ഭക്ഷണം കഴിച്ചയുടനെയുള്ള ഈ ശീലങ്ങൾ ഒഴിവാക്കാം

food
Photo Credit: Doucefleur/ Istockphoto
SHARE

ഭക്ഷണം നന്നായി ആസ്വദിച്ച് വയർ നിറയെ കഴിച്ചശേഷം പലപ്പോഴും നമ്മളിൽ പലരും എന്താവും ചെയ്യുക? കുറച്ചു സമയം കിടക്കുന്നവരുണ്ട്. ഒരു കപ്പ് കാപ്പി കുടിക്കുന്നവരുണ്ട് അല്ലേ. പലപ്പോഴും ഭക്ഷണശേഷമുള്ള ശീലങ്ങൾ ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കും. എന്തൊക്കെ ശീലങ്ങളാണ് ആരോഗ്യത്തിന് ഹാനികരമാകുന്നതെന്നു നോക്കാം. 

∙ഭക്ഷണശേഷം കഠിനവ്യായാമങ്ങളിൽ ഏർപ്പെടുക
ഇത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താൽ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്‍ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഈ സമയം കൊണ്ട് നിങ്ങൾ കഴിച്ച ഭക്ഷണം വിഘടിച്ച് പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്ന തിരക്കില്‍ ആകും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്ന ശേഷം മാത്രം ജിമ്മിൽ പോകുകയോ കഠിനപ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുക.

∙വെള്ളം ധാരാളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്നാൽ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധ വേണം. ഭക്ഷണം കഴിച്ച ഉടനെ കൂടുതൽ അളവിൽ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ എല്ലാം നേർപ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുന്നവയാണ് ഉദരത്തിലെ ആസിഡുകൾ. 

ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുറച്ചു വീതം കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ദോഷം ചെയ്യില്ല. ഇത് ദഹനത്തിനു സഹായിക്കും. ഭക്ഷണം കഴിച്ച് ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക. 

∙കിടക്കുക
ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് ഇവയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ നിവർന്നിരിക്കുന്നതാണ് നല്ലത്. നിവർന്നിരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് ഭക്ഷണത്തെ അന്നനാളത്തിലൂടെ ചലിപ്പിക്കാനും ഉദരത്തിലെ ആസിഡുകൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകാതിരിക്കാനും നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാതിരിക്കാനും സഹായിക്കും. ഭക്ഷണശേഷം ചാരിയിരിക്കുകയോ നിവർന്നിരിക്കുകയോ ചെയ്യുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കും. 

∙കാപ്പി കുടിക്കുക
കാപ്പിയിലും ചായയിലും എല്ലാം കഫീൻ ഉണ്ട്. ഇത് ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണത്തെ ബാധിക്കും, പ്രത്യേകിച്ച് ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും. അതുകൊണ്ട് ഭക്ഷണം കഴിച്ചയുടനെ കാപ്പിയും ചായയും കുടിക്കുന്നത് അത്ര നന്നല്ല. പകരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം ഇവ കുടിക്കാൻ ശ്രദ്ധിക്കുക. കാപ്പിയും ചായയും കുടിക്കാൻ വൈകുന്നത്ര ഭക്ഷണത്തിന്റെ ദഹനവും പോഷകങ്ങളുടെ ആഗിരണവും സാധ്യമാകും. 

∙പല്ലുകൾ വൃത്തിയാക്കാതിരിക്കുക
ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയിൽ ഭക്ഷണശകലങ്ങൾ പറ്റിയിരിക്കുന്നത് പല്ലുകളിൽ പോടുണ്ടാക്കാനും മോണരോഗങ്ങൾക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. ഇത് ഭക്ഷണാവശിഷ്ടങ്ങളെ നീക്കുകയും പ്ലേക്ക് ഉണ്ടാകാതെ തടയുകയും ചെയ്യും.

Content Summary: Common mistakes after meals

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS