ശേഷി എച്ച്പിവി അണുബാധയ്ക്കും ഗര്‍ഭാശയമുഖ അര്‍ബുദത്തിനുമുള്ള സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കും. ശരിയായ ഭക്ഷണക്രമവും വ്യായാമവും വഴി പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്താന്‍ ഇതിനാല്‍ ശ്രമിക്കേണ്ടതാണ്. 

4. മദ്യപാനം

അമിതമായ മദ്യപാനം പ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇത് അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. അണുബാധകള്‍ അര്‍ബുദങ്ങളായി പുരോഗമിക്കാനും ഇതു മൂലം സാധ്യതയുണ്ട്.

5. അനാരോഗ്യകരമായ ഭക്ഷണക്രമം

റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവയെല്ലാം അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. നേരെ മറിച്ച് ആന്റിഓക്‌സിഡന്റുകള്‍, കരോട്ടിനോയ്ഡുകള്‍, ഫ്‌ളാവനോയ്ഡുകള്‍, ഫോളേറ്റ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണക്രമം എച്ച്പിവി അണുബാധയ്‌ക്കെതിരെ പോരാടാന്‍ സ്ത്രീകളെ സഹായിക്കും. വൈറ്റമിന്‍ എ, സി, ഡി,ഇ, കരോട്ടിനോയ്ഡുകള്‍ എന്നിവ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ലഭിക്കും. 

6. അമിതഭാരം

അമിതഭാരം ഹൃദ്രോഗം, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒപ്പം ശരീരത്തിലെ നീര്‍ക്കെട്ടും വര്‍ധിപ്പിക്കും. ഇത് കോശങ്ങള്‍ക്ക് നാശമുണ്ടാക്കി ഗര്‍ഭാശയമുഖ അര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദങ്ങളിലേക്ക് നയിക്കാം. 

7. ശാരീരികമായ ആലസ്യം

വ്യായാമമോ ദേഹമനങ്ങിയുള്ള പ്രവൃത്തികളോ ഒന്നും ഇല്ലാത്ത ആലസ്യമാര്‍ന്ന ജീവിതശൈലിയും അര്‍ബുദ സാധ്യത കൂട്ടും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് ഭാരം നിയന്ത്രിക്കുകയും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. 

8. ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം

ഗര്‍ഭനിരോധന ഗുളികകളുടെ ദീര്‍ഘകാലമുള്ള ഉപയോഗം ഗര്‍ഭാശയമുഖ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. അഞ്ച് വര്‍ഷക്കാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് അര്‍ബുദ സാധ്യത അഞ്ച് ശതമാനവും ഒന്‍പത് വര്‍ഷക്കാലത്തേക്ക് ഉപയോഗിക്കുന്നത് അര്‍ബുദസാധ്യത 60 ശതമാനവും വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഗര്‍ഭാശയമുഖ അര്‍ബുദം. എച്ച്പിവി അണുബാധ ആദ്യം ഉണ്ടായി അത് അര്‍ബുദമായി മാറുന്നതിന് 15-20 വര്‍ഷമെങ്കിലും എടുക്കാറുണ്ട്. ഇതിനിടയില്‍ ഇത് തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ആരംഭിക്കുന്നത് രോഗിയുട അതിജീവന സാധ്യത വര്‍ധിപ്പിക്കും. പാപ് സ്മിയര്‍ പരിശോധന, എച്ച്പിവി ഡിഎന്‍എ ടെസ്റ്റിങ് എന്നിവയെല്ലാം അര്‍ബുദം കണ്ടെത്താന്‍ സഹായിക്കും. എച്ച്പിവി വാക്‌സീന്‍ എടുക്കുന്നതിലൂടെയും ഗര്‍ഭാശയമുഖ അര്‍ബുദത്തെ തടുക്കാന്‍ കഴിയും.

Content Summary: Cervical cancer : 8 reasons you could be at risk

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS