ADVERTISEMENT

ശരീരത്തിന്റെ ആരോഗ്യത്തിൽ പരമപ്രധാനമാണു കരളിന്റെ ആരോഗ്യം. ശരീരത്തിനുള്ളിലെത്തുന്ന മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയുമെല്ലാം സംസ്കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരളിന്റെ പങ്ക് പ്രധാനമാണ്. കരൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ശരീരത്തിൽ ദോഷകരമായ പദാർഥങ്ങൾ അടിഞ്ഞു കൂടുകയും മറ്റു പല അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നിവ കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്.‌ കരളിൽ കൊഴുപ്പടിയുന്ന രോഗമാണു ഫാറ്റി ലിവർ. ഇതു രണ്ടു തരമുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ. പൊതുവേ അമിത വണ്ണം, പ്രമേഹം എന്നിവയുള്ളവരിലുണ്ടാകുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.

 

അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾ നശിക്കുകയും ഇതുമൂലം പ്രതിരോധ വ്യവസ്ഥ താളം തെറ്റുകയും ചെയ്യും. മദ്യപാനം മൂലമുള്ള കരൾ രോഗത്തിന്റെ ആദ്യ ഘട്ടമാണ് ഫാറ്റി ലിവർ. ഇതു പിന്നീട് ലിവർ സിറോസിസ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്കു നയിക്കും. വർഷങ്ങളോളം ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല എന്നതിനാൽ രോഗാവസ്ഥ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കാത്തവർക്കു ഫാറ്റിലിവറിനുള്ള സാധ്യതയേറെയാണ്. രാജ്യത്ത് 50% പേർക്കു നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടെന്നാണു കണക്ക്. പ്രധാന ലക്ഷണങ്ങൾ: ക്ഷീണം, ബലഹീനത, ശരീര ഭാരം കുറയുക, ഓർമക്കുറവ്, ഛർദി, വയറിലെ മുകൾഭാഗത്തെയും അടിവയറ്റിലെയും വേദന, ചർമത്തിലോ കണ്ണുകളിലോ മഞ്ഞ നിറം, ചർമത്തിലെ ചൊറിച്ചിൽ, കാൽപാദത്തിലെ നീര്.

 

ശരിയായ ഭക്ഷണ ക്രമീകരണവും വ്യായാമവുമാണു ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ആദ്യ വഴി. രോഗ ലക്ഷണങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ ജീവിത ശൈലി മെച്ചപ്പെടുത്തി രോഗത്തെ ചെറുത്തു നിൽക്കാൻ സാധിക്കും. നേരത്തേ ലിവർ ബയോപ്സി ഉൾപ്പെടെയുള്ള ലബോറട്ടറി പരിശോധനയിലൂടെയാണു ഫാറ്റിലിവർ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിങ്, ഫൈബ്രോസ്കാൻ എന്നിവ വഴി ഫാറ്റിലിവർ എളുപ്പം കണ്ടെത്താനാകും. കരളിന്റെ കടുപ്പവും കൊഴുപ്പിന്റെ അംശവും കണ്ടെത്തുകയാണ് ഈ പരിശോധനകളിലൂടെ ചെയ്യുന്നത്.

 

(വിവരങ്ങൾ: ഡോ. പ്രിയ നായർ, അസോ. പ്രഫസർ, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം, അമൃത ആശുപത്രി)

Content Summary: Liver diseases and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com