ADVERTISEMENT

നമ്മുടെ ശരീരത്തെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും മുഖ്യമായതും ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമായ ഒന്നാണ് പ്രമേഹം. നമ്മുടെ ശരീരം ഭക്ഷണത്തെ വിഘടിപ്പിച്ച് ഊര്‍ജമാക്കി മാറ്റുന്ന ചയാപചയ പ്രക്രിയയെ തന്നെ പ്രമേഹം ബാധിക്കും. ഹൃദ്രോഗം, കാഴ്ച നഷ്ടം, വൃക്ക രോഗം പോലുള്ള രോഗസങ്കീര്‍ണതകളിലേക്കും പ്രമേഹം നയിക്കാം. 

 

ജനിതകപരമായ പ്രശ്‌നങ്ങളാല്‍ ജന്മാ വരുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ടൈപ്പ് 1 പ്രമേഹം, ജീവിതശൈലി പ്രശ്‌നങ്ങള്‍ മൂലം പിന്നീട് ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ജെസ്റ്റേഷണല്‍ ഡയബറ്റീസ് എന്നിങ്ങനെ പ്രമേഹം പല തരത്തിലുണ്ട്. ഏത് തരം പ്രമേഹം ബാധിച്ചവരാണെങ്കിലും രോഗസങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണക്രമത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതും ചിലത് പരിമിതമായ തോതില്‍ മാത്രം കഴിക്കേണ്ടതുമാണ്. 

 

ഇനി പറയുന്ന ഭക്ഷണപാനീയങ്ങള്‍ പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

 

1. മധുരം

മധുരമെന്ന് പറയുമ്പോള്‍ ചായയില്‍ നാം ചേര്‍ത്ത് കഴിക്കാറുള്ള വൈറ്റ് ഷുഗര്‍ മാത്രമല്ല വിവക്ഷ. ബ്രൗണ്‍ ഷുഗര്‍, ശര്‍ക്കര, തേന്‍, കോണ്‍ സിറപ്പ്, ഫ്രൂട്ട് സിറപ്പ് പോലുള്ള കൃത്രിമ പഞ്ചസാര എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള മധുരവും പരമാവധി കുറയ്‌ക്കേണ്ടതും പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടതുമാണ്. 

 

2. സംസ്‌കരിച്ച ഭക്ഷണം

ചീസ്, ചിപ്‌സ്, സോസേജ്, റെഡി ടു കുക്ക് മീലുകള്‍ എന്നിങ്ങനെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അമിതമായ പഞ്ചസാരയും സോഡിയവും മോണോസോഡിയം ഗ്ലൂട്ടാമൈറ്റ് പോലുള്ള കൃത്രിമ ചേരുവകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ ഇവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. 

 

3. ട്രാന്‍സ്ഫാറ്റ്

ബേക്ക് ചെയ്തതും വറുത്തതും പൊരിച്ചതുമായ പല ഭക്ഷണങ്ങളിലും ട്രാന്‍സ് ഫാറ്റ് ചേര്‍ന്നിരിക്കുന്നു. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുകയും ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യും. പ്രമേഹത്തിന് പുറമേ അമിതവണ്ണം, ചയാപചയ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം എന്നിവയ്ക്കും ഇത് കാരണമാകും. 

 

4. റിഫൈന്‍ ചെയ്ത ഭക്ഷണം

റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍, മൈദ, വൈറ്റ് റൈസ്, ബസ്മതി അരി പോലുള്ള പോളിഷ് ചെയ്ത ധാന്യങ്ങള്‍ എന്നിവയെല്ലാം അമിതമായ പഞ്ചസാര ശരീരത്തില്‍ എത്തിക്കുന്നു. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള പാന്‍ക്രിയാസിന്റെ ശേഷിയെയും ഇവ ബാധിക്കും. ഇതിനാല്‍ റിഫൈന്‍ ചെയ്ത ഭക്ഷണവിഭവങ്ങളും ഒഴിവാക്കേണ്ടതാണ്. 

 

5. മദ്യം

മദ്യത്തിന്റെ കാര്യത്തില്‍ കുറച്ച് കുടിച്ചാല്‍ നല്ലത്, അമിതമായാല്‍ മോശം എന്നതാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാല്‍ ഏതളവിലും മദ്യം മനുഷ്യന് ഹാനികരമായ പാനീയമാണെന്ന് പുതിയ പഠനങ്ങള്‍ പലതും തെളിയിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് മദ്യം പൂര്‍ണമായും ഒഴിവാക്കേണ്ട ഒന്നാണ്.

Content Summary: 5 Foods and Drinks to Avoid with Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com