ADVERTISEMENT

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും സഹായിക്കുന്ന വെളുത്തുള്ളി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍, ഡൈഅല്ലൈല്‍ ഡൈസള്‍ഫൈഡ്, എസ്-അല്ലൈല്‍ സിസ്റ്റൈന്‍ എന്നിവ ശരീരത്തിന് ഗുണപ്രദമാണെന്ന് ഹൃദയാരോഗ്യ വിദഗ്ധര്‍ പറയുന്നു. വെളുത്തുള്ളി ചതയ്ക്കുകയോ അരിയുകയോ ചവയ്ക്കുകയോ ചെയ്യുമ്പോൾ  സള്‍ഫറും രൂപപ്പെടും. 

 

ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ശരീരത്തിലെ നീര്‍ക്കെട്ട് എന്നിവയാണ് ഹൃദ്രോഗത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന മൂന്ന് ഘടകങ്ങള്‍. ഇവ മൂന്നിനെയും നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കുമെന്ന് മുംബൈ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് മേധാവി ഡോ. എലീന്‍ കാന്‍ഡേ പറയുന്നു. 

 

വെളുത്തുള്ളിയിലെ വൈറ്റമിന്‍ സി ശക്തമായ ആന്‍റി ഓക്സിഡന്‍റ് ആണെന്നും ഫ്രീ റാഡിക്കലുകള്‍ ഉണ്ടാക്കുന്ന നാശത്തില്‍ നിന്നും ഇത് ഹൃദയത്തെ സംരക്ഷിക്കുമെന്നും ഡോ. എലീന്‍ വിശദീകരിക്കുന്നു. "ഇതിലെ വൈറ്റമിന്‍ ബി6 രക്തക്കുഴലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. മറ്റൊരു ഘടകമായ സെലീനിയം ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുള്ള നാശത്തില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കും. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും കാര്‍ബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്‍റെയും ചയാപചയം മെച്ചപ്പെടുത്താനും വെളുത്തുള്ളിയിലെ മാംഗനീസ് സഹായിക്കും", ഡോ. എലീന്‍ കൂട്ടിച്ചേര്‍ത്തു. 

 

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വെളുത്തുള്ളിയുടെ ശേഷിയും പല ഗവേഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് ലിപിഡ് തോതും, രോഗികളുടെ ഫൈബ്രിനോജന്‍, രക്തസമ്മര്‍ദ തോതും മെച്ചപ്പെടുത്തുമെന്ന് ഇറാനില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അര മുതല്‍ ഒരു അല്ലി വരെ വെളുത്തുള്ളി പ്രതിദിനം കഴിക്കുന്നത് കൊളസ്ട്രോള്‍ തോത് 10 ശതമാനം വരെ കുറയ്ക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

 

ഉള്ളി, വെളുത്തുള്ളി പോലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ അര്‍ബുദം പോലുള്ള ചില അര്‍ബുദങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കറികളില്‍ ചേര്‍ത്തും സൂപ്പായുമെല്ലാം വെളുത്തുള്ളി ഉപയോഗിക്കാം. അല്ലിയായോ എണ്ണയായോ പൊടിയായോ ഒക്കെ വെളുത്തുള്ളി കഴിക്കാവുന്നതാണ്. എന്നാല്‍ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഡോക്ടറുടെയോ ഡയറ്റീഷന്‍റെയോ നിര്‍ദ്ദേശം തേടണമെന്നും ഡോ. എലീന്‍ ഓര്‍മിപ്പിക്കുന്നു.

Content Summary: Garlic with lemon juice lower cholesterol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com