ADVERTISEMENT

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഏറെയാണ്. ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. 

വേനല്‍ക്കാല ഭക്ഷണം മറ്റു കാലാവസ്ഥയിലെ ഭക്ഷണവുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം 2 1/2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 

 

വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും  പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മരോഗങ്ങളില്‍ നിന്നും വൈറ്റമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്‌മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. വൈറ്റമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ തടഞ്ഞുനിര്‍ത്തും. സൂര്യപ്രകാശം കൊണ്ട് ചര്‍മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും. 

 

ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിതോപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം. വേനലില്‍ ഊര്‍ജസ്വലരായി തിളങ്ങാന്‍ ഉന്‍മേഷം ലഭിക്കുന്ന ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു. ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം. 

 

വേനല്‍ക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ദിവസം രണ്ട് നേരം കുളിക്കുന്നത് നിര്‍ബന്ധമാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കി യോഗയും വ്യായാമവും ശീലമാക്കി ചൂടുകാലം ആരോഗ്യപ്രദമാക്കാം.

Content Summary: Summer Diet and Health Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT