മാറുന്ന കാലാവസ്ഥയോടും താപനിലയോടും വായു മര്‍ദത്തോടുമെല്ലാം നമ്മുടെ ശരീരം പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുക്കാറുണ്ട്. ഈ മാറ്റത്തിന്‍റെ കാലയളവില്‍ പലര്‍ക്കും പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും വരാം. പ്രതിരോധശേഷി കുറഞ്ഞവരുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കാലാവസ്ഥ മാറ്റം മൂലമുള്ള രോഗങ്ങളെയും അണുബാധകളെയും നേരിടാന്‍ ശരീരത്തെ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അത്തരത്തിലുളള ആറ് വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷനും ന്യൂട്രീഷനിസ്റ്റുമായ ലവ്നീത് ബത്ര.
1. മുളപ്പിച്ച പയര്‍

ചെറുപയറും വന്‍പയറും അടക്കമുള്ള പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഗുണം അധികരിപ്പിക്കും. ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, വൈറ്റമിന്‍ കെ, വര്‍ധിച്ച അളവിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളെയും അണുക്കളെയും അകറ്റി നിര്‍ത്തും.
2. വൈറ്റമിന്‍ സി ചേര്‍ന്ന പഴങ്ങളും പച്ചക്കറികളും

നമ്മുടെ ശരീരത്തില്‍ വൈറ്റമിന്‍ സി ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതിനാല്‍ ഓറഞ്ച്, നെല്ലിക്ക, കാപ്സിക്കം, തക്കാളി, മുന്തിരി തുടങ്ങിയ പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും വൈറ്റമിന്‍ സി തോത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. വൈറ്റമിൻ സി പ്രതിരോധ ശേഷിക്ക് അത്യാവശ്യമാണ്.
3. യോഗര്‍ട്ട്

പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ടിലെ ഉപകാരമുള്ള ബാക്ടീരിയകളും പ്രതിരോധസംവിധാനത്തെ ബലപ്പെടുത്തും. ഇതും രോഗമുക്തമായ ജീവിതത്തിന് സഹായകമാണ്.
4. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന രാസചേരുവയ്ക്ക് ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് അണുക്കളെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്തും.
5. പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള ഫൈബറും പപ്പെയ്ന്‍ എന്ന എന്‍സൈമും ദഹനത്തെ മെച്ചപ്പെടുത്തും. നല്ല ദഹനവ്യവസ്ഥ നല്ല പ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമാണ്. പപ്പായയിലെ വൈറ്റമിന്‍ സിയും പ്രതിരോധസംവിധാനത്തെ സഹായിക്കും.
6. മുരിങ്ങക്ക

വൈറ്റമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ചേര്‍ന്ന മുരിങ്ങക്കയില്‍ തിയാമൈന്‍, റൈബോഫ്ലേവിന്‍, നിയാസിന്‍, ബി12 പോലുള്ള വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിന്‍ ബി12 ദഹനസംവിധാനത്തെ കാര്യക്ഷമമാക്കുന്നു. ഇത് മെച്ചപ്പെട്ട പ്രതിരോധശേഷിയിലേക്കും നയിക്കും.
Content Summary: Infection preventing tips