ഇന്ന് മിക്കവാറും എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒന്നാണ് പച്ചക്കറികള്‍ അരിയുന്നതിനുള്ള ചോപ്പിങ് ബോര്‍ഡുകള്‍. പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ചോപ്പിങ് ബോര്‍ഡ് ഉപയോഗിച്ച് പച്ചക്കറി അരിയുമ്പോൾ ഹാനികരമായ ചില മൈക്രോപ്ലാസ്റ്റിക്കുകളും സൂക്ഷ്മ കണങ്ങളും ഭക്ഷണത്തില്‍ കലരുമെന്ന് നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഈ കണങ്ങൾ ശരീരത്തിനുള്ളിലെത്തുന്നത് നീര്‍ക്കെട്ട്, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കോശങ്ങള്‍ക്ക് നാശം, അലര്‍ജിക് പ്രതികരണങ്ങള്‍, പ്രത്യുത്പാദനശേഷിക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
കാരറ്റ് പോലുള്ള പച്ചക്കറികള്‍ ചോപ്പിങ് ബോര്‍ഡില്‍ വച്ച് അരിയുമ്പോൾ ദശലക്ഷക്കണക്കിന് സൂക്ഷ്മ കണങ്ങളാണ് ഓരോ വര്‍ഷവും അതില്‍ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചില പ്ലാസ്റ്റിക് ചോപ്പിങ് ബോര്‍ഡുകള്‍ പോളിപ്രൊപ്പിലൈന്‍, പോളിഎഥിലൈന്‍ തുടങ്ങിയ നാനോ വലുപ്പത്തിലുള്ള കണങ്ങള്‍ പുറത്ത് വിടാമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കത്തി ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന സമയത്താണ് ഈ കണങ്ങള്‍ പുറത്ത് വന്ന് പച്ചക്കറിയുമായി കലരുന്നത്.
ചോപ്പിങ് ബോര്‍ഡുകള്‍ 14 മുതല്‍ 71 ദശലക്ഷം പോളിഎഥിലൈന്‍ മൈക്രോ പ്ലാസ്റ്റിക്കുകളും 79 ദശലക്ഷം പോളിപ്രൊപ്പിലൈന്‍ മൈക്രോപ്ലാസ്റ്റിക്കുകളും ഓരോ വര്‍ഷവും ഉണ്ടാക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
Content Summary: Chopping boards could be making you sick