സ്‌ത്രീകളുടേതിന് സമാനമായ വലുപ്പം പുരുഷന്മാരുടെ സ്‌തനങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥയാണ് ഗൈനക്കോമാസ്‌റ്റിയ. ഏത് പ്രായത്തിലുമുള്ള പുരുഷന്മാര്‍ക്കും ഗൈനക്കോമാസ്‌റ്റിയ ഉണ്ടാകാം. ഒരു സ്‌തനത്തിനോ ഇരു സ്‌തനങ്ങള്‍ക്കോ വലുപ്പം വര്‍ധിക്കാറുണ്ട്. പലപ്പോഴും ഈസ്‌ട്രജന്‍, ടെസ്‌റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് ഗൈനക്കോമാസ്‌റ്റിയയിലേക്ക് നയിക്കാറുള്ളത്.
ശാരീരിക അസ്വസ്ഥതയും സാമൂഹികമായ പരിഹാസങ്ങള്‍ മൂലമുള്ള മാനസിക വൈഷമ്യങ്ങളും ഇത് മൂലം ഉണ്ടാകാമെങ്കിലും ഗൈനക്കോമാസ്‌റ്റിയ ഗൗരവമായ ഒരു ആരോഗ്യ പ്രശ്‌നമല്ലെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഹൈദരാബാദ് യശോദ ഹോസ്‌പിറ്റല്‍സിലെ ഒബ്‌സ്റ്റെട്രിക്‌സ് കണ്‍സൽറ്റന്റ് ഡോ. അനുഷ റാവു പറയുന്നു.
ചിലതരം മരുന്നുകളുടെ ഉപയോഗം, രോഗാവസ്ഥകള്‍, ഹോര്‍മോണല്‍ അസന്തുലനം എന്നിവ മൂലം പുരുഷന്മാരുടെ സ്‌തനത്തില്‍ അമിതമായി ഗ്ലാന്‍ഡുലാര്‍ കോശങ്ങള്‍ വളരുന്നതാണ് ഗൈനക്കോമാസ്‌റ്റിയയിലേക്ക് നയിക്കുന്നത്. അമിതവണ്ണമുള്ള പുരുഷന്മാരില്‍ കൊഴുപ്പ് അടിയുന്നതു മൂലം സ്‌തനങ്ങള്‍ വലുപ്പം വയ്‌ക്കുന്നതിനെ സ്യൂഡോ ഗൈനക്കോമാസ്‌റ്റിയ എന്ന് വിളിക്കുന്നു.
ഫിസിയോളജിക്കല്‍, പാത്തോളജിക്കല്‍, ഡ്രഗ് ഇന്‍ഡ്യൂസ്‌ഡ് എന്നിങ്ങനെ ഗൈനക്കോമാസ്‌റ്റിയയെ മൂന്ന് വിഭാഗങ്ങളായി തിരിക്കാമെന്നും ഡോ. റാവു ചൂണ്ടിക്കാട്ടി. കുട്ടിക്കാലം, കൗമാരം, വാര്‍ധക്യം എന്നിങ്ങനെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ താത്‌ക്കാലികമായി വരുന്നതാണ് ഫിസിയോളജിക്കല്‍ ഗൈനക്കോമാസ്‌റ്റിയ. ഹോര്‍മോണല്‍ അസന്തുലനം, കരള്‍, വൃക്ക രോഗങ്ങള്‍, മുഴകള്‍ എന്നിവ മൂലം വരുന്നതാണ് പാത്തോളജിക്കല്‍ ഗൈനക്കോമാസ്‌റ്റിയ.
ആന്റി ആന്‍ഡ്രോജനുകള്‍, കീറ്റോകോണസോള്‍, മെട്രോനിഡാസോള്‍ പോലുള്ള ആന്റി ബയോട്ടിക്കുകള്‍, ചിലതരം ആന്റിറിട്രോവൈറല്‍ തെറാപ്പികള്‍, സിമെറ്റൈഡിന്‍, റാനിറ്റൈഡിന്‍, ഒമെപ്രാസോള്‍ തുടങ്ങിയ ആന്റി അള്‍സര്‍ മരുന്നുകള്‍, ചില ഗ്രോത്ത് ഹോര്‍മോണുകള്‍, അനബോളിക് സ്‌റ്റിറോയ്‌ഡുകള്‍ എന്നിവയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ് ഡ്രഗ് ഇന്‍ഡ്യൂസ്‌ഡ് ഗൈനക്കോമാസ്‌റ്റിയ.
മുതിര്‍ന്നവരില്‍ ഗൈനക്കോമാസ്‌റ്റിയ വേദനയ്‌ക്ക് കാരണമാകാറില്ലെങ്കിലും കൗമാരക്കാരില്‍ ചിലപ്പോള്‍ വേദനാജനകമായ സ്ഥിതിവിശേഷം ഇതു മൂലം ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി ചികിത്സിച്ച് കഴിഞ്ഞാല്‍ ഈയവസ്ഥ പരിഹരിക്കാന്‍ സാധിക്കും. ചിലര്‍ക്ക് ശസ്‌ത്രക്രിയയും വേണ്ടി വന്നേക്കാം.
രോഗിയുടെ രോഗചരിത്രം, ശാരീരിക പരിശോധന, ഹോര്‍മോണ്‍ ലെവല്‍ ടെസ്‌റ്റ്, അള്‍ട്രാസൗണ്ട്, മാമോഗ്രാഫി എന്നിവയിലൂടെ ഗൈനക്കോമാസ്‌റ്റിയയുടെ കാരണം കണ്ടെത്താവുന്നതാണെന്നും ഡോ. റാവു ചൂണ്ടിക്കാട്ടി. മരുന്നുകള്‍ മൂലമുള്ള ഗൈനക്കോമാസ്‌റ്റിയ മരുന്നുകളുടെ ഉപയോഗത്തിലുള്ള മാറ്റത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും. എല്ലാ രോഗികള്‍ക്കും ചികിത്സ വേണ്ടി വരില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: The condition of gynaecomastia that affects men