നിരന്തരമായ സമ്മര്‍ദം മൂലം അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചോ? ഈ ലക്ഷണങ്ങള്‍ പറയും

Mail This Article
സമ്മര്‍ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാന്‍ വേണ്ടി നമ്മുടെ ശരീരത്തിലെ അഡ്രിനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് കോര്‍ട്ടിസോളും അഡ്രിനാലിനും. ഈ ഹോര്‍മോണുകൾ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിച്ച് എന്തിനും ശരീരത്തെ സജ്ജമാക്കി വയ്ക്കും. ദഹനം, ശരീരത്തിന്‍റെ വിഷമുക്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജത്തെ വഴിതിരിച്ച് വിടാനും ഇത് ഇടയാക്കും.
സമ്മര്‍ദ സാഹചര്യം ഒഴിയുമ്പോൾ ശരീരം തിരികെ വിശ്രമാവസ്ഥയില്‍ പ്രവേശിക്കും. എന്നാല്‍ തൊഴില്‍ സാഹചര്യമോ മറ്റോ മൂലം ചിലര്‍ക്ക് ഈ സമ്മര്‍ദം ഒഴിഞ്ഞിട്ട് നേരമുണ്ടായെന്ന് വരില്ല. ഇതിന് ക്രോണിക് സ്ട്രെസ് എന്നു പറയും. ഈ വിട്ടുമാറാത്ത സമ്മര്‍ദം ഹോര്‍മോണുകളെ താളം തെറ്റിക്കുകയും അഡ്രിനല്‍ ഗ്രന്ഥികളെ ക്ഷീണിപ്പിക്കുകയും ചെയ്യും. അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.
1. വിട്ടുമാറാത്ത ക്ഷീണം
നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടുമൊന്നും ക്ഷീണം വിട്ടുമാറാത്തത് ക്രോണിക് സ്ട്രെസിന്‍റെ ലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോൾ തീരെ ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ഇതു മൂലം ഉണ്ടാകാം.
2. കഫെയ്ൻ ഉപയോഗം
ഭയങ്കരമായ ക്ഷീണവും ഇത് ഒഴിവാക്കാന്‍ കഫെയ്ൻ ചേര്‍ത്ത ചായ, കാപ്പി പോലുള്ള പാനീയങ്ങളിലുള്ള ആശ്രയത്വവും ക്രോണിക് സ്ട്രെസ് മൂലമാകാം. ഒരു ചായ കുടിച്ചാലേ ഉഷാറാകൂ എന്ന് പറഞ്ഞ് നിരന്തരം ചായ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ അഡ്രിനല്‍ ഗ്രന്ഥി മിക്കവാറും ക്ഷീണിതമായ അവസ്ഥയിലാകും.
3. പഞ്ചസാരയോടുള്ള ഭ്രമം
പഞ്ചസാരയോടുള്ള അമിതഭ്രമം ശരീരം നിലനില്‍ക്കാന്‍ ഊര്‍ജ്ജത്തിനായി പുറത്ത് നിന്നുള്ള സ്രോതസ്സുകളെ തേടുന്നതിന്‍റെ ലക്ഷണമാണ്. ഇത്തരം ഭ്രമത്തിന് കീഴടങ്ങി പഞ്ചസാര കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാതെ ഇരിക്കുക. പകരം പോഷണസമ്പുഷ്ടമായ ഹോള്‍ ഫുഡും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുക.
4. ഉപ്പിനോടുള്ള കൊതി
അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചതിന്‍റെ മറ്റൊരു ലക്ഷണമാണ് ഉപ്പിനോടുള്ള ആസക്തി. പരിമിതമായ തോതില്‍ ഉപ്പ് കഴിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ഇത് അമിതമായാല്‍ പ്രശ്നമാണ്.
5. നിരന്തരമായ രോഗങ്ങള്‍
നിരന്തര സമ്മര്‍ദവും ക്ഷീണിതമായ അഡ്രിനല്‍ ഗ്രന്ഥിയും പ്രതിരോധശേഷിയെയും സാരമായി ബാധിക്കും. ഇത് ഇടയ്ക്കിടെ രോഗങ്ങളുണ്ടാകാനും കാരണമാകും.
Content Summary: