കുഞ്ഞുങ്ങൾ എന്തെങ്കിലും സാധനങ്ങൾ വിഴുങ്ങിയാൽ എങ്ങനെ തിരിച്ചറിയാം? പ്രഥമശുശ്രൂഷയിൽ അറിയേണ്ടത്

choking
Photo Credit: IgorTsarev/ Istockphoto
SHARE

എന്തു കിട്ടിയാലും വായിലിടുന്ന സ്വഭാവമുള്ള കൊച്ചുകുഞ്ഞുങ്ങളുള്ള വീടുകളിൽ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന അപകടങ്ങളുടെ ഭീഷണി എപ്പോഴും മുന്നിലുണ്ട്. ശരിയായ രീതിയിലല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ അതുമാത്രം മതി.

സാധനങ്ങൾ വിഴുങ്ങിയാൽ

കുഞ്ഞുങ്ങൾ എന്തെങ്കിലും സാധനങ്ങൾ വിഴുങ്ങി അവ തൊണ്ടയിൽ / ശ്വാസനാളത്തിൽ കുടുങ്ങിയാൽ ഉടൻതന്നെ ശ്വാസംമുട്ട് അനുഭവപ്പെടും. സംസാരിക്കാനാകില്ല. ശ്വാസനാളം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ ബോധം നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി. എത്രയും വേഗം ചികിത്സ തേടണം.

ചുണ്ടത്തു നീല നിറം കാണുന്നത് അപകടസൂചനയാണ്. സംഭവം തിരിച്ചറിഞ്ഞ ഉടൻ കുട്ടിയെ മടിയിൽ കമഴ്ത്തിക്കിടത്തി കൈവെള്ള കൊണ്ട് പുറത്തു ശക്തിയായി തട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ തൊണ്ടയിൽ കുരുങ്ങിയ വസ്തു വായിൽകൂടി പുറത്തേക്കു വരാൻ ഇടയുണ്ട്. വിഴുങ്ങുന്ന ഖരവസ്‍തുക്കൾ അന്നനാളത്തിലാണു കുടുങ്ങുന്നതെങ്കിൽ വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെങ്കിലും ശ്വാസതടസ്സം ഉണ്ടാകില്ല. കുഞ്ഞിനു സംസാരിക്കാനും കഴിയും. അതിനാൽ ചികിത്സ നൽകാൻ അൽപം സാവകാശം കിട്ടും. ഇഴഞ്ഞു നടക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളുള്ള വീടുകളിൽ നാണയങ്ങൾ, വാച്ച് ബാറ്ററികൾ, ആണികൾ, ഗുളികകൾ മുതലായവ അവർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത രീതിയിൽ സൂക്ഷിക്കണം. വിഴുങ്ങിയെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിലെത്തിക്കുക. ബട്ടൻ ബാറ്ററി വയറിനുള്ളിലെത്തുന്നതു ജീവഹാനിക്കു വരെ കാരണമാകും. 

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാൽ

കുഞ്ഞുങ്ങൾക്കു പാൽ കുടിക്കാൻ കഴിയുന്നില്ലെന്നും ശ്വാസംമുട്ട് അനുഭവപ്പെടുന്നെന്നും തോന്നുന്നുവെങ്കിൽ നെഞ്ചിൽനിന്നു മാറ്റണം. കുഞ്ഞിനെ തലകീഴായി വച്ചു നെ‍ഞ്ചിനു പിന്നിൽ പെട്ടെന്ന് കൈവെള്ള ഉപയോഗിച്ചു ശക്തിയോടെ തട്ടുക. തടസ്സം നീങ്ങി കുഞ്ഞ് കരയാനോ ശ്വസിക്കാനോ തുടങ്ങുന്നതുവരെ ഇങ്ങനെ ചെയ്യണം.

മുലപ്പാൽ കുടിക്കുമ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കുറവാണ്. അതേസമയം, കുപ്പിപ്പാലാണെങ്കിൽ സാധ്യത കൂടുതലും. മുലപ്പാൽ നൽകുമ്പോൾ അമ്മ നല്ല ശ്രദ്ധയോടെയിരിക്കണം. കുഞ്ഞിനെ ഉണർത്തിയ ശേഷമേ പാൽ നൽകാവൂ. കുപ്പിപ്പാൽ നൽകുന്നതു കഴിവതും ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. 

മുറിയുടെ പൂട്ട് വീണാൽ

കുട്ടികൾ മുറിക്കുള്ളിൽ കയറി പൂട്ടുന്നതു പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ സമചിത്തതയോടെയുള്ള ഇടപെടലാണ് ആവശ്യം. പൂട്ടിട്ട കുട്ടിക്കുതന്നെ അതു തുറക്കാനും കഴിയുമെന്നോർക്കണം. ഒട്ടും പരിഭ്രമിക്കാതെ സാധാരണ രീതിയിൽ കുഞ്ഞിനോടു സംസാരിക്കുക. പൂട്ടു തുറക്കാനുള്ള വഴികൾ അവർക്കു പറഞ്ഞുകൊടുക്കുക. കുഞ്ഞുങ്ങൾക്കു പരിഭ്രമം ഉണ്ടാകാമെങ്കിലും നമ്മൾ പതിവുരീതിയിൽ സംസാരിക്കുമ്പോൾ കുഞ്ഞുങ്ങൾ സാധാരണനില കൈവരിക്കുകയും പൂട്ട് തുറക്കാൻ ശ്രമിക്കുകയും ചെയ്യും. പരിഭ്രമിച്ചു സാഹസങ്ങൾക്കു മുതിരാതെ ഒരു പ്രഫഷനലിനെ ഉപയോഗിച്ചു പുറത്തുനിന്നു പൂട്ടു തുറക്കുക. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ അത്തരം സാഹചര്യം ഉണ്ടാകാനിടയുണ്ടോ എന്ന് മുൻകൂട്ടി പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുക.

വിവരങ്ങൾ: 

ഡോ. രാജീവ് ജയദേവൻ, ഐഎംഎ ശാസ്ത്ര സമിതി ഉപദേഷ്ടാവ്

ഡോ. സച്ചിദാനന്ദ കമ്മത്ത്, ശിശുരോഗ വിദഗ്ധൻ

അവലംബം: സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ പ്രഥമശുശ്രൂഷാ നൈപുണ്യങ്ങൾ ഹാൻഡ് ബുക്

Content Summary: Protecting Your Little Ones: The Dangers of Swallowing Objects and How to Prevent Accidents

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS