ADVERTISEMENT

അമിതഭാരം കുറയ്ക്കാന്‍ ഡയറ്റും വര്‍ക്ക്ഔട്ടുമൊക്കെ പരീക്ഷിക്കുന്നവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വെയ്റ്റ് ലോസ് പ്ലാറ്റോ(Weight Loss Plateau).സംഗതി ലളിതമാണ്. ഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ച് ആദ്യത്തെ ഏതാനും ആഴ്ചകളില്‍ വളരെ വേഗത്തില്‍ ഭാരം കുറയുന്നതായി കാണാം. എന്നാല്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഭാരം കുറയലിന്‍റെ ഈ വേഗം മന്ദീഭവിക്കുന്നതായും അതിലും താഴേക്ക് ഭാരം കുറയാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെടും. ഈ ഘട്ടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുറഞ്ഞ ഭാരം അതിവേഗത്തില്‍ തിരിച്ചു വന്നെന്നും ഇരിക്കാം. ഭാരം കുറയ്ക്കലിന്‍റെ ഈ ഘട്ടത്തെയാണ് വെയ്റ്റ് ലോസ് പ്ലാറ്റോ എന്ന് പറയുന്നത്. 

 

ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്തു തുടങ്ങുമ്പോൾ  ശരീരത്തിന് അത് വരെ ലഭിച്ചിരുന്ന കാലറികള്‍ കുത്തനെ കുറയും. സ്വാഭാവികമായും ശേഖരിച്ചു വച്ചിരിക്കുന്ന ഊര്‍ജം ഗ്ലൈക്കജന്‍ കത്തിച്ചു കൊണ്ട് ശരീരം ചെലവാക്കും. ഈ പ്രക്രിയയുടെ ഒപ്പം ശരീരത്തിലെ ജലാംശവും കൊഴുപ്പും കുറയും. ഇതാണ് ദ്രുതഗതിയിലുള്ള ഭാരം കുറയലിന് ആദ്യ ഘട്ടങ്ങളില്‍ കാരണമാകുന്നത്. 

 

‌എന്നാല്‍ ഈ ഘട്ടത്തില്‍ അല്‍പം പേശികളുടെ മാസും നമുക്ക് നഷ്ടമാകാം. നാം കാലറി കത്തിക്കുന്നതിന്‍റെ നിരക്കും പേശികളുമായും ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പിനൊപ്പം പേശികളും നഷ്ടമാകുമ്പോൾ  ചയാപചയ പ്രക്രിയയുടെ വേഗം കുറയുകയും കാലറി കത്തുന്നതിന്‍റെ വേഗത്തെ ഇത് ബാധിക്കുകയും ചെയ്യുന്നു. നാം കത്തിച്ചു കളയുന്ന കാലറികളും കഴിക്കുന്ന കാലറിയും ഏതാണ്ട് ഒരേ തോതില്‍ എത്തുന്നതിനാലാണ് വെയ്റ്റ് ലോസ് പ്ലാറ്റോ സംഭവിക്കുന്നത്. ഇതോടെ ഭാരം അതിന് മേല്‍ കുറയാതെയാകും. 

 

എന്നാല്‍ ഈ ഒരു ഘട്ടത്തില്‍ മനസ്സ് മടുത്ത്  ഭാരം കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കരുത്. വെയ്റ്റ് ലോസ് പ്ലാറ്റോയെ മറികടക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. 

1. കൂടുതല്‍ കാലറികള്‍ ഭക്ഷണത്തില്‍ നിന്ന് കുറയ്ക്കുക

 

2. വര്‍ക്ക് ഔട്ടില്‍ കൂടുതല്‍ അധ്വാനം ഇടാം. കാര്‍ഡിയോ വ്യായാമത്തിന്‍റെ സമയം വര്‍ധിപ്പിക്കാം

 

3. പകല്‍ സമയത്ത് സജീവമായി ഇരിക്കാം

 

4. കഴിക്കുന്ന സാധനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുക. ഭാരം കുറയ്ക്കാനുള്ള യാത്രയെ അട്ടിമറിക്കുന്നതും വീണ്ടും ഭാരം വര്‍ധിപ്പിക്കുന്നതുമായ വിഭവങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക

 

5. ഭാരം കുറയ്ക്കാന്‍ പറ്റിയില്ലെങ്കിലും വീണ്ടും കൂടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. കാരണം ഈ ഒരു ഘട്ടത്തിലാണ് പലര്‍ക്കും കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോകുന്നത്. 

 

ഡയറ്റീഷ്യന്‍റെയും ഫിറ്റ്നസ് ട്രെയ്നറുടെയും ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടുന്നത് ആരോഗ്യകരമായ രീതിയുള്ള ഭാരനിയന്ത്രണത്തില്‍ സഹായിക്കും. പല വിധ രോഗങ്ങളുള്ളവര്‍ ഇത്തരം ഡയറ്റും വര്‍ക്ക്ഔട്ടും ആരംഭിക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടാന്‍ മറക്കരുത്.

Content Summary: What Causes The Human Body To Slow Down Weight Loss?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com