ആരോഗ്യകരമായ കോശങ്ങളുടെ നിര്‍മാണത്തില്‍ നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്ന പദാര്‍ഥമാണ് മെഴുക് പോലെയുള്ള കൊളസ്ട്രോള്‍. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ രക്തത്തില്‍ വര്‍ധിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കി രക്തയോട്ടം തടസ്സപ്പെടുത്തുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കും.
കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഒരു രോഗമാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പിഎഡി. കാലുകളിലേക്കും മറ്റുമുള്ള രക്തവിതരണം പിഎഡി മൂലം തടസ്സപ്പെടുന്നു. ഇനി പറയുന്ന ലക്ഷണങ്ങള്‍ പിഎഡിയുടെ ഭാഗമായി ഉണ്ടാകാം.
1. കാലു വേദന
കാലുകളെയും കാല്‍പാദത്തെയും ബാധിക്കുന്ന പിഎഡി ക്ലോഡിക്കേഷന്‍ എന്ന അവസ്ഥയുണ്ടാക്കാം. കാലുകളിലെ രക്തധമനികള്‍ ചുരുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതിനെയാണ് ക്ലോഡിക്കേഷന്‍ എന്ന് വിളിക്കുന്നത്. ഇത് മൂലം കാലുകള്‍ക്ക് വേദനയുണ്ടാകാം.
2. തണുത്ത കാലുകള്‍
ചൂട് കാലത്ത് പോലും കാലുകളും പാദങ്ങളും തണുത്തിരിക്കുന്നതും കൊളസ്ട്രോളിന്‍റെയും പിഎഡിയുടെയും സൂചനയാണ്.
3. ചര്‍മത്തിന്‍റെ നിറത്തില്‍ വ്യത്യാസം
കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ചര്‍മത്തിന്‍റെ നിറം മാറ്റത്തിനും കാരണമാകാം. പോഷണങ്ങളും ഓക്സിജനും വഹിക്കുന്ന രക്തം കാലുകളിലേക്ക് ശരിയായി എത്താത്തത് ഇവിടുത്തെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാം.
4. കാലുകളില്‍ പേശി വലിവ്
രാത്രിയില്‍ കാലുകളില്‍ അനുഭവപ്പെടുന്ന പേശി വലിവും പിഎഡി മൂലമാകാം.
5. ലെഗ്, ഫൂട്ട് അള്‍സറുകള്‍
കാലുകളിലോ പാദങ്ങളിലോ വരുന്ന മുറിവുകള്‍ ഉണങ്ങാതെ ഇരിക്കുന്നതും ഉയര്‍ന്ന കൊളസ്ട്രോളിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൊളസ്ട്രോള്‍ പരിശോധന നടത്താനും ഡോക്ടറെ കാണാനും മടിക്കരുത്. ഈ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് ഹൃദയാഘാതമോ പക്ഷാഘാതമോ വന്ന് മരണപ്പെടാനുള്ള സാധ്യത പല മടങ്ങ് വര്‍ധിപ്പിക്കും.
Content Summary: High cholesterol symptoms