ADVERTISEMENT

ആലപ്പുഴയുടെ ഹൃദയമാണ് സൈക്കിൾ. ഹൃദയാരോഗ്യത്തിനു സൈക്കിൾ ചവിട്ടണമെന്നു  ഡോക്ടർമാർ നിർദേശിക്കുന്നതിനും എത്രയോ മുൻപേ ജില്ല  നെഞ്ചോടു ചേർത്തുവച്ചതാണ് ഈ ഇരുചക്ര വാഹനത്തെ. കയറ്റിറക്കങ്ങളില്ലാത്ത ആലപ്പുഴയുടെ വഴികളിൽ ബെൽ മുഴക്കി നിലയ്ക്കാതെ ഓടുകയാണു സൈക്കിൾ;  ജില്ലയുടെ ഹൃദയമിടിപ്പു പോലെ  ആദ്യം സൈക്കിൾ വാങ്ങിച്ചതും ചവിട്ടിയതും നിർമിച്ചതുമൊക്കെ ആലപ്പുഴക്കാരാണെന്നാണ് ചരിത്രം. കേരളത്തിൽ ഏറ്റവുമധികം സൈക്കിൾ വിറ്റഴിയുന്നത് ഇപ്പോഴും ആലപ്പുഴയിൽ തന്നെ. 

 

ഇവിടെയല്ലെങ്കിൽ പിന്നെവിടെ

സൈക്കിൾ സവാരിക്ക് ഏറ്റവും യോജിച്ച പട്ടണമാണ് ആലപ്പുഴ. ചെറിയ വിസ്തൃതിയുള്ള നഗരമാണെന്നതു തന്നെ കാരണം. വേമ്പനാട്ടു കായൽ മുതൽ അറബിക്കടൽ വരെ നീണ്ടു കിടക്കുന്ന പട്ടണത്തിന്റെ വീതി വെറും നാലു കിലോമീറ്ററിൽ താഴെ. കയറ്റിറക്കളില്ലാത്ത നിരപ്പായ പ്രതലവും സൈക്കിളിന് അനുയോജ്യം. രണ്ടു കനാലുകൾ ചേരുന്നിടത്തു മാത്രമാണു ചെറിയൊരു  കയറ്റം  നിരപ്പായ നേർ റോഡുകൾ. ഇടയ്ക്കിടെ നാൽകവലകൾ. വളവ് 90 ഡിഗ്രിയിൽ മാത്രം. കാഴ്ചയെ തടസ്സപ്പെടുത്തുന്ന ദീർഘ വൃത്താകൃതിയിലോ അർധ വൃത്താകൃതിയിലോ ഉള്ള വളവുകൾ വളരെ കുറവാണ്. സൈക്കിൾ സഞ്ചാരത്തിന് ഇതിലും പറ്റിയൊരു വഴിയില്ല. 

 

ആരോഗ്യം, സൗന്ദര്യം, സന്തോഷം 

ശരീരത്തിനു മുഴുവനും പ്രയോജനം ലഭിക്കുന്ന വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയും. ഹൃദയം, കാലിന്റെ മസിലുകൾ, വയർ, അരക്കെട്ട് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും. വേഗതയും ചവിട്ടുന്ന ആളുടെ ഭാരവും അനുസരിച്ച്,  ഒരു മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കാലറി വരെ എരിച്ചു കളയാൻ സഹായിക്കും. 60 കിലോഗ്രാമുള്ള ഒരാൾ ഒരു മണിക്കൂർ നടന്നാൽ ഏകദേശം 200 കാലറിയേ കുറയൂ. ഹൃദയം പൊന്നുപോലെ സൂക്ഷിക്കാൻ ഇതിലും പറ്റിയ വ്യായാമമില്ല. ഹാപ്പി ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഒഴിവാകും, രക്തയോട്ടം കൂടുമ്പോൾ ചർമത്തിനു തിളക്കവും യുവത്വവും ഉറപ്പ്. 

 

വിലക്കയറ്റത്തിന് ഒറ്റച്ചവിട്ട് 

പെട്രോൾ, ഡീസൽ വില കൂടുമ്പോൾ പോക്കറ്റ് കീറാതിരിക്കാൻ സൈക്കിൾ പോലെ നല്ല മറുമരുന്നില്ല. 50 പൈസയുടെ കാറ്റടിച്ചാൽ 50 കിലോമീറ്റർ താണ്ടാമെന്നത് സൈക്കിളുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കമുള്ള ചൊല്ലാണ്. എല്ലാം വേഗത്തിലായ ഇക്കാലത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ സൈക്കിളിൽ പറക്കാം. ഒരു ബൈക്ക് വാങ്ങുന്നതിന്റെ നാലിലൊന്നു വിലയ്ക്ക് ഉശിരൻ സ്‌പോർട്‌സ് സൈക്കിൾ വാങ്ങിയാൽ വേഗം ഒട്ടും കുറയ്ക്കേണ്ട, ജിമ്മിൽ കൊടുക്കുന്ന കാശും ലാഭിക്കാം. 

 

നാടിനുമുണ്ട് ഗുണം 

യാത്രക്കാർ സൈക്കിളിനെ സ്നേഹിച്ചാൽ നാടിനുമുണ്ട് ഗുണം;  വായുമലിനീകരണമില്ല. ഗതാഗതക്കുരുക്കും കുറയും. ചെറിയ റോഡിൽ 2 കാർ വന്നാൽ കുരുക്കായി. എന്നാൽ 10 സൈക്കിളുകൾക്കു കടന്നുപോകാം. പാർക്കിങ്ങിനും കുറച്ചു സ്ഥലം മതി. ഇന്ധന ഉപയോഗവും കുറയും.

 

ആലപ്പുഴയുടെ സൈക്കിൾ ചരിത്രം 

കേരളത്തിലെ ആദ്യസൈക്കിൾ ഓടിയതും നിർമിച്ചതുമെല്ലാം ആലപ്പുഴയിലാണ്. മലയാളികൾ നടന്നും കാളവണ്ടിയിലും കുതിരപ്പുറത്തും മാത്രം സഞ്ചരിച്ചിരുന്ന കാലത്തു വിദേശത്ത് നിന്നു ആദ്യമായി സൈക്കിൾ ഇറക്കുമതി ചെയ്തത് കേരള പാണിനി എ.ആർ. രാജരാജവർമ. മാവേലിക്കര ശാരദാമന്ദിരത്തിൽ നിന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠിപ്പിക്കാനായിരുന്നു ഈ സൈക്കിൾ യാത്ര. ആലപ്പുഴ നഗരത്തിൽ വഴിച്ചേരിക്കുസമീപം ആലപ്പി സൈക്കിൾസ് സഹകരണ സംഘം എന്ന സ്‌ഥാപനമാണ് കേരള സൈക്കിൾസ് എന്ന ബ്രാൻഡിൽ കേരളത്തിൽ ആദ്യമായി സൈക്കിൾ ഇറക്കിയത്. ഇതിനെല്ലാമപ്പുറം വെളളവും പാടവുമൊക്കെ നിറഞ്ഞ ഭൂമിശാസ്‌ത്രവും ആലപ്പുഴയുടെ സൈക്കിൾ പ്രേമത്തിനു കാരണമായിട്ടുണ്ടാവാം. വഴിയുളളിടത്ത് ചവിട്ടാനും വഴിയിയില്ലാത്തിടത്ത് എടുത്തുകൊണ്ടു പോകാനും പറ്റുന്ന വേറൊരു വാഹനമുണ്ടോ?

Content Summary: Bicycle Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com