ചോദ്യം: എന്റെ മകന് 4 ആഴ്ച പ്രായമായി. അവന്റെ മലം സാധാരണ കുഞ്ഞുങ്ങളുടേതു പോലെ മഞ്ഞ നിറത്തിൽ അല്ല കാണപ്പെടുന്നത്. ഏതാണ്ട് വിളറി വെളുത്ത ഇളം മഞ്ഞ നിറം മാത്രമേ ഉള്ളൂ. ഡോക്ടറെ കാണിച്ചപ്പോൾ രക്തപരിശോധനകളും സ്കാനിങ്ങും നിർദേശിച്ചു. അവന് ബിലിയറി അട്രീസിയ എന്ന രോഗം ആണെന്നും ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ െചയ്താൽ ഈ രോഗം പൂർണമായും സുഖപ്പെടുമോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
നമ്മുടെ ദഹനവ്യവസ്ഥയിൽ വളരെ പ്രധാന ധർമമുള്ള അവയവമാണ് കരൾ. കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസം നമ്മൾ കഴിക്കുന്ന ഭക്ഷണം, പ്രത്യേകിച്ചു കൊഴുപ്പ്, ദഹിപ്പിക്കുന്നതിന് അത്യാവശ്യമാണ്. പിത്തരസം ചെറിയ കുഴലുകളിലൂടെ കരളിൽ നിന്ന് ഒഴുകി, കരളിനു പുറത്തു വച്ച് ഒരു വലിയ പിത്തവാഹിനി കുഴലിൽ എത്തിച്ചേരുന്നു. തുടർന്ന് ഈ കുഴൽ നമ്മുെട ചെറുകുടലിന്റെ മുൻഭാഗത്തേക്കു പിത്തരസം വഹിച്ചുകൊണ്ടു പോകുന്നു. ചില കുഞ്ഞുങ്ങളിൽ ജന്മനാ തന്നെ ഈ കുഴലുകൾക്കു തടസ്സം കാണപ്പെടുന്നു. ഈ അവസ്ഥയാണ് ബിലിയറി അട്രീസിയ.
പൊതുവേ പിത്തരസം ആണ് മലത്തിനു മഞ്ഞനിറം നൽകുന്നത്. അതുകൊണ്ടു തന്നെ ഈ കുഞ്ഞുങ്ങൾക്കു മലത്തിനു മഞ്ഞനിറം കുറവായിരിക്കും. പകരം ദേഹത്ത് മഞ്ഞനിറം കൂടുതലായിരിക്കും. അതുപോലെ തന്നെ മൂത്രവും കടുത്ത മഞ്ഞനിറത്തിലോ തവിട്ടു നിറത്തിലോ ആയിരിക്കും. ഈ പ്രശ്നം വളരെ ചെറിയ പ്രായത്തിൽ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പിത്തവാഹിനി കുഴലിലെ തടസ്സം മാറ്റാനുള്ള ശസ്ത്രക്രിയ കുഞ്ഞിന് ആറ് ആഴ്ച പ്രായം തികയും മുൻപേ ചെയ്യുന്നതാണ് ഉചിതം. അല്ലാത്തപക്ഷം കരളിന്റെ പ്രവർത്തനം കാര്യമായി തകരാറിലാകുകയും കരൾമാറ്റ് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്യാം. ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങളെല്ലാം ദീർഘകാലം തുടർപരിശോധന നടത്തേണ്ടതുണ്ട്. ആദ്യ ശസ്ത്രക്രിയ വിജയകരമായാൽ പിന്നീടു വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.
Content Summary : What age does biliary atresia start? - Dr. M.P. Shabeer Explains